തിരുവനന്തപുരം: കഴിഞ്ഞ 11 ദിവസത്തിനിടെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 119 കോവിഡ് മരണങ്ങൾ.ഇക്കാലയളവിൽ 12,897 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഒരാഴ്ചത്തെ ശരാശരി രോഗ സ്ഥിരീകരണ നിരക്ക് 8.76 ആണ്.
പനിയും ജലദോഷവും ചുമയുമായി എത്തുന്നവരെ കോവിഡ് പരിശോധനക്ക് ശിപാര്‍ശ ചെയ്യുന്നത് വിരളമായതാണ് മരണങ്ങള് വര്‍ധിക്കാനും കോവിഡ് വ്യാപകമാകാനും കാരണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
കോവിഡ് മാറിയെന്ന ചിന്തയില്‍ പലരും ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുക്കാന്‍ തയാറാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വാക്സിന്‍ വിവരങ്ങള്‍ അറിയുന്നില്ലെന്നും പലതവണ ആരോഗ്യകേന്ദ്രങ്ങളിലെത്തി മടങ്ങേണ്ടി വരികയാണെന്നും മറുവശത്ത് ആരോപണമുയരുന്നു. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തവരില്‍ കൂടുതല്‍ 18 -നും 44 -നും ഇടയില്‍ പ്രായമുള്ളവരാണ്.
ഒന്നും രണ്ടും ഡോസുകള്‍ എടുത്തതു പോലെ ഏതൊക്കെ കേന്ദ്രങ്ങളില്‍ വാക്സിന്‍ ലഭ്യമാണെന്നത് കോവിന്‍ സൈറ്റില്‍ ഇല്ലാത്തത് ആളുകളെ കുഴക്കുന്നുണ്ട്. പി.എച്ച്.സികളില്‍ പല തവണ എത്തി മടങ്ങിയവരുമുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ കൃത്യമായ ഏകോപനമില്ലാത്തതും തിരിച്ചടിയാവുന്നു. സൗജന്യവിതരണം സെപ്റ്റംബര്‍ 30 -ന് അവസാനിക്കാനിരിക്കെ വാക്സിന്‍ ലഭിക്കില്ലേയെന്ന ആശങ്കയും പലരിലുമുണ്ട്.