രജൗരി: ജമ്മു കശ്മീരിലെ രജൗരിയില്‍ സൈനിക പോസ്റ്റിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ കേസിന്റെ അന്വേഷണം എന്‍ഐഎക്ക് വിട്ടേക്കും. അതിര്‍ത്തി കടന്നുള്ള ഭീകരരുടെ ഇടപെടല്‍ ആക്രമണത്തില്‍ ഉണ്ടായിട്ടുണ്ടെന്നാണ് കേന്ദ്രം സംശയിക്കുന്നത്. അതിനിടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്ന ഒരു സൈനികന്‍ കൂടി വീരമൃത്യു വരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നിഷാന്ത് മാലിക്കാണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ ആണ് രജൗരിയിലെ പാര്‍ഗല്‍ സൈനിക ക്യാമ്പില്‍ ആക്രമണമുണ്ടായത്. സൈനിക വേഷത്തിലെത്തിയ ഭീകരര്‍ ക്യാമ്പിലേക്ക് കടന്നു കയറാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ രണ്ട് ഭീകരര്‍ ആര്‍മി ക്യാമ്പിന്റെ വേലി ചാടിക്കടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സൈന്യം വെടിയുതിര്‍ത്തു.
തുടര്‍ന്ന് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ചാവേര്‍ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരരെത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചു. ആക്രമണത്തില്‍ സൈനികരായ സുബൈദാര്‍ രാജേന്ദ്രപ്രസാദ്, റൈഫിള്‍മാന്‍ മനോജ് കുമാര്‍, ലക്ഷ്മണന്‍ ഡി, നിഷാന്ത് കുമാര്‍ എന്നിവര്‍ വീരമൃത്യുവരിച്ചു. ഗുരുതരമായി പരുക്കേറ്റ് ഓഫീസര്‍ റാങ്കിലുള്ള സൈനികന്‍ അടക്കം അഞ്ച് പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ആക്രമണം നടത്തിയ രണ്ട് ഭീകരരെയും വെടിവച്ച് കൊന്നതായി സൈന്യം അറിയിച്ചു.
കനത്ത സുരക്ഷ നിലനില്‍ക്കുന്ന പ്രദേശത്ത് വന്‍ ആക്രമണം നടത്തുകയായിരുന്നു ഭീകരരുടെ ലക്ഷ്യം. വലിയ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നാണ് സൈന്യം സംശയിക്കുന്നത്. ഈ സാഹചര്യത്തില്‍ കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കുമെന്നാണ് വിവരം.
ആക്രമണം നടന്ന സ്ഥലത്ത് എന്‍ഐഎ ഇന്നലെ പരിശോധന നടത്തിയിരുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജമ്മു കശ്മീരില്‍ ഉടനീളം സുരക്ഷ കര്‍ശനമാക്കിയിരുന്നു. ഇതിനിടെയാണ് സേനാ ക്യാംപില്‍ ആക്രമണം ഉണ്ടായത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന്റെ മൂന്നാം വാര്‍ഷിക ദിനമായിരുന്ന ഓഗസ്റ്റ് 5നും സ്വാതന്ത്ര്യദിനത്തിനും ഇടയില്‍ ഭീകരാക്രമണം നടന്നേക്കാമെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.