റിയാദ്: ഉറവിടം വ്യക്തമാവാത്ത പണം സൗദി അറേബ്യയില്‍ നിന്ന് വിദേശത്തേക്ക് അയച്ച രണ്ട് പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. രാജ്യത്ത് അനധികൃതമായി സമ്പാദിച്ച പണമാണിതെന്നാണ് അധികൃതരുടെ നിഗമനം. സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ സൗദി അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് പുതിയ അറസ്റ്റുകള്‍.
റിയാദില്‍ വെച്ചാണ് രണ്ട് പേരെ സൗദി പൊലീസ് അറസ്റ്റ് ചെയ്‍തത്. ഇരുവരും സിറിയന്‍ സ്വദേശികളാണെന്നാണ് നിഗമനം. റിയാദിലെ രണ്ട് വീടുകള്‍ കേന്ദ്രീകരിച്ച് ഇവര്‍ നിയമ വിരുദ്ധമായ ബിസിനസുകളില്‍ ഏര്‍പ്പെട്ടുവെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘സൗദി പ്രസ് ഏജന്‍സി’ റിപ്പോര്‍ട്ട് ചെയ്‍തു.
പൊലീസ് നടത്തിയ പരിശോധനയില്‍ 5,85,490 റിയാല്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. സമാനമായ കേസില്‍ മറ്റൊരു വിദേശിയും ഇയാഴ്‍ച സൗദി അറേബ്യയില്‍ അറസ്റ്റിലായിരുന്നു. സ്‍പെയിന്‍ സ്വദേശിയായ ഇയാള്‍ ഉറവിടം വ്യക്തമല്ലാത്ത പണം കൈപ്പറ്റിയെന്നും അത് സൗദി അറേബ്യയ്‍ക്ക് പുറത്തേക്ക് അയക്കുകയും ചെയ്‍തുവെന്നാണ് കണ്ടെത്തിയത്. ഇയാളുടെ കൈവശം ആകെ 3,05,893 റിയാലാണ് ഉണ്ടായിരുന്നത്. തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ഇയാളെ പൊലീസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.