വീട്ടില്‍ മോഷണം നടന്നു. മോഷണക്കുറ്റം തെളിയിക്കാൻ മന്ത്രവാദി കണ്ടെത്തിയ ഉപായമാണ് അരിയും നാരങ്ങയും തിന്നുക എന്നത്. തിന്നശേഷം ആരുടെയെങ്കിലും വായ ചുവന്ന നിറമായാല്‍ അവരാണ് മോഷ്ടാവ് എന്നും മന്ത്രവാദി പറഞ്ഞു. അരിയും നാരങ്ങയും തിന്നതിനു തൊട്ടുപിന്നാലെ യുവതിയുടെ മുഖം ചുവന്നു. തുടർന്ന് മോഷണക്കുറ്റം ആരോപിച്ച് വീട്ടുജോലിക്കാരിയായ ആ സ്ത്രീയെ വിവസ്ത്രയാക്കുകയും ക്രൂരമായി മര്‍ദിക്കുകയും ബന്ദിയാക്കുകയും ചെയ്തു.
ഡെൽഹിയിലെ സത്ബാരി അന്‍സല്‍ വില്ലയിലുള്ള ആഡംബര ഫാം ഹൗസിൽ വീട്ടുജോലിക്കു നിന്ന 43 വയസ്സുകാരിയാണ് ക്രൂരമായ മര്‍ദനത്തിനും പീഡനത്തിനും ഇരയായത്.
ഒടുവിൽ യുവതിയെ പീഡിപ്പിച്ച കുടുംബത്തിനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് നൽകുന്ന വിശദീകരണം ഇങ്ങനെയാണ്:
തെക്കന്‍ ഡെല്‍ഹിയിലെ സത്ബാരിയിലാണ് ക്രൂരമായ സംഭവം നടന്നത്. ഏതാനും നാൾ മുന്‍പ് പ്രസ്തുത സ്ത്രീ ജോലി ചെയ്തിരുന്ന വീട്ടില്‍ ഒരു മോഷണം നടന്നിരുന്നു. തുടര്‍ന്ന് പ്രതികളെ കണ്ടെത്താന്‍ കുടുംബം ഒരു മന്ത്രവാദിയുടെ സഹായം തേടി. ഇതുമായി ബന്ധപ്പെട്ട് ആഗസ്ത് ഒന്‍പതിന് ഇവരുടെ വീട്ടില്‍ ആഭിചാരക്രിയകൾ നടന്നു.
ആഭിചാര കര്‍മങ്ങള്‍ക്കുശേഷം ജോലിക്കാര്‍ക്കെല്ലാം മന്ത്രവാദി അരിയും നാരങ്ങയും തിന്നാന്‍ കൊടുത്തു. അരിയും നാരങ്ങയും തിന്നതിനുശേഷം ആരുടെയെങ്കിലും വായ ചുവന്ന നിറമായാല്‍ അവരാകും മോഷ്ടാവ് എന്നാണ് മന്ത്രവാദിയുടെ തീർപ്പ്. അരിയും നാരങ്ങയും തിന്ന 43 കാരിയായ യുവതിയുടെ മുഖം ചുവന്നു. ഇതോടെ വീട്ടുടമ സ്ത്രീയെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി.
മറ്റു വീട്ടുജോലിക്കാര്‍ നോക്കിനില്‍ക്കെ യുവതിയെ വിവസ്ത്രയാക്കുകയും മുറിയില്‍ 24 മണിക്കൂറിലേറെ ബന്ദിയാക്കുകയും ചെയ്തു. ആഗസ്ത് പത്തിനു പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി യുവതി വീട്ടുകാരുടെ അനുവാദം തേടി. ഒടുവിൽ അപമാനം സഹിക്കാന്‍ വയ്യാതെ ശുചിമുറിയില്‍ വച്ച് വിഷം കഴിക്കുകയും ചെയ്തു.
സ്ത്രീയുടെ നില ഗുരുതരമായതോടെ വീട്ടുകാർ അവരെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ആഗസ്ത് പതിനൊന്നിന് സ്ത്രീയുടെ പരാതിയില്‍ കേസെടുക്കുകയായിരുന്നു.