NEWS

വിദ്വേഷത്തിന്റെ കൊലക്കത്തികൾ ഇപ്പോഴും ഉയരുന്നുണ്ട്

സിനിമയിൽ അഭിനയിച്ചു എന്ന കുറ്റത്തിന് താലിബാൻ തീവ്രവാദികൾ കൊല്ലാൻ കൊണ്ടുപോകുമ്പോഴും അഫ്ഗാൻ സ്വദേശിയായ ഖാസാ സ്വാൻ എന്ന നാസർ മുഹമ്മദിന്റെ  മുഖത്ത്
തങ്ങി നിന്നത് പുഞ്ചിരി തന്നെയായിരുന്നു.കൊല്ലുംമുൻപ് ഭീകരർ അയാളെക്കൊണ്ട് നിർബന്ധിച്ച് തമാശകൾ പറയിച്ചുവത്രേ!
 കൈകൾ തമ്മിൽ പിന്നിൽ കൂട്ടികെട്ടി  അദ്ദേഹത്തെ കാറിന്റെ പിൻസീറ്റിൽ തങ്ങൾക്ക് നടുവിലിരുത്തി താലിബാൻ ഭീകരർ എന്തെല്ലാമോ ആക്രോശിച്ച് മുഖത്ത് കൈവീശി അടിക്കുമ്പോഴും ഖാസാ സ്വാൻ പുഞ്ചിരിക്കുക മാത്രമേ ചെയ്തുള്ളൂ.അടിസ്ഥാനപരമായി മനുഷ്യനന്മയിൽ വിശ്വസിക്കുന്ന ഒരു കലാകാരന് മാത്രം കഴിയുംവിധം!
പിടിച്ചുകെട്ടി കൊണ്ടുപോകുമ്പോഴും ഒരു പക്ഷെ അയാൾ കരുതിയിരിക്കില്ല കൊന്നുകളയുമെന്ന്.മതഭീകരത ആ ദുർബലദേഹത്തെ മരച്ചില്ലയിൽ കെട്ടിത്തൂക്കിക്കളഞ്ഞു.മരിച്ച ദേഹത്തിലേക്കും വെടിയുണ്ടകൾ പായിച്ചുവത്രെ.കലാകാരനായിരുന്നു എന്നതായിരുന്നു കുറ്റം!
ഹാസ്യവേഷങ്ങളിലാണ് ഖാസാ സ്വാൻ ഏറെയും
അഭിനയിച്ചിരുന്നത്.ഒരുപക്ഷെ ആ മുഖവും ശരീരവും അത്തരം വേഷങ്ങൾക്കാവാം ഏറെ ചേരുന്നതും. എന്തൊരു സങ്കടമാണ് കേട്ടവർക്കുപോലും.പക്ഷെ അദ്ദേഹത്തിന്റെ മുഖത്ത് മാത്രം ചിരിയായിരുന്നു,അവസാന നിമിഷം വരെയും.
കൊലയാളികൾക്ക് നടുവിലിരിക്കുമ്പോഴും ചിരിച്ചവൻ..രക്തസാക്ഷിക്കില്ല മൃത്യു വെന്ന് ആരോ പറഞ്ഞത് ഓർമ്മ വരുന്നു.
ഇപ്പോൾ ഇത് പറയാൻ കാരണം പ്രശസ്ത സാഹിത്യകാരൻ സൽമാൻ റുഷ്ദിയ്ക്ക് നേരെയുണ്ടായ വധശ്രമമാണ്. ന്യൂയോർക്കിലെ ഒരു പരിപാടിയ്ക്കിടെ നടന്ന സംഭവത്തിൽ, വേദിയിലേക്ക് അതിക്രമിച്ച് കയറിയ അക്രമി റുഷ്ദിയെ ഒന്നിലേറെ തവണ കുത്തുകയായിരുന്നു. ന്യൂയോർക്കിലെ ചൗതൗക്വാ ഇൻസ്റ്റിട്യൂഷനിലുള്ള സ്റ്റേജിലേക്ക് ഒരാൾ അതിക്രമിച്ച് കയറി കുത്തുകയായിരുന്നുവെന്നും നിരവധി തവണ കുത്തേറ്റുവെന്നും ദൃക്‌സാക്ഷികൾ വ്യക്തമാക്കുന്നു. നിലവിൽ സൽമാൻ റുഷ്ദി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ഇന്ത്യൻ വംശജനായ സൽമാൻ റുഷ്ദി 1981ൽ പുറത്തിറങ്ങിയ മിഡ്‌നൈറ്റ്‌സ് ചിൽഡ്രനിലൂടെയാണ് പ്രശസ്തി നേടിയത്. എന്നാൽ, 1988ൽ പുറത്തിറങ്ങിയ റുഷ്ദിയുടെ നാലാമത്തെ പുസ്തകം, ‘ദ സാത്താനിക് വേഴ്‌സസ്’ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചു.മതനിന്ദ ആരോപിച്ച് ചില ഇസ്ലാമിക രാജ്യങ്ങളിൽ ഇത് നിരോധിക്കുകയും ചെയ്തു.
പുസ്തകം പ്രസിദ്ധീകരിച്ച് ഒരു വർഷത്തിന് ശേഷം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനി റുഷ്ദിയെ കൊല്ലുന്നതിന് 3 മില്യൺ ഡോളർ പാരിതോഷികമാണ് വാഗ്ദാനം ചെയ്തത്. തുടർന്നുണ്ടായ അക്രമത്തിൽ കൃതിയുടെ വിവർത്തകർ ഉൾപ്പെടെ നിരവധി ആളുകൾ കൊല്ലപ്പെടുകയും ചെയ്തു.ഇപ്പോളിതാ 30 വർഷങ്ങൾക്കു ശേഷം സൽമാൻ റുഷ്ദിക്കു നേരെയും വധശ്രമം!

വിദ്വേഷത്തിന്റെ കൊലക്കത്തികൾ ഇപ്പോഴും ഉയരുന്നുണ്ട്. വേഗം സുഖം പ്രാപിച്ച് മടങ്ങി വരൂ പ്രിയപ്പെട്ട എഴുത്തുകാരാ…

Back to top button
error: