CrimeNEWS

ചെന്നൈ ബാങ്ക് കവര്‍ച്ച: വമ്പന്‍ ട്വിസ്റ്റ്; മോഷ്ണമുതല്‍ വീട്ടില്‍ സൂക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ചെന്നൈ: ചെന്നൈ ഫെഡ് ബാങ്ക് കവര്‍ച്ചയില്‍ അപ്രതീക്ഷിത വഴിത്തിരിവ്. കൊള്ളസംഘത്തെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. കൊള്ളമുതല്‍ വീട്ടില്‍ സൂക്ഷിച്ചതിനാണ് ചെങ്കല്‍പ്പേട്ട് അച്ചരപ്പാക്കം പൊലീസ് ഇന്‍സ്‌പെക്ടര്‍ അമല്‍രാജിനെ അറസ്റ്റ് ചെയ്തത്. ചെന്നൈ നഗരത്തെ ഞെട്ടിച്ച പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ചയില്‍ പ്രതികളെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ പങ്കും വെളിപ്പെട്ടു.

കൊള്ളമുതലായ 31.7 കിലോഗ്രാം സ്വര്‍ണത്തില്‍ ആറര കിലോഗ്രാം കണ്ടെത്തിയത് പൊലീസ് ഇന്‍സ്‌പെക്ടറായ അമല്‍രാജിന്റെ വീട്ടില്‍ നിന്നാണെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. ഇദ്ദേഹത്തിന്റെ ഭാര്യയുടെ ബന്ധുവാണ് നേരത്തേ അറസ്റ്റിലായ പ്രതി സന്തോഷ്. ഇയാളില്‍ നിന്നും കിട്ടിയ വിവരം അനുസരിച്ചാണ് അമല്‍രാജിന്റെ ചെങ്കല്‍പ്പേട്ടിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്. കവര്‍ച്ചയ്ക്ക് മുമ്പ് അമല്‍രാജിന് ഇതേപ്പറ്റി വിവരം ഉണ്ടായിരുന്നില്ലെങ്കിലും കൊള്ളമുതല്‍ ഒളിപ്പിക്കാന്‍ സഹായിച്ചുവെന്നാണ് കണ്ടെത്തല്‍. കൊള്ളമുതല്‍ വീട്ടില്‍ സൂക്ഷിക്കാന്‍ അനുവദിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഐ.ജി: ടി.പി. അന്‍പ് പറഞ്ഞു. അമല്‍രാജിന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയത് കൂടി ചേര്‍ക്കുമ്പോള്‍ ബാങ്കില്‍നിന്ന് നഷ്ടപ്പെട്ട മുഴുവന്‍ സ്വര്‍ണവും അന്വേഷണസംഘം കണ്ടെത്തി.

സ്വര്‍ണം ഉരുക്കുന്ന യന്ത്രം വാങ്ങാന്‍ സഹായിച്ച, കോയമ്പത്തൂര്‍ സ്വദേശി ശ്രീവല്‍സയെയും പൊലീസ് അറസ്റ്റു ചെയ്തു. ചെന്നൈ ക്രോംപേട്ടിലെ ലോഡ്ജില്‍ വച്ചാണ് സ്വര്‍ണം ഉരുക്കാന്‍ പ്രതികള്‍ ശ്രമിച്ചത്. എന്നാല്‍ ചെറിയ യന്ത്രം ആയതുകൊണ്ട് മുപ്പത് കിലോഗ്രാമിലേറെ സ്വര്‍ണം ഉരുക്കാനായില്ല. ഇവരുടെ ആവശ്യപ്രകാരം സ്വര്‍ണം ഉരുക്കാന്‍ എത്തിയ ഒരു തൊഴിലാളിയെക്കൂടി പൊലീസ് തെരയുന്നുണ്ട്. മുഖ്യപ്രതി മുരുകന്‍, സൂര്യപ്രകാശ്, ശെന്തില്‍ കുമാര്‍, സന്തോഷ് കുമാര്‍, ബാലാജി എന്നിവരാണ് നേരത്തേ അറസ്റ്റിലായത്.

Back to top button
error: