ചെന്നൈ: എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ നിയമിച്ചത് നിയമപരമായി നിലനില്‍ക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി. പാര്‍ട്ടി മുന്‍മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ കോര്‍ഡിനേറ്ററുമായിരുന്ന ഒ. പനീര്‍ശെല്‍വത്തെ പുറത്താക്കിയ ജനറല്‍ കൗണ്‍സില്‍ തീരുമാനം നിയമവിധേയമല്ല. എ.ഐ.എ.ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ കൈക്കൊണ്ട എല്ലാ തീരുമാനങ്ങളും കോടതി റദ്ദാക്കി. പാര്‍ട്ടിയില്‍ തല്‍സ്ഥിതി തുടരാനും എ.ഐ.എ.ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ യോഗം വീണ്ടും നടത്താനും കോടതി വിധിച്ചു.
ഇതോടെ ഒ.പനീര്‍ശെല്‍വം പാര്‍ട്ടി കോര്‍ഡിനേറ്ററായും എടപ്പാടി പളനിസ്വാമി പാര്‍ട്ടിയുടെ ഡെപ്യൂട്ടി കോര്‍ഡിനേറ്ററായും തുടരും. ഇനി ജനറല്‍ കൗണ്‍സില്‍ വിളിക്കണമെങ്കില്‍ 30 ദിവസം മുമ്പ് നോട്ടീസ് നല്‍കണം. ഇപിഎസിനും ഒപിഎസിനും ഒരുമിച്ചേ ജനറല്‍ കൗണ്‍സില്‍ വിളിക്കാനാകൂ. പാര്‍ട്ടി ബൈലോ പ്രകാരം വര്‍ഷത്തില്‍ ഒരു ജനറല്‍ കൗണ്‍സിലേ വിളിക്കാനാകൂ.
കൗണ്‍സില്‍ പുറത്താക്കിയതോടെ പാര്‍ട്ടിയില്‍ അപ്രസക്തനായ ഒപിഎസ് ശശികലയ്ക്കും ടിടിവി ദിനകരനുമൊപ്പം ചേരുമെന്ന നിലയില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഹൈക്കോടതി വിധിയോടെ കാര്യങ്ങള്‍ ഒപിഎസിന് അനുകൂലമായി വന്നിരിക്കുകയാണ്. പാര്‍ട്ടിയില്‍ മേല്‍ക്കൈയുണ്ടായിരുന്ന എടപ്പാടി നടത്തിയ നീക്കങ്ങള്‍ക്ക് കോടതിവഴി താല്‍ക്കാലികമായി തടയിടാനായതിന്റെ ആശ്വാസം പനീര്‍ശെല്‍വത്തിനുണ്ട്. പുതിയ കൗണ്‍സില്‍ ചേരും മുമ്പ് പാര്‍ട്ടിയെ തനിക്കൊപ്പം കൂട്ടാനുള്ള തയാറെടുപ്പ് ഇരു വിഭാഗവും പൂര്‍വാധികം ശക്തിയോടെ തുടരാനാണ് സാധ്യത.