തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി നേരിടുന്ന ഡീസല്‍ പ്രതിസന്ധിക്ക് പരിഹാരമാകുന്നു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 20 കോടി രൂപ കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ചതോടെയാണിത്. ഇതോടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് നല്‍കാനുണ്ടായിരുന്ന 15 കോടി രൂപയുടെ കുടിശിക കെ.എസ്.ആര്‍.ടി.സി അടച്ചു തീര്‍ത്തു. ഇന്ന് മുതല്‍ പഴയ പടി സര്‍വീസുകള്‍ നടത്തും. ജൂലൈ മാസത്തെ ശമ്പള വിതരണം ഭാഗികമായി തുടങ്ങി. തൂപ്പുകാര്‍ അടക്കമുള്ള കരാര്‍ ജീവനക്കാര്‍ക്കാണ് ജൂലൈ മാസത്തെ ശമ്പളം ആദ്യം നല്‍കിയത്.
സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പണം ലഭിക്കുമെന്ന് ഉറപ്പായതോടെ സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസല്‍ അടിക്കുന്നത് കെഎസ്ആര്‍ടിസി നിര്‍ത്തിയിരുന്നു. നേരത്തെ നല്‍കിയ 123 കോടി രൂപയുടെ സഹായ അഭ്യര്‍ത്ഥന പിന്‍വലിച്ച് കെഎസ്ആര്‍ടിസി സര്‍ക്കാറിന് പുതിയ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. 103 കോടി രൂപയുടെ പുതിയ അഭ്യര്‍ത്ഥനയാണ് സര്‍ക്കാറിന് മുന്നില്‍ വെച്ചത്. ഇതില്‍ 50 കോടി നിലവിലെ ഓവര്‍ ഡ്രാഫ്റ്റ് അടച്ചു തീര്‍ക്കാനും മൂന്നു കോടി രൂപ ഇതുവരെ എടുത്ത ഓവര്‍ ഡ്രാഫ്റ്റുകളുടെ പലിശ കൊടുക്കാനുമാണ്. ബാക്കി 50 കോടി രൂപ ജൂലൈ മാസത്തെ ശമ്പള വിതരണം തുടങ്ങാനുമാണ് ആവശ്യപ്പെടുന്നത്.
ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം നല്‍കാന്‍ 10 ദിവസം കൂടി സാവകാശം തേടി കെ എസ് ആര്‍ ടി സി മാനേജ്‌മെന്റ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. ഈ മാസം പത്തിനകം ശമ്പളം നല്‍കിയില്ലെങ്കില്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടി വരും. എല്ലാ മാസവം അഞ്ചാം തീയ്യതിയ്ക്ക് മുന്‍പ് ശമ്പളം നല്‍കണമെന്ന കോടതി ഉത്തരവ് ജൂണില്‍ നടപ്പാക്കിയത് ഡീസലിനുള്ള പണം വക മാറ്റിയായിരുന്നു. ഇതോടെ ഡീസലില്ലാതെ പല സര്‍വ്വീസും സംസ്ഥാനത്ത് ഉടനീളം മുടങ്ങി. സംസ്ഥാന സര്‍ക്കാര്‍ 20 കോടി അനുവദിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇതിനായി കാത്തിരിക്കുകയായിരുന്നു മാനേജ്‌മെന്റ്. ശമ്പള വിതരണം കൃത്യമായി നടക്കാത്തത് ചോദ്യം ചെയ്ത് ജീവനക്കാര്‍ നല്‍കിയ ഹര്‍ജി ഈമാസം 17 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. എല്ലാ മാസവും ആദ്യ ആഴ്ചയില്‍ ശമ്പളം നല്‍കണമെന്ന കോടതി നിര്‍ദ്ദേശം നടപ്പാക്കാന്‍ എന്ത് ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കേണ്ടിവരും.