NEWS

ഐആര്‍സിടിസിയുടെ വെബ്സൈറ്റ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും എങ്ങനെയാണ് ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത് ?

റെയില്‍വേ ടിക്കറ്റുകള്‍ ഏറ്റവും എളുപ്പത്തില്‍ എടുക്കുവാനായി ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനെയാണ്. റെയില്‍വേ സ്റ്റേഷനില്‍ പോയി നീണ്ട ക്യൂവില്‍ നിന്ന് ഫോമുകള്‍ പൂരിപ്പിച്ച് നല്കി ടിക്കറ്റ് എടുക്കുന്ന കാലമൊക്കെ കഴിഞ്ഞു.
ഐആര്‍സിടിസിയുടെ വെബ്സൈറ്റ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും വേഗത്തില്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുവാന്‍ സാധിക്കും.എങ്ങനെയാണ് റെയില്‍വേ ടിക്കറ്റുകള്‍ ഐആര്‍സിടിസി വഴി ബുക്ക് ചെയ്യുന്നതെന്നു നോക്കാം..
ഐആര്‍സിടിസി വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ ആദ്യം ചെയ്യേണ്ടത് ഐആര്‍സിടിസിയില്‍ ഒരു അക്കൗണ്ട് ആരംഭിക്കുകയാണ്. ഈ ഒരു ലോഗ് ഇന്‍ ഐഡിയും പാസ്വേഡും ഉണ്ടെങ്കില്‍ എവിടെനിന്നും ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.വിജയകരമായ രജിസ്ട്രേഷൻ കഴിഞ്ഞാൽ, ഒരു വ്യക്തിക്ക് ഇ-ടിക്കറ്റുകൾ ബുക്ക് ചെയ്യാനും തത്കാലിൽ റിസർവേഷൻ നടത്താനും ട്രെയിൻ സ്റ്റാറ്റസ്, ട്രെയിൻ റൂട്ടുകൾ എന്നിവ പരിശോധിക്കാനും നിലവിലുള്ള റിസർവേഷനുകൾ പരിഷ്ക്കരിക്കാനും കഴിയും.വെബ്‌സൈറ്റിലെ ഇ-ടിക്കറ്റിംഗ് സൗകര്യവും ഉപയോക്തൃ സൃഷ്‌ടിയും തികച്ചും സൗജന്യമാണ്. സാധുവായ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും മാത്രമാണ് ഇതിനായി ഒരു ഉപയോക്താവിന് വേണ്ടത്.
ഐആര്‍സിടിസി വെബ്സൈറ്റ് ആയ https://irctc.co.in/ എന്ന വെബ്സൈറ്റ് തുറക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്.തുറന്നു വരുന്ന വെബ്സൈറ്റിന്‍റെ ഇടതുവശത്ത് രജിസ്റ്റര്‍ (REGISTER) എന്നു കാണാം. ഇതില്‍ ക്ലിക്ക് ചെയ്യുക. സൈന്‍ അപ്പ് എന്ന ഓപ്ഷന്‍ വഴിയും പുതിയ രജിസ്ട്രേഷന്‍ നടത്തുവാന്‍ സാധിക്കും.
തുറന്നു വരുന്ന രജിസ്ട്രേഷന്‍ പേജില്‍ നിങ്ങളുടെ വിവരങ്ങള്‍ പൂരിപ്പിക്കണം. ആദ്യം ഒരു യൂസര്‍ നെയിം നല്കണം. ഇത് നാലു മുതല്‍ പത്ത് വരെ അക്ഷരങ്ങള്‍ വേണം. അടുത്തതായി പാസ്വേര്‍ഡ്, പിന്നീട് ഒരു സെക്യൂരിറ്റി ചോദ്യവും അതിന്റെ ഉത്തരവും രേഖപ്പെടുത്തുകയാണ്. ശേഷം Continue കൊടുക്കുക. ഇതിനു ശേഷം വരുന്ന വിന്‍ഡോയില്‍ നിങ്ങളുടെ പേര്, വയസ്സ്, ജനനത്തിയതി, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയ കാര്യങ്ങള്‍ നല്കുവാനുണ്ട്.ആവശ്യമായ വിവരങ്ങള്‍ നല്കിക്കഴിഞ്ഞ് സ്ക്രീനില്‍ വരുന്ന സബ്മിറ്റ് രജിസ്ട്രേഷന്‍ ഫോം (Submit Registration Form)ക്ലിക്ക് ചെയ്യുക.
അടുത്തത് അക്കൗണ്ട് വെരിഫിക്കേഷനാണ്. ഇത് കഴിയുമ്പോള്‍ നിങ്ങളുടെ ഇ-മെയില്‍ ഐഡിയിലേക്കു ഒരു യൂസര്‍ ഐഡിയും പാസ്വേഡും ലഭിക്കും. ഇതിനു ശേഷം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്കിയ മൊബൈന്‍ നമ്പറിലേക്ക് ഒരു വെരിഫിക്കേഷന്‍ കോഡ് വരും. ഇത് നല്കി സബ്മിറ്റ് ചെയ്യാം. ഇതോടെ നിങ്ങള്‍ ഐആര്‍സിടിസി അക്കൗണ്ട് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. നിങ്ങളുടെ ലോഗിനും പാസ്വേഡും വെച്ച് ഐആര്‍സിടിസി വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാം.
ഐആര്‍സിടിസി മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍
നിങ്ങളുടെ നിലവിലുള്ള ഐആര്‍സിടിസി അക്കൗണ്ട് വഴിയോ പുതിയതായി സൃഷ്ടിച്ച അക്കൗണ്ട് വഴിയോ നിങ്ങള്‍ക്ക് ഇന്ത്യന്‍ റെയില്‍വേയുടെ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ആദ്യമായി നിങ്ങള്‍ യൂസര്‍ നെയിമും പാസ്വേഡും വഴി മൊബൈല്‍ ആപ്ലിക്കേഷനായ IRCTC Rail Connect ആപ്ലിക്കേഷനില്‍ ലോഗ് ഇന്‍ ചെയ്യുക. നിങ്ങള്‍ നേരെ എത്തുന്നത് ഐആര്‍സിടിസിയുടെ ഹോം പേജിലേക്കാണ്. ഇവിടെ നിങ്ങള്‍ക്ക് ട്ര‌യിന്‍സ് (Trains)എന്ന ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ ബുക്ക് ടിക്കറ്റ് (Book Ticket) എന്നു കാണും. ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ട്രെയിന്‍ സേര്‍ച്ച് (Train Search) എന്നതിലേക്ക് നിങ്ങള്‍ എത്തും. ഇതില്‍ യാത്ര തുടങ്ങുന്ന സ്റ്റേഷനും ഇറങ്ങേണ്ട സ്റ്റേഷനും യാത്ര ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന തിയ്യതിയും നല്കുക. തുടര്‍ന്ന് ട്രെയിന്‍ സേര്‍ച്ച് (Train Search) എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ സമയത്ത് പോകുന്ന ട്രെയിനുകളുടെ വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. ഇതില്‍ ട്രെയിനും ക്ലാസും തിരഞ്ഞെടുക്കാം. സ്ക്രീനിനു ഏറ്റവും താഴെ ടിക്കറ്റ് നിരക്കും കാണാം. തൊട്ടടുത്തു തന്നെ അതായത് സ്ക്രീനിന്റെ വലതുഭാഗത്ത് പാസഞ്ചര്‍ ഡീറ്റെയില്‍സ് (Passenger Details)ല്‍ ക്സിക്ക് ചെയ്യുക. ഇതില്‍ യാത്രക്കാരുടെ പേര്, വയസ്സ്,ജെന്‍ഡര്‍ തുടങ്ങിയ കാര്യങ്ങള്‍ നല്കി ആഡ് പാസഞ്ചര്‍(Add Passenger) ക്ലിക്ക് ചെയ്യുക. അതിനു ശേഷം റിവ്യൂ ജേര്‍ണി ഡീറ്റെയില്‍സ് (Review Journey Details) എന്ന കോളത്തില്‍ ക്ലിക്ക് ചെയ്യുക. കൊടുത്ത വിവരങ്ങള്‍ എല്ലാം ശരി തന്നെയല്ലെ എന്നുറപ്പു വരുത്തിയ ശേഷം പ്രൊസീഡ് ടു പേ (Proceed to Pay) ക്ലിക്ക് ചെയ്യുക. പേയ്മെന്റ് നടത്തുക. നിങ്ങളുടെ മെയിലിലേക്കും ഫോണിലേക്കും ബുക്ക് ചെയ്ത ടിക്കറ്റിന്‍റെ വിവരങ്ങള്‍ ലഭിക്കും.
ഓണ്‍ലൈനില്‍ ടിക്കറ്റിന് പണമടയ്ക്കുവാന്‍
പ്രൊസീഡ് ടു പേ (Proceed to Pay) ക്ലിക്ക് ചെയ്തു കഴിയുമ്പോള്‍ നിങ്ങളുടെ മൊബൈൽ വാലറ്റ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, പേടിഎം, യുപിഐ അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് ടിക്കറ്റുകൾക്കായി പണമടയ്ക്കാം. നിങ്ങളുടെ ബുക്കിംഗ് പൂർത്തിയായിക്കഴിഞ്ഞാൽ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈലിൽ നിങ്ങൾക്ക് ഒരു സന്ദേശം ലഭിക്കും.
ഐആര്‍സിടിസി വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍
ഐആര്‍സിടിസി വെബ്സൈറ്റ് https://www.irctc.co.in/ തുറക്കുക. തുറന്നു വരുന്ന വിന്‍ഡോയില്‍ വലതുഭാഗത്ത് മുകളില്‍ ലോഗിന്‍ (LOGIN) എന്നു കാണാം. അതില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്നു വരുന്ന വിന്‍ഡോയില്‍ നിങ്ങളുടെ യൂസര്‍ നെയിമും പാസ്വേഡും നല്കി വെബ്സൈറ്റില്‍ സൈന്‍ ഇന്‍ ചെയ്യാം.
തുടര്‍ന്നു വരുന്ന വിന്‍ഡോയില്‍ യാത്ര തുടങ്ങുന്ന സ്റ്റേഷനും ഇറങ്ങേണ്ട സ്റ്റേഷനും യാത്ര ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന തിയ്യതിയും ക്ലാസും നല്കുക. തുടര്‍ന്ന് ട്രെയിന്‍ സേര്‍ച്ച് ( Search) എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ സമയത്ത് പോകുന്ന ട്രെയിനുകളുടെ വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങള്‍ ഉദ്ദേശിക്കുന്ന തിയ്യതില്‍ എത്ര സീറ്റുകള്‍ ഏതൊക്കെ ക്ലാസില്‍ ലഭ്യമാണെന്നും ടിക്കറ്റ് നിരക്ക് എത്രയാണെന്നുമെല്ലാം ഇതില്‍ കാണാം. ഓരോ ട്രെയിനിന്റെ വിശദാംശങ്ങള്‍ക്കും താഴെയുള്ള ബുക്ക് നൗ (Book Now) എന്ന ഓപ്ഷന്‍ കാണാം. നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ട ട്രെയിന്‍ തിര‍ഞ്ഞെടുത്തു കഴിഞ്ഞാല്‍ ബുക്ക് നൗ കൊടുക്കുക.
തുടര്‍ന്ന് തുറന്നുവരുന്ന വിന്‍ഡോയില്‍ ഇതില്‍ യാത്രക്കാരുടെ പേര്, വയസ്സ്,ജെന്‍ഡര്‍ തുടങ്ങിയ കാര്യങ്ങള്‍ നല്കാം. അവിടുത്ത് Continue എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ശേഷം റിവ്യൂ ജേര്‍ണി എന്ന വിന്‍ഡോ തുറന്നു വരും. ഇതില്‍ നിങ്ങള്‍ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ശരിയല്ലേ എന്നു നോക്കാം. വീണ്ടും Continue കൊടുക്കുക.തുടര്‍ന്ന് നിങ്ങള്‍ക്ക് സൗകര്യപ്രദമായ മാര്‍ഗ്ഗം വഴി പണം അടയ്ക്കാം. നിങ്ങളുടെ മെയിലിലേക്കും ഫോണിലേക്കും ബുക്ക് ചെയ്ത ടിക്കറ്റിന്‍റെ വിവരങ്ങള്‍ ലഭിക്കും.

Back to top button
error: