NEWS

കഴുകൻമാരുടെ രാജാവ്

ധ്യ അമേരിക്കയിലും തെക്കേ അമേരിക്കയിലും കാണപ്പെടുന്ന ഒരു വലിയ പക്ഷിയാണ് “രാജ കഴുകൻ” (Sarcorampus papa). കഴുകന്മാരിലെ രാജാവു തന്നെയാണിത്; കഴുകന്മാരുടെ കൂട്ടത്തിലെ ഏറ്റവും സുന്ദരനായ പക്ഷി.
മൊട്ടത്തലയും പൂടയില്ലാത്ത വളഞ്ഞു പുളഞ്ഞ കഴുത്തുമൊക്കെയുള്ള, ഭയവും അറപ്പും തോന്നിപ്പിക്കുന്ന രൂപമാണ് മറ്റെല്ലാ കഴുകന്മാർക്കും. എന്നാൽ മഴവിൽ അഴകുള്ള തലയും തീയാളുന്ന നിറത്തിലുള്ള കഴുത്തും വെള്ളയും കറുപ്പും നിറത്തിലുള്ള ഉടലുമൊക്കെ രാജ കഴുകന് ഒരു പക്ഷിരാജാവിന്റെ പ്രൗഢി നൽകുന്നു.
മെക്സിക്കോ, തെക്കെ അമേരിക്ക, മധ്യ അമേരിക്ക, കരീബിയൻ ദ്വീപുകൾ തുടങ്ങിയ പ്രദേശങ്ങളിലെ വനമേഖലകളിലാണ് ഇവയെ പ്രധാനമായും കണ്ടു വരുന്നത്. രാജ കഴുകനുകൾ വലിയ കൂട്ടങ്ങളായി ജീവിക്കാൻ ഇഷ്ടപ്പെടുന്നില്ല. കൊച്ചു കുടുംബങ്ങളായാണിവയുടെ താമസം.
മാംസം കൊത്തിക്കീറുന്നതിനനുയോജ്യമായ, വലിപ്പം കുറഞ്ഞ് കൂർത്തു വളഞ്ഞ് ബലമുള്ള കൊക്കുകളും ശക്തിയുള്ള വളഞ്ഞ നഖങ്ങളും ഇവയ്ക്കുണ്ട് . രാജ കഴുകൻ പറന്നുവരുന്നതു കണ്ടാൽ മറ്റു കഴുകന്മാരൊക്കെ ഒഴിഞ്ഞു മാറിയൊതുങ്ങിയിരിക്കും. മറ്റു കഴുകന്മാർക്ക് കൊത്തിപ്പിളർക്കാൻ കഴിയാത്ത ശവശരീരങ്ങൾ പോലും കൊത്തിത്തുറന്ന് അകത്താക്കാൻ ഇവയ്ക്കു കഴിയും. മറ്റു പക്ഷികൾക്ക് അവശിഷ്ടങ്ങൾ എളുപ്പം കഴിക്കാനായി ഒരുക്കിക്കൊടുക്കുന്നത് രാജകഴുകന്മാരാണ്.
ആഹാരം തിരഞ്ഞ് മനുഷ്വവാസമുള്ള ഗ്രാമങ്ങൾക്കും നഗരങ്ങൾക്കും സമീപമുള്ള തുറസ്സായ പ്രദേശങ്ങളിൽ വളരെ ഉയരെ മണിക്കൂറുകളോളം പറക്കും. രണ്ടും മൂന്നും എണ്ണം ചേർന്ന് നിശ്ചലമായ ചിറകുകൾ വിരിച്ച് (ചിറകടിക്കാതെ) ഗാംഭീര്യത്തോടെ ഒഴുകിപ്പറക്കുന്ന രാജ കഴുകന്മാർ ഒരു മനോഹര കാഴ്ച തന്നെയാണ്. കാറ്റിനെ പൂർണമായും ആശ്രയിച്ചാണ് ഈ ഒഴുകിപ്പറക്കൽ. വിടർത്തുമ്പോൾ ആറടിയിൽ കൂടുതൽ പരപ്പുണ്ട് ഇവയുടെ ചിറകുകൾക്ക്. പൂർണ വളർച്ചയെത്തിയ ഒരു രാജ കഴുകന് 25 ഇഞ്ച് വരെ ഉയരവും നാലരക്കിലോയോളം തൂക്കവുമുണ്ടാകും.!
പകൽസമയത്ത് കൂടുതൽ പ്രസരിപ്പോടെ കാണപ്പെടുന്ന രാജ കഴുകന്മാർ സന്ധ്യയാകുന്നതോടെ വനമേഖലകളിൽ ചേക്കേറുന്നു . വെയിലു കാഞ്ഞിരിക്കാൻ ഇവയ്ക്ക് വളരെ ഇഷ്ടമാണ്.വലിയ ശരീരവും തീക്ഷ്ണഭാവവുമൊക്കെ ആണെങ്കിലും ഇവ അപൂർവമായേ മറ്റു ജീവികളെ ആക്രമിക്കാറുള്ളൂ. സാധാരണയായി ജീവനുള്ളവയെ ഇവർ വേട്ടയാടിപ്പിടിക്കാറില്ല.ശവ ശരീരങ്ങളാണ് ഇവയുടെ പ്രധാന ഭക്ഷണം.
  മനുഷ്യനും ദൈവത്തിനുമിടയിലുളള ദൂതന്മാരാണ് രാജകഴുകന്മാർ എന്നാണ് മായന്മാർ വിശ്വസിച്ചിരുന്നത്. പരിസര ശുചീകരണത്തിൽ വളരെയധികം പങ്ക് ഈ ഭീമൻ പക്ഷികൾക്കുണ്ട്.

Back to top button
error: