KeralaNEWS

സവർണനും അവർണനും പിന്നെ  ഗവർണനും…മേഘനാഥ് ഞാലിൽ ഇടവലത്തിന്റെ ഫേസ്ബുക്ക് ട്രോൾ….

 

അയിത്താചരണത്തിൻ്റെ കാലത്ത് സമൂഹം രണ്ടായി വിഭജിക്കപ്പെട്ടിരുന്നു.സവർണൻ …. അവർണൻ.പേര് കേൾക്കുമ്പോൾ ചിലർ സംശയിക്കും. കറുത്ത ഒരു പാട് നമ്പൂതിരിമാരും ബ്രാഹ്മണരുമുണ്ടായിരുന്നല്ലോ ?

Signature-ad

സുമനസ്സുകളേ …. നിറം മാത്രമായിരുന്നില്ല. ജാതിയായിരുന്നു പ്രധാനം. പിന്നാക്ക സമുദായക്കാർ സവർണർക്ക് മുന്നിൽ ചെന്നു ചാടിയാൽ തീർന്നു. തമ്പ്രാക്കളും പുലയരും സഞ്ചരിക്കുമ്പോൾ ” പ്രത്യേക ശബ്ദം ” പുറപ്പെടുവിക്കും. നമ്മൾ ഹോണടിക്കുന്ന പോലെ. തമ്പ്രാൻ സ്കൂട്ടാവുന്ന ശബ്ദം കേട്ടാൽ പുലയർ
പൊന്തയിലൊളിക്കും .തീയർ കള്ളുചെത്തുന്ന അവസ്ഥയിൽ ഫ്രീസാവും. ശൂദ്രർ ( നായരാദി ശ്മശ്രുക്കൾ ) തീണ്ടാപ്പാടകലെ നിന്ന് തമ്പ്രാക്കളെ ദർശിച്ച് സായൂജ്യമടയും.

പക്ഷെ സൂര്യനസ്തമിച്ചു കഴിഞ്ഞാൽ oപ്പേന്ന് അയിത്തത്തിന് ഇളവു വരും .തമ്പ്രാൻ ചൂട്ടുമായി ഒളിസേവയ്ക്കിറങ്ങുകയായി. അദ്യേം
കൂരയുടെ ഓലപ്പൊക്കി ” നീലി നോം വന്നിരിക്കുണൂ , ഇങ്ങട് വര്വാ …. നോം ഒരൂട്ടം പറയട്ടെ ” എന്ന് വിജ്ഞാപനമിറക്കുമ്പോൾ , നീലിയുടെ
കണവൻ കോരൻ പിന്നിലെ ഓല പൊക്കി ഇരുട്ടിൽ വിലയം പ്രാപിക്കും.

കാലം കടന്നു പോയി ….അയിത്തം ഓർമയായെങ്കിലും ഉള്ളിൽ ജാതി-വർണ വെറി കനലായി കൊണ്ടു നടക്കുന്ന ഒരു പാട് പേർ നമ്മുടെ ഇടയിലുണ്ട്. അതു കൊണ്ടു തന്നെ അയിത്തം പ്രത്യക്ഷത്തിൽ പോയി എന്നെ പറയാൻ കഴിയൂ.

അതായത് ….. സവർണനും അവർണനും തമ്മിൽ പ്രത്യക്ഷത്തിൽ അന്തർധാര സജീവമെന്ന് തോന്നാമെങ്കിലും , ഭിന്നത ആന്തരികമായി നില നിൽക്കുന്നു.

അങ്ങനെ പുതിയ കാലത്ത് സമൂഹം രണ്ടായി തുടരുന്നതിൻ്റെ വ്യഥയുമായി ജീവിച്ചു വരികെയാണ് , ഈ വിനീതൻ
ഒരു സത്യം തിരിച്ചറിഞ്ഞത്. പണ്ട് സവർണൻ , അവർണൻ എന്നിങ്ങനെ രണ്ടായിരുന്നെങ്കിൽ ….. ഇപ്പോൾ ഒരു മൂന്നാം ധാര കൂടി സജീവമായിരിക്കുണൂ .
ഗവർണൻ .

സവർണനും അവർണനും വളരെ മുകളിലാണ് ഗവർണൻ്റെ സ്ഥാനം. ഫ്യൂഡൽ മാടമ്പിയുടെ കസേരയിൽ ഇപ്പോൾ ഗവർണനാണ് . അദ്യേം ദിവ്യ ഗർഭം വഴി ഭൂജാതനായ ശ്രേഷ്ഠ പുത്രനാണ്. സഞ്ചാര വഴി മുടക്കാൻ നിൽക്കുന്നവർക്കെതിരെ ” നോക്കെടാ നമ്മുടെ മാർഗേ കിടക്കുന്ന മർക്കടാ നീയങ്ങു മാറിക്കിടാ ശഠാ…. ദുർഗ്ഗട സ്ഥാനത്തു വന്നു ശയിപ്പാൻ നിനക്കെടാ തോന്നുവാനെന്തെടാ സംഗതി ” എന്ന്
കയർക്കും

ഗവർണൻ ബ്രഹ്മാവിനു തൊട്ടു താഴെയുള്ളതായാണ് പലരും കരുതുന്നതെങ്കിലും വാസ്തവത്തിൽ ബ്രഹ്മൻ കേവലം തൃണം മാത്രമാണ്. ബ്രഹ്മന് സൃഷ്ടി മാത്രമേ വശമുള്ളൂ . എന്നാൽ ഗവർണൻ സൃഷ്ടി സ്ഥിതി സംഹാരം എന്നീ മൂന്നു കർമങ്ങളുടേയും അധിപനാണ്. സാക്ഷാൽ പരമശിവന്
തൃക്കണ്ണാണെങ്കിൽ …. ഇദ്യേം ” ഫ്രൊക്കണ്ണനാണ് ” . മുന്നിൽ രണ്ട് . പിന്നിൽ രണ്ട് . പിന്നിലെ കണ്ണുകളാൽ ശത്രുവിൻ്റെ ഗതകാല ചെയ്തികൾ പരിശോധിക്കുന്നു. മുന്നിലെ കണ്ണുകൾ തുറന്ന് രിപുവിനെ ഭസ്മീകരിക്കുന്നു.

സോ ….. സവർണൻ , അവർണൻ എല്ലാം കേവലം ശ്മശ്രുക്കൾ. ഇനി ഗവർണനാണെല്ലാം. ആ മഹാത്മാവിനു
വഴിയൊരുക്കുക. അവിടത്തെ മുന്നിൽ സാഷ്ടാംഗം പ്രണമിക്കുക. നിങ്ങളുടെ ജീവിതയാത്ര സഫലമാകും.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മുൻ പി ആർ ഒ ആണ് ലേഖകൻ.

Back to top button
error: