ന്യൂഡല്‍ഹി: വിദ്വേഷ ഉള്ളടക്കം, ദേശവിരുദ്ധ പ്രചാരണം എന്നിവ കണ്ടെത്തിയ എട്ട് യൂട്യൂബ് ചാനലുകളും രണ്ട് ഫെയ്സ്ബുക്ക് പോസ്റ്റുകളും കേന്ദ്രം ബ്ലോക്ക് ചെയ്തു. രാജ്യത്തിനെതിരായി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നച്ച ഏഴ് ഇന്ത്യന്‍ യൂട്യൂബ് ചാനലുകളും ഒരു പാകിസ്താനി യൂട്യൂബ് ചാനലും ഒരു ഫെയ്സ്ബുക്ക് അക്കൗണ്ടും രണ്ട് ഫെയ്സ്ബുക്ക് പോസ്റ്റുകളും കേന്ദ്രസര്‍ക്കാര്‍ ബ്ലോക്ക് ചെയ്തു. ബ്ലോക്ക് ചെയ്ത ചാനലുകള്‍ക്ക് ആകെ 114 കോടി കാഴ്ചക്കാരും 85 ലക്ഷം സബ്സ്ക്രൈബര്‍മാരുമുണ്ടെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ലോക് തന്ത്ര ടിവി (12.90 ലക്ഷം സബ്സ്ക്രൈബര്‍മാര്‍), യു&വി ടിവി ( 10.20 ലക്ഷം സബ്സ്ക്രൈബര്‍മാര്‍), എഎം റാസ് വി (95900 സബ്സ്ക്രൈബര്‍മാര്‍), ഗൗരവ്ഷാലി പവന് മിതിലാഞ്ചല്‍( 7 ലക്ഷം സബ്സ്ക്രൈബര്‍മാര്‍), സര്‍ക്കാരി അപ്ഡേറ്റ് (80,900 സബ്സ്ക്രൈബര്‍മാര്‍) സബ് കുച്ഛ് ദേഖോ (19.40 ലക്ഷം സബ്സ്ക്രൈബര്‍മാര്‍) തുടങ്ങിയവയാണ് ബ്ലോക്ക് ചെയ്യപ്പെട്ട ഇന്ത്യയില്‍ നിന്നുള്ള ചാനലുകള്‍. ന്യൂസ് കി ദുനിയ (97000 സബ്സ്ക്രൈബര്‍) എന്ന ചാനലാണ് പാകിസ്താനില്‍ നിന്നുള്ളത്.
ഇന്ത്യയിലെ മത വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര വിദ്വേഷം പടര്‍ത്തുകയെന്ന ഉദ്ദേശത്തോടുകൂടിയുള്ളതാണ് ഈ ചാനലുകളിലെ ഉള്ളടക്കങ്ങളെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. മതപരമായ നിര്‍മിതികള്‍ തര്‍ക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിടുന്നു, മതപരമായ ആഘോഷങ്ങള്‍ സര്‍ക്കാര്‍ വിലക്കുന്നു, ഇന്ത്യയില്‍ മതയുദ്ധം പ്രഖ്യാപിക്കുന്നു തുടങ്ങിയ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവയാണ് നിരോധിക്കപ്പെട്ട ചാനലുകളിലെ പല വീഡിയോകളും.
അത്തരം ഉള്ളടക്കം രാജ്യത്ത് സാമുദായിക അനൈക്യം സൃഷ്ടിക്കാനും പൊതുക്രമം തകര്‍ക്കാനും സാധ്യതയുള്ളവയാണെന്ന് കണ്ടെത്തി. 2021 ലെ ഐടി നിയമത്തിന് കീഴിലുള്ള അടിയന്തര അധികാരങ്ങള്‍ ഉപയോഗപ്പെടുത്തിയ മന്ത്രാലയം, ഓഗസ്റ്റ് 16 ന് ഈ ഉള്ളടക്കങ്ങള്‍ ബ്ലോക്ക് ചെയ്യാന്‍ ഉത്തരവിറക്കി. ഈ യൂട്യൂബ് ചാനലുകള്‍ ഇന്ത്യന്‍ സായുധ സേന, ജമ്മു & കശ്മീര്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു, ദേശീയ സുരക്ഷയും വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദ ബന്ധവും കണക്കിലെടുത്ത് ഉള്ളടക്കം പൂര്‍ണ്ണമായും തെറ്റാണെന്നും സെന്‍സിറ്റീവ് ആണെന്നും നിരീക്ഷിക്കുന്നുവെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
വ്യാജവും ഉദ്വേഗജനകവുമായ തമ്പ് നെയ്ലുകളാണ് ഈ ചാനലുകളിലെ വീഡിയോകള്‍ക്കുള്ളത്. വാര്‍ത്താ അവതാരകരുടേയും മറ്റ് വാര്‍ത്താ ചാനലുകളുടെ ലോഗോയും ഉപയോഗിച്ച് കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള വാര്‍ത്തകള്‍ ശരിയാണെന്ന് വിശ്വസിപ്പിക്കാനുമുള്ള ശ്രമവും നടത്തിയിരുന്നു.
2021 ഡിസംബര്‍ മുതല്‍ 102 യൂട്യൂബ് ചാനലുകള്‍ ബ്ലോക്ക് ചെയ്യാനും മറ്റ് നിരവധി സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനുമുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്.