കോട്ടയം: സിനിമാ നടന് ദിലീപ് പ്രതിയായ കേസിന്റെ ഗുണം അതിജീവിതയ്ക്കാണു കിട്ടിയതെന്ന് പി.സി. ജോര്‍ജ്. കേസുമായി ബന്ധപ്പെട്ട സംഭവം സത്യമാണെങ്കില്‍ നടിയുടെ വ്യക്തി ജീവിതത്തില്‍ വളരെയധികം പ്രയാസം ഉണ്ടാക്കിയിട്ടുണ്ടാകും. എന്നാല്‍ ഈ ഇഷ്യു ഉണ്ടായതിനാല്‍ പൊതുമേഖലയില്‍ ലാഭം മാത്രമാണ് അതിജീവിതയ്ക്ക് ഉണ്ടായത്. തുടര്‍ച്ചയായി കേസുകള്‍ സജീവമായി നില്ക്കുന്നതിനാല് അതിജീവിതയ്ക്ക് സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചുവെന്നും ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരാമര്‍ശം ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരോടും പിസി ജോര്‍ജ് രോക്ഷം പ്രകടിപ്പിച്ചു.
ഒരു സമുദായത്തിന്റെ ആവശ്യപ്രകാരം ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കിയ നടപടി ശരിയായില്ല. ശ്രീറാം വെങ്കിട്ടരാമന് കുറ്റവാളിയെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ല. ഈ സഹാചര്യത്തില്‍ കലക്ടറായി നിയമിച്ച ഒരാളെ സമ്മര്‍ദം ചെലുത്തി മാറ്റിയ നടപടി തെറ്റാണ്. മുസ്ലിം സമുദായത്തിന്റെ പിന്തുണ ലഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ നാടകമാണ് ആലപ്പുഴയിലെ നിയമനവും പിന്നീടുണ്ടായ മാറ്റവുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ജോര്‍ജ് പറഞ്ഞു.
സഹകരണ ബാങ്കുകളില്‍നിന്നു ഭരണസമിതിയംഗങ്ങള്‍ വായ്പ എടുക്കുന്നതില്‍ നിയന്ത്രണം വരുത്താതെ ബാങ്കുകളിലെ കൊളള അവസാനിക്കില്ല. കേരളം ഭരിക്കുന്നത് ഏറ്റവും വലിയ കൊള്ളക്കാരനാണ്. അതാണ് സഹകരണ ബാങ്കുകളില്‍ ഇത്രയധികം കൊള്ള നടക്കാന്‍ കാരണം. മുഖ്യമന്ത്രി പിണറായി വിജയനു രണ്ടുമാസത്തിനുള്ളില്‍ രാജിവച്ചൊഴിയേണ്ടി വരുമെന്നും അദേഹം പറഞ്ഞു.