IndiaNEWS

പേരറിവാളനെ വിട്ടയച്ചതുപോലെ തന്നെയും മോചിപ്പിക്കണം, അതുവരെ ഇടക്കാല ജാമ്യവും വേണം: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി സുപ്രീം കോടതിയില്‍

ദില്ലി: പേരറിവാളനെ വിട്ടയച്ചതുപോലെ തനിക്കും മോചനം വേണമെന്നും അതുവരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീഹരന്‍ സുപ്രീം കോടതിയില്‍. രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട നളിനിയും മറ്റൊരു പ്രതി രവിചന്ദ്രനും
ഇപ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിച്ച പരോളിലാണുള്ളത്.

കേസിലെ ഏഴ് പ്രതികളില്‍ പേരറിവാളന്‍, നളിനി, രവിചന്ദ്രന്‍ എന്നിവര്‍ മാത്രമാണ് ഇന്ത്യക്കാര്‍. മറ്റ് നാല് പ്രതികള്‍ ശ്രീലങ്കക്കാരാണ്. പേരറിവാളനെ മാസങ്ങള്‍ക്ക് മുമ്പ് ജയിലില്‍ നിന്ന് മോചിപ്പിച്ചിരുന്നു. പിന്നിലെ കേസിലെ മറ്റൊരു പ്രതിയായ രവിചന്ദ്രനും മോചന ആവശ്യമുന്നയിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

Signature-ad

മുപ്പത് കൊല്ലത്തിലധികം ജയിലില്‍ കഴിഞ്ഞ പേരറിവാളനെ മോചിപ്പിക്കാന്‍ മെയ് 18 നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. സമ്പൂര്‍ണ്ണ നീതി ഉറപ്പാക്കാന്‍ ഭരണഘടന സുപ്രീം കോടതിക്ക് നല്‍കുന്ന അധികാരം ഉപയോഗിച്ചായിരുന്നു കോടതി നടപടി. മോചനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിട്ടും ഗവര്‍ണര്‍ അത് നടപ്പാക്കാത്തതില്‍ രൂക്ഷ വിമര്‍ശനവും സുപ്രീം കോടതി നടത്തിയിരുന്നു.

ഇതിന് പിന്നാലെ പ്രതികളായ നളിനി ശ്രീഹരനും പി രവിചന്ദ്രനും മദ്രാസ് ഹൈക്കോടതിയില്‍ മോചന ഹര്‍ജി നല്‍യിരുന്നെങ്കിലും തള്ളി. ആര്‍ട്ടിക്കിള്‍ 142ന്റെ പ്രത്യേകാധികാരം ഉപയോഗിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതി പറഞ്ഞത്. പ്രതികള്‍ക്ക് സുപ്രീം കോടതിയെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ സുപ്രീം കോടതിയിലെത്തിയത്.

1991 മെയ് 21 -ന് രാത്രി പത്തരയോടെയാണ് ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ രാജീവ് ഗാന്ധി ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആ കൊലക്കേസിലെ പ്രതികള്‍ 1998 ജനുവരിയില്‍ സ്പെഷ്യല്‍ ടാഡ കോടതിയില്‍ നടന്ന വിചാരണയ്ക്ക് ശേഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. 1999 മെയ് 11 -ന് മേല്‍ക്കോടതി വധശിക്ഷ ശരിവെച്ചു. കൊലപാതകം നടന്ന് 24 കൊല്ലത്തിന് ശേഷം 2014 -ല്‍ സുപ്രീംകോടതി നളിനിയടക്കം മൂന്ന് പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി വെട്ടിച്ചുരുക്കി. അവര്‍ സമര്‍പ്പിച്ച ദയാഹര്‍ജി കേന്ദ്രം 11 കൊല്ലം വൈകിച്ചു എന്നതായിരുന്നു അന്ന് കോടതി ചൂണ്ടിക്കാണിച്ച കാരണം.

Back to top button
error: