CrimeNEWS

ഡല്‍ഹി മദ്യനയത്തിനെതിരേ സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉപമുഖ്യമന്ത്രിക്കൊപ്പം രണ്ട് മലയാളികളും പ്രതിപ്പട്ടികയില്‍

ദില്ലി: ദില്ലി ഉപമുഖ്യമന്ത്രി പ്രതിയായ പുതിയ മദ്യനയത്തിനെതിരായ സിബിഐ കേസിലെ പ്രതിപ്പട്ടികയിൽ രണ്ട് മലയാളികളും. മുംബൈ മലയാളി വിജയ് നായർ, തെലങ്കാന സ്ഥിരതാമസമാക്കിയ അരുൺ രാമചന്ദ്രപിള്ള എന്നിവരാണ് പ്രതികളായ മലയാളികൾ. കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഒന്നാം പ്രതിയാണ്. കേസുമായി ബന്ധപ്പെട്ട് 7 സംസ്ഥാനങ്ങളിലെ  മുപ്പത്തിയൊന്ന് ഇടങ്ങളിൽ സിബിഐ റെയിഡ് നടത്തിയിരുന്നു.

2021 നവംബറിൽ നടപ്പിലാക്കിയ മദ്യ നയമാണ് കേസിനാധാരം. ഔട്ട് ലറ്റുകൾ  സ്വകാര്യ മേഖലയ്ക്ക് അനുവദിച്ചതിൽ അഴിമതി നടന്നു, ലെഫ്റ്റനന്‍റെ ഗവർണ്ണറുടെ അനുമതിയില്ലാതെ നയത്തിൽ മാറ്റം വരുത്തിയത് സർക്കാരിന് നഷ്ടമുണ്ടാക്കി തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് മനീഷ് സിസോദിയ ഉൾപ്പെടെ പതിനഞ്ച് പേർക്കതിരെ സിബിഐ കേസെടുത്തത്. ദില്ലി ഏക്സൈസ് വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരും പ്രതികളാണ്. മുംബൈ മലയാളിയും വ്യവസായിയുമായ വിജയ് നായരാണ് കേസിലെ അഞ്ചാം പ്രതി. തെലങ്കാനയിൽ സ്ഥിരതാമസമാക്കിയ അരുൺ രാമചന്ദ്രപിള്ള പതിനാലാം പ്രതിയാണ്.

പുതിയ മദ്യനയത്തിന് പിന്നിൽ വിജയ് നായർ ഉൾപ്പെടെയുള്ള നാല് വ്യവസായികളുടെ ഇടപെടലുണ്ടെന്നാണ് സിബിഐ ആരോപിക്കുന്നത്. പല കമ്പനികൾക്കും ലൈസൻസ് കിട്ടാൻ അരുൺ ഇടനില നിന്നെന്നും നാല് കോടി രൂപയോളം ഇടനില നിന്നവർക്ക് കിട്ടിയെന്നും സിബിഐ പറയുന്നു. കേസുമായി ബന്ധപ്പെട്ട് സിസോദിയുടെ ദില്ലിയിലെ വസതിയിലടക്കം 31 ഇടങ്ങളിലാണ് സിബിഐ റെയിഡ് നടത്തിയത്. ബെംഗളൂരു, ഹൈദ്രാബാദ് എന്നിവിടങ്ങളിലും റെയിഡ് നടന്നു. അതേസമയം ജനകീയ പദ്ധതികളുമായി മുന്നോട്ട് പോകുന്ന ആംആദ്മി പാർട്ടിയെ കരി വാരിതേക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന് എഎഎപി ആരോപിച്ചു. എഎപി നടത്തിയ അഴിമതിയുടെ തുടർച്ചാണ് പുറത്ത് വന്നതെന്ന് ബിജെപി തിരിച്ചടിച്ചു.

Back to top button
error: