തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലെ പത്ത് മന്ത്രിമാർക്ക് പുതിയ ഇന്നോവ ക്രിസ്റ്റകൾ വാങ്ങും. ഇതിനായി തുക അനുവദിച്ച് ഉത്തരവിറങ്ങി. 3.22 കോടി രൂപയാണ് അനുവദിച്ചത്. പുതിയ വാഹനം വന്നാൽ മന്ത്രിമാർ ഉപയോഗിച്ചിരുന്ന പഴയ കാറുകൾ വിനോദ സഞ്ചാര വകുപ്പിലേക്ക് തിരികെ നൽകും. മന്ത്രിമാർ ഇപ്പോൾ ഉപയോഗിക്കുന്ന വാഹനങ്ങൾ പഴയതായതിനാലാണ് പുതിയ ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങുന്നതെന്നാണ് ഇത് സംബന്ധിച്ച് സർക്കാർ നൽകുന്ന വിശദീകരണം.
കഴിഞ്ഞ മാസമാണ് പുതിയ രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഉപയോഗിക്കാനായിരുന്നു ഈ കാറുകൾ. ദില്ലിയിലേക്കാണ് ഈ കാറുകൾ വാങ്ങിയത്. ഇതിനായി 72 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരുന്നത്.
അതിന് മുൻപ് ജൂൺ മാസം അവസാനം ചേർന്ന മന്ത്രിസഭാ യോഗത്തിൽ ധനവകുപ്പിന്റെയും ധനമന്ത്രിയുടെയും എതിർപ്പ് മറികടന്ന് അഡ്വക്കേറ്റ് ജനറലിന് പുതിയ കാർ വാങ്ങാൻ സർക്കാർ തീരുമാനിച്ചിരുന്നു. അഞ്ച് വർഷം പഴക്കവും 86,000 കിലോ മീറ്ററും മാത്രം ഓടിയ കാർ മാറ്റുന്നതിൽ ധനവകുപ്പിന് എതിർപ്പുണ്ടായിരുന്നു. എന്നിട്ടും എജിയുടെ ഉപയോഗത്തിനായി ഇന്നോവ ക്രിസ്റ്റ കാർ വാങ്ങാൻ 1618000 രൂപയാണ് മന്ത്രിസഭാ തീരുമാനത്തിലൂടെ നീക്കിവെച്ചത്.
കഴിഞ്ഞ വർഷം സെപ്തംബറിൽ മുഖ്യമന്ത്രിക്ക് അകമ്പടിയായി പോകാൻ നാല് ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാൻ സർക്കാർ തീരുമാനിച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാർശ അംഗീകരിച്ചാണ് ആഭ്യന്തര വകുപ്പ് നാല് ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങിയത്. ഇവയുടെ നിറം പിന്നീട് വെള്ളയിൽ നിന്ന് കറുപ്പാക്കി മാറ്റുകയും ചെയ്തിരുന്നു. പഴക്കം ചെന്ന രണ്ട് കാറുകള്‍ മാറ്റണമെന്നാണ് സംസ്ഥാന പോലീസ് മേധാവി ആഭ്യന്തര വകുപ്പിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കാർ വാങ്ങുന്നതിന് ഒരു ഘട്ടത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പ്രളയ കാലത്തെ പ്രതിസന്ധി പരിഗണിച്ചായിരുന്നു ഇത്. പത്ത് ലക്ഷം രൂപയ്ക്ക് മുകളിൽ വില വരുന്ന ബില്ലുകളിൽ ധനവകുപ്പിന്‍റെ പ്രത്യക അനുമതി ഈ ഘട്ടത്തിൽ ആവശ്യമായിരുന്നു. എന്നാൽ ഇത് മറികടന്ന് ടൂറിസം വകുപ്പ് ഡയറക്ടർ രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാൻ മന്ത്രിസഭ വഴി അനുമതി വാങ്ങുകയായിരുന്നു. എന്നാൽ അന്ന് ആർക്ക് വേണ്ടിയാണ് പുതിയ കാറുകൾ വാങ്ങുന്നതെന്ന് വകുപ്പോ മന്ത്രിസഭയോ വ്യക്തമാക്കിയിരുന്നില്ല. ഒന്നാം പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ മന്ത്രിമാർ കൂട്ടത്തോടെ ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങിയത് ഏഷ്യാനെറ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.