NEWS

സീറോ ബാലൻസ് അക്കൗണ്ടിന്റെ ഗുണവും ദോഷവും

രാജ്യത്തെ മിക്ക ബാങ്കുകളും സേവിംഗ്സ് അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തണമെന്ന് ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നുണ്ട്.സാധാരണയായി 5,000 മുതൽ 10,000 രൂപ വരെയാണ് മിനിമം ബാലൻസ് ആയി കരുതേണ്ടത്. ഇത് പാലിക്കാത്തവരിൽനിന്നാണ് ബാങ്കുകൾ പിഴ ഈടാക്കുക.പരിധി ഇല്ലാതെ എത്ര തുക വേണമെങ്കിലും പിഴയായി ബാങ്കുകൾക്ക് ചുമത്താവുന്നതാണ്.ബാങ്കിന്റെ ബോർഡ് ആണ് പിഴ തുക സംബന്ധിച്ച് തീരുമാനമെടുക്കുക.

ഇതനുസരിച്ച് വിവിധ ബാങ്കുകളുടെ പിഴ തുക വ്യത്യസ്തമായിരിക്കും.പലപ്പോഴും അക്കൗണ്ടിനെ അടിസ്ഥാനമാക്കിയാണ് ബാങ്കുകൾ നിരക്കുകൾ ഈടാക്കുന്നത്.നഗര, അർദ്ധ-നഗര, ഗ്രാമീണ ബ്രാഞ്ച് ഉപഭോക്താക്കൾക്ക് മിനിമം ബാലൻസ് ചാർജുകൾ വ്യത്യാസമാണ്. ചില ബാങ്കുകൾക്ക് ശരാശരി പ്രതിമാസ ബാലൻസിനെയും ബാലൻസ് കുറവിനെയും ആശ്രയിച്ച് വിവിധ ചാർജുകളുടെ സ്ലാബുകൾ ഉണ്ട്.

ചെറുതെങ്കിലും ആ മാസം തങ്ങളുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന നിക്ഷേപത്തിന് പലിശ ലഭിച്ചില്ലെങ്കിലും ഉപഭോക്താവ് അക്കൗണ്ടിൽ മിനിമം തുക നിലനിർത്തുന്നതിൽ പരാജയപ്പെട്ടാൽ ബാങ്കുകൾ കൃത്യമായി, അതും പ്രതിമാസം തന്നെ പിഴ ഈടാക്കും.പിന്നെ എടിഎം കൂടുതൽ തവണ ഉപയോഗിച്ചാൽ, മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിച്ചാൽ ഇതിനെല്ലാം പുറമെ എടിഎം കാർഡിന്റെ ഫീസ്, ക്രെഡിറ്റ് കാർഡിന്റെ ഫീസ്, എസ്എംഎസ് ചാർജ്ജ് അങ്ങനെ നൂറ് ഏടാകൂടങ്ങൾ വേറെയും.

Signature-ad

ഈ സാഹചര്യത്തിൽ മിനിമം ബാലൻസ് നിലനിർത്താൻ കഴിയാത്തവർക്ക് അതിൽനിന്ന് രക്ഷപ്പെടാനായി രണ്ട്  മാർഗങ്ങളാണുള്ളത്. സീറോ ബാലൻസ് അക്കൗണ്ട് തുടങ്ങുക, ഇടപാടുകൾ നടത്താത്ത അക്കൗണ്ടുകൾ ക്ലോസ് ചെയ്യുക എന്നിവയാണവ.ഇവയിലൂടെ മിനിമം ബാലൻസ് പിഴ അടയ്ക്കുന്നതിൽനിന്നും രക്ഷപ്പെടാം.

ശമ്പളം ലഭിക്കുന്ന മിക്ക വ്യക്തികൾക്കും സാധാരണയായി സീറോ ബാലൻസ് സേവിംഗ്സ് അക്കൗണ്ട് ഉണ്ടായിരിക്കും. അഥവാ ഇനി ഇല്ലെങ്കിൽ വ്യക്തിഗത ഉപയോഗത്തിനായി നിങ്ങൾക്ക് ഒരു സീറോ ബാലൻസ് അക്കൗണ്ട് തുറക്കാൻ കഴിയും. ഇത്തരത്തിലുള്ളവയെ ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ടുകൾ എന്നാണ് വിളിക്കുന്നത്. സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പണമിടപാടുകൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മിക്ക ബാങ്കുകളും ബിഎസ്ബിഡി അക്കൗണ്ടുകൾ ഓഫർ ചെയ്യുന്നത്.

കെ‌വൈ‌സി പ്രക്രിയ പൂർത്തിയാക്കി ഏതൊരാൾക്കും ബി‌എസ്‌ബിഡി അക്കൗണ്ട് എളുപ്പത്തിൽ തുറക്കാനാകും. സീറോ ബാലൻസ് അക്കൗണ്ടിന്റെയും സാധാരണ സേവിംഗ്സ് അക്കൗണ്ടിന്റെയും പ്രവർത്തനം ഒരുപോലെയാണ്. എന്നാൽ ബിഎസ്ഡിഎസ് അക്കൗണ്ട് വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങൾ പരിമിതമാണ്.

ബിഎസ്ബിഡി അക്കൗണ്ടിന്റെ സവിശേഷതകൾ

  • അടിസ്ഥാന റുപേ എടിഎം, ഡെബിറ്റ് കാർഡ് സൗജന്യമായി നൽകും.വാർഷിക ചാർജുകൾ ബാധകമല്ല
  • NEFT / RTGS തുടങ്ങിയ ഇലക്ട്രോണിക് പേയ്‌മെന്റ് വഴിയുള്ള പണത്തിന്റെ രസീത്/ക്രെഡിറ്റ് സൗജന്യമായിരിക്കും
  • കേന്ദ്ര/സംസ്ഥാന സർക്കാരിന്റെ ചെക്കുകളുടെ നിക്ഷേപം സൗജന്യമായിരിക്കും
  • പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ സജീവമാക്കുന്നതിന് നിരക്ക് ഈടാക്കില്ല
  • അക്കൗണ്ട് അടയ്‌ക്കൽ നിരക്കുകളില്ല
  • സ്വന്തം ബാങ്കിന്റെ എടിഎം വഴിയോ മറ്റ് ബാങ്കുകളുടെ എടിഎമ്മുകൾ വഴിയോ നാല് തവണ സൗജന്യമായി പണം പിൻവലിക്കാം

 

  • എല്ലാ ബാങ്കുകളും സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും നിക്ഷേപങ്ങൾക്കുള്ള പലിശ വ്യത്യസ്തമാണ്. അതേപോലെ ക്രെഡിറ്റ് കാർഡ് ലിമിറ്റും കുറവായിരിക്കും. 

  • പണം പിൻവലിക്കാനും ബാങ്ക് ശാഖകൾ വഴി ഇടപാടുകൾ നടത്താനും നിശ്ചിത എണ്ണം കഴിഞ്ഞാൽ അധികപണം നൽകേണ്ടി വരും എന്നതും മറക്കരുത്

സീറോ ബാലൻസ് സേവിങ്‌സ് നിക്ഷേപങ്ങള്‍ക്കു മികച്ച പലിശ വാഗ്ദാനം ചെയ്യുന്ന അഞ്ച് ബാങ്കുകൾ
സീറോ ബാലന്‍സ് അക്കൗണ്ടിന് ഏറ്റവും കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്ന പ്രധാന ബാങ്കുകളിലൊന്നാണ് ഐഡിഎഫ്സി. പ്രഥം സേവിങ്‌സ് അക്കൗണ്ട് എന്നാണ് പദ്ധതിയുടെ പേര്. നാലു ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. ഒരു ദിവസം എ.ടി.മ്മില്‍നിന്ന് 40,000 രൂപ വരെ പിന്‍വലിക്കാം. അക്കൗണ്ട് ഉടമയ്ക്ക് രണ്ടു ലക്ഷം രൂപയുടെ വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇന്‍ഡസ്ഇന്‍ഡ് ബാങ്കും സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ക്ക് നാലു ശതമാനം പലിശ നല്‍കുന്നുണ്ട്. ഇന്‍ഡസ് ഓണ്‍ലൈന്‍ സേവിങ്‌സ് അക്കൗണ്ടാണ് പ്രധാനം. രണ്ടു ലക്ഷം രൂപയുടെ വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. പ്ലാറ്റിനം പ്ലസ് കാര്‍ഡാണ് അക്കൗണ്ട് ഉടമകള്‍ക്കു ലഭിക്കുക.പ്രതിദിനം എ.ടി.എം. വഴി 50,000 രൂപ വരെ പിന്‍വലിക്കാം.
സ്വകാര്യ മേഖലയില്‍ സീറോ ബാലന്‍സ് അക്കൗണ്ടിന് നാലു ശതമാനം പലിശ വാഗ്ദാനം ചെയ്യുന്ന മറ്റൊരു ബാങ്കാണ് യെസ്. സ്മാര്‍ട് സാലറി അഡ്വാന്റേജ് അക്കൗണ്ട് എന്നാണ് അറിയപ്പെടുന്നത്. ശമ്പളവരുമാനക്കാര്‍ക്ക് മാത്രമേ ഈ അക്കൗണ്ട് തുറക്കാനാകൂ. പ്രതിദിനം 75,000 രൂപ വരെ കാര്‍ഡ് ഉപയോഗിച്ച് പിന്‍വലിക്കാം. അക്കൗണ്ട് ഉടമകള്‍ക്ക് അപകട ഇന്‍ഷുറന്‍സ് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും.
കോട്ടക് മഹീന്ദ്ര ബാങ്ക് 3.50 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. വിഡിയോ രേഖകള്‍ നല്‍കി അക്കൗണ്ട് ഓണ്‍ലൈനായി തുറക്കാം. ബാങ്ക് ശാഖ സന്ദര്‍ശിക്കേണ്ട ആവശ്യമേയില്ല. എല്ലാ ബാങ്കിങ് സേവനങ്ങളും സീറോ ബാലന്‍സ് അക്കൗണ്ട് ഉടമകള്‍ക്കും ലഭ്യമാണ്. വെര്‍ച്വല്‍ ഡെബിറ്റ് കാര്‍ഡും ലഭിക്കും. പ്രതിദിനം 10000 രൂപയാണ് പിന്‍വലിക്കല്‍ പരിധി.
ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടാണ് പൊതുമേഖലാ ഭീമനായ എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപങ്ങള്‍ക്ക് 2.70 ശതമാനമാണ് പലിശ ലഭിക്കുക. എത്ര രൂപ വേണമെങ്കിലും അക്കൗണ്ടില്‍ നിക്ഷേപിക്കാം. അക്കൗണ്ടിന് ചെക്ക് ബുക്ക് ലഭ്യമല്ല. ബേസിക് റുപേ കാര്‍ഡാകും ഉപയോക്താക്കള്‍ക്കു ലഭിക്കുക. ഒരു ദിവസം എ.ടി.എം. വഴി 25,000 രൂപയാകും പിന്‍വലിക്കാനാകുക.
ആക്സിസ് ബാങ്ക് ആക്സിസ് അസാപ് ഇൻസ്റ്റൻറ് സേവിങ്സ് അക്കൗണ്ട് എന്ന പേരിൽ ഇതിനായി പ്രത്യേക പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്.

ആക്സിസ് അസാപ് ഇൻസ്റ്റൻറ് അക്കൗണ്ടിൽ നിന്ന് 50,000 രൂപ വരെ ഒറ്റത്തവണ പിൻവലിക്കാൻ സാധിക്കും.

ബേസിക് സേവിങ്സ് അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിര്‍ത്തേണ്ടതില്ലെങ്കിലും മറ്റ് ഇടപാടുകൾക്ക് ബാങ്ക് പണം ഈടാക്കാറുണ്ട് എന്നത് ഓര്‍ക്കണം. എടിഎം കാര്‍ഡ് ഇഷ്യൂ ചെയ്യുന്നതിനും എടിഎം ഇടപാടുകൾക്കും എല്ലാം ചാര്‍ജ് ഈടാക്കാറുണ്ട്.

Back to top button
error: