NEWS

എടിഎമ്മിൽ നിന്നും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എത്രവരെ പണം പിൻവലിക്കാൻ സാധിക്കും; പലിശ എങ്ങനെയാണ് ?

ക്രെഡിറ്റ് കാർഡ് തരുമ്പോൾ തന്നെ ഒരാൾക്ക് ഉപയോഗിക്കാവുന്ന പരിധി എത്രയെന്നു അറിയിച്ചിരിക്കും. ഈ പരിധി രണ്ടായി തരംതിരിച്ചാണ് കാണിച്ചിട്ടുണ്ടാകുക.ഒന്ന് അനുമതിയുള്ള മുഴുവൻ ലിമിറ്റ്.മറ്റൊന്ന്, അതിൽ  എത്രയാണ് എടിഎം വഴി എടുക്കാവുന്ന തുക എന്ന്.
എടിഎം വഴി പണം എടുക്കുന്നതിനെ ക്യാഷ് അഡ്വാൻസ് എന്നാണ് പറയുക.എടിഎം വഴി എടുക്കാവുന്ന തുക അനുമതിയുള്ള ലിമിറ്റിന്റെ 20 മുതൽ 30 ശതമാനം വരെ ആയിരിക്കും. ക്രെഡിറ്റ് കാർഡിന് നൽകിയിരിക്കുന്ന ലിമിറ്റ് മുഴുവനും തന്നെ ഷോപ്പിങ് ആവശ്യത്തിന് ഉപയോഗിക്കാം.അങ്ങനെ ഷോപ്പിങ് ആവശ്യത്തിന് മുഴുവൻ ലിമിറ്റും ഉപയോഗിച്ചാൽ പിന്നെ എടിഎം വഴി ക്യാഷ് എടുക്കാൻ കഴിയില്ല.ചുരുക്കി പറഞ്ഞാൽ  ഷോപ്പിങ്ങിനു ഉപയോഗിച്ച തുകയും എടിഎം വഴി പിൻവലിക്കുന്ന തുകയും കൂടി അപ്പ്രൂവ് ചെയ്തിരിക്കുന്ന ലിമിറ്റിനുള്ളിൽ തന്നെ ആയിരിക്കണം.

ഈ തുക ക്രെഡിറ്റ് കാർഡ് കമ്പനിയുടെയോ ബാങ്കിന്റെയോ നിബന്ധനയനുസരിച്ചു മാസത്തിൽ ഒരു തവണയാണ് തിരിച്ചടക്കേടണ്ടത്.ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെൻറ് തയ്യാറാക്കി അയച്ചുതന്നതിനു ശേഷം പത്തു മുതൽ പതിനഞ്ചു ദിവസം വരെ സമയമുണ്ടാകും തുക അടയ്ക്കുവാൻ. സ്റ്റേറ്റ്മെന്റിൽ കാണിച്ചിരിക്കുന്ന തീയതിയയിലോ അതിനു മുമ്പോ പണം അടച്ചാൽ മതി. മുഴുവൻ തുകയും അടക്കണമെന്ന് നിര്ബന്ധമില്ല.സ്റ്റേറ്റ്മെന്റിൽ ആവശ്യപ്പെടുന്ന മിനിമം തുക അടച്ചാലും യഥാസമയം തുക അടച്ചതായി കണക്കാക്കും.സാധാരണയായി, സ്റ്റേറ്റ്മെന്റിലെ മുഴുവൻ തുകയുടെ അഞ്ചു ശതമാനമാണ് മിനിമം തുക.

ഷോപ്പിങ്ങിനായി ഉപയോഗിക്കുന്ന തുകയ്ക്ക് യാതൊരു വിധ പലിശയോ ഫീസോ ചാർജുകളോ ഇല്ല എന്നതാണ് ക്രെഡിറ്റ് കാർഡിന്റെ ഏറ്റവും വലിയ ഗുണം.ഉപയോഗിക്കുന്ന തുക മാത്രം മാസത്തിൽ ഒരു തവണ സ്റ്റേറ്റ്മെന്റിൽ പറയുന്ന തീയതിയിൽ അടച്ചാൽ മതി.
എന്നാൽ മിനിമം തുകയാണ് അടക്കുന്നതെങ്കിൽ, ബാക്കിയുള്ള തുകക്ക് ഫിനാൻസ് ചാർജ്‌ ഈടാക്കും.ഇത് ക്യാഷ് അഡ്വാൻസിന്റെ കാര്യത്തിലും ഷോപ്പിങ്ങിന്റെ കാര്യത്തിലും ഒരുപോലെ ബാധകമാണ്.
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എടിഎം വഴി പണം എടുക്കുകയാണെങ്കിൽ പണം എടുക്കുന്ന ദിവസം മുതൽ പലിശ ഈടാക്കും.ഇത് ക്യാഷ് അഡ്വാൻസ് ഫീ എന്നാണ് അറിയുന്നത്.ഈ പലിശ 2.5  ശതമാനം മുതൽ 3.5 ശതമാനം വരെയാണ്. വാർഷികാടിസ്ഥാനത്തിൽ ഇത് 30 ശതമാനം മുതൽ 42 ശതമാനം വരെ വരും.അതിനാൽ വളരെ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ക്രെഡിറ്റ് കാർഡിൽ നിന്നും എടിഎം വഴി പണം പിൻവലിക്കുവാൻ ശ്രദ്ധിക്കുക.
ക്രെഡിറ്റ് കാർഡ് തന്ന് ഒരു വർഷം കഴിയുമ്പോൾ വാർഷിക ഫീസ് അടക്കേണ്ടതുണ്ട്.ഓരോ ബാങ്കുകളും വ്യത്യസ്ത രീതിയിലാണ് ഇത്തരത്തിൽ ചാർജ്ജ് ഈടാക്കുക.ഇവിടെയും കാർഡിന്റെ ഉപയോഗവും തിരിച്ചടവ് രീതിയും മറ്റും മനസ്സിലാക്കി ഫീസ് ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും. ഇതെല്ലാം ഓരോ കമ്പനിക്കും ബാങ്കിനും വ്യത്യസ്തമാണ്. ഇക്കാര്യങ്ങൾ കാർഡിന് അപേക്ഷിക്കുമ്പോൾ അല്ലെങ്കിൽ കാർഡ് അപ്പ്രൂവ് ചെയ്യുന്ന സമയത്തോ മനസ്സിലാക്കി തീരുമാനം എടുക്കുന്നത് ഉചിതമായിരിക്കും.

Back to top button
error: