CrimeNEWS

പോലീസ് ഇടിവളകൊണ്ട് യുവാവിനെ ഇടിച്ചെന്ന് പരാതി; അകാരണമായി മര്‍ദ്ദിച്ചെന്ന് വീട്ടുകാരും നാട്ടുകാരും, തൊട്ടിട്ടേയില്ലെന്ന് പോലീസും

കോട്ടയം: അയര്‍ക്കുന്നത്ത് എഐറ്റിയുസി യൂണിയന്‍ അംഗമായ തൊഴിലാളിയെ വീട്ടില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസിനെതിരെ ആരോപണം. കുടുംബാംഗങ്ങള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കത്തിനിടെ ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് മര്‍ദ്ദിച്ചതെന്ന് അയല്‍വാസി ആരോപിക്കുന്നു. മകനെ മര്‍ദ്ദിക്കുന്നത് തടയാനുള്ള ശ്രമത്തിനിടെ തനിക്കും പരുക്കേറ്റെന്ന് രോഗിയായ പിതാവും വെളിപ്പെടുത്തി. എന്നാല്‍ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് പൊലീസ് വാദം.

കണ്‍മുന്നില്‍ വച്ച് സ്വന്തം മകനെ ക്രൂരമായി പൊലീസ് മര്‍ദിച്ചതിന്റെ സങ്കടമാണ് എഴുപത് പിന്നിട്ട വയോധികന്‍ കരഞ്ഞു പറയുന്നത്. സ്വാതന്ത്ര്യദിന തലേന്നാണ് എഐടിയുസി യൂണിയനിലെ ചുമട്ടു തൊഴിലാളിയായ ഫുള്‍ജയന്‍ സിയൂസ് എന്ന യുവാവിനെ അയര്‍കുന്നം പൊലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വന്തം വീട്ടിലിട്ട് ക്രൂരമായി മര്‍ദിച്ചത്. ഫുള്‍ജയന്‍ സിയൂസും സഹോദരിയും സഹോദരി ഭര്‍ത്താവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇത് അറിഞ്ഞെത്തിയ പൊലീസ് സംഘമാണ് ഒരു പരാതിയോ പ്രകോപനമോ ഇല്ലാതെ മര്‍ദിച്ചതെന്ന് ജയന്‍ പറയുന്നു.

Signature-ad

ഇടിവള കൊണ്ടായിരുന്നു പൊലീസ് സംഘത്തിലൊരാളുടെ ഇടി. വയറിലും നെഞ്ചിലും ഇടിയേറ്റ് ചതഞ്ഞ പാടുണ്ട്. ഇരുകവിളിലും കൈ ചേര്‍ത്ത് വച്ചും ഇടിച്ചു. പൊലീസുകാര്‍ കൈ പിന്നിലേക്ക് വലിച്ചു പിടിച്ചതിനാല്‍ ചുമട്ടു തൊഴിലാളിയായ ഈ യുവാവിന് കൈ ഉയര്‍ത്താന്‍ പോലും ഇപ്പോള്‍ സാധിക്കുന്നില്ല. മര്‍ദനം കണ്ട് തടസം പിടിക്കാനെത്തിയ രോഗിയായ പിതാവിനും നിലത്തു വീണ് പരുക്കേറ്റു. എന്നാല്‍ ഫുള്‍ജയന്‍സിയൂസ് സഹോദരി ഭര്‍ത്താവിനെ മര്‍ദിച്ചെന്നും സഹോദരി ഫോണില്‍ വിളിച്ചതനുസരിച്ച് എത്തിയ പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടുകയായിരുന്നെന്നുമാണ് പൊലീസ് വാദം. പക്ഷേ ജയനെ മര്‍ദിച്ചിട്ടേ ഇല്ലെന്ന പൊലീസ് വാദം നുണയാണെന്ന് അയല്‍വാസികള്‍ സാക്ഷ്യം പറയുന്നു.

അയര്‍കുന്നം പൊലീസിനെതിരേ സിപിഐ കോട്ടയം എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പൊലീസിന്റെ ഭാഗത്തു വീഴ്ച ഉണ്ടായിട്ടില്ലെന്ന നിലപാടാണ് എസ്.പിയും ആവര്‍ത്തിക്കുന്നത്. പരാതിക്കാരനായ യുവാവിനെതിരെ മുമ്പ് ഒരു കേസ് പോലും ഇല്ല. മര്‍ദനം വിവാദമായതിനു ശേഷം ഫുള്‍ജയന്‍ സിയൂസിനെതിരെ പൊലീസ് ആക്ടിലെ 118-ാം വകുപ്പ് ചുമത്തി കേസെടുത്തതും സംശയാസ്പദമാണ്.

 

Back to top button
error: