CrimeNEWS

ഇറങ്ങാനുള്ള തിരിക്കില്‍ വഞ്ചിനാടില്‍ കോട്ടയം സ്വദേശികള്‍ മറന്നുവച്ചത് പാസ്‌പോര്‍ട്ടും രണ്ടരലക്ഷം മതിപ്പുള്ള സാധനങ്ങളും അടങ്ങുന്ന ബാഗ്

കോട്ടയം: പാസ്‌പോര്‍ട്ടും ഫോണുകളുമടക്കം വിലപിടിപ്പുള്ള സാധനങ്ങളടങ്ങിയ ബാഗ് ട്രെയിനില്‍ മറന്നുവച്ച കുടുംബത്തിന് തുണയായി ആര്‍.പി.എഫ്. ഇടപെടല്‍.

വഞ്ചിനാട് എക്‌സ്പ്രസില്‍ തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് യാത്ര ചെയ്ത വാഴൂര്‍ സ്വദേശികളായ സോമി, ഭാര്യ ജോസ്മി എന്നിവരാണ് ഡി 1 കോച്ചില്‍ തങ്ങളുടെ ബാഗ് മറന്ന് കോട്ടയത്ത് ഇറങ്ങിയത്.

Signature-ad

രണ്ടു സ്വര്‍ണവളകള്‍, ഒരു സ്വര്‍ണമാല, 5,000 രൂപ, രണ്ടു സ്മാര്‍ട്ട്‌ഫോണ്‍, രണ്ടു സ്വര്‍ണനാണയം, പാസ്‌പോര്‍ട്ട്, കാറിന്റെയും ലോക്കറിന്റെയും താക്കോല്‍, മറ്റു രേഖകള്‍ ഉള്‍പ്പെടെ രണ്ടര ലക്ഷം രൂപയുടെ സാധനങ്ങളടങ്ങിയ ബാഗാണ് ഇവര്‍ മറന്നത്. കോട്ടയത്ത് ഇറങ്ങിയശേഷമാണ് ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്.

ഉടന്‍ തന്നെ കോട്ടയം ആര്‍.പി.എഫില്‍ വിവരം അറിയിച്ചു. ഇവിടുന്ന് വിവരം നല്‍കിയതനുസരിച്ച് ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ചെങ്ങന്നൂര്‍ ആര്‍.പി.എഫ്. എ.എസ്.ഐ: ഗിരികുമാര്‍ ബാഗ് കണ്ടെത്തി ചെങ്ങന്നൂര്‍ സ്‌റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് കോട്ടയം ആര്‍.പി.എഫ് അറിയിച്ചതനുസരിച്ച് ദമ്പതികള്‍ ചെങ്ങന്നൂരിലെത്തി ബാഗ് കൈപ്പറ്റുകയായിരുന്നു.

ബാഗ് മറന്നുവച്ച രണ്ടു സംഭവങ്ങളിലായി വിലപിടിച്ച രേഖകളും സാധനങ്ങളുമടക്കം അഞ്ചര ലക്ഷം രൂപയുടെ സാധനങ്ങളാണ് ഇന്നലെമാത്രം ചെങ്ങന്നൂര്‍ ആര്‍.പി.എഫിന്റെ ഇടപെടലില്‍ ഉടമസ്ഥര്‍ക്ക് തിരികെലഭിച്ചത്.

Back to top button
error: