CrimeNEWS

പശ്ചിമബംഗാളിലെ കല്‍ക്കരി കുംഭകോണം: എട്ട് ഐ.പി.എസ്. ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ച് ഇ.ഡി.

ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് എട്ട് ഐ.പി.എസ്. ഉദ്യോഗസ്ഥരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചു. 21-നും 31-നും മധ്യേ വിവിധ ദിവസങ്ങളിലായി ന്യൂഡല്‍ഹിയിലെ ഇ.ഡി. ആസ്ഥാനത്തു ഹാജരാകാനാണ് നിര്‍ദേശം. ഗ്യാന്‍വന്ത് സിങ്, കോതേശ്വര റാവു, എസ്. ശെല്‍വമുരുകന്‍, ശ്യാം സിങ്, രാജീവ് മിശ്ര, സുകേഷ്‌കുമാര്‍ ജെയ്ന്‍, തഥാഗത ബസു തുടങ്ങിയവര്‍ക്കാണ് ഇ.ഡി. നോട്ടീസ് ലഭിച്ചത്.

കല്‍ക്കരി കള്ളക്കടത്തിന്റെ പങ്കുപറ്റി ഇവര്‍ സാമ്പത്തികനേട്ടമുണ്ടാക്കിയതിനു തെളിവുണ്ടെന്ന് ഇ.ഡി. വൃത്തങ്ങള്‍ വ്യക്തമാക്കി. ഇവരില്‍ ഏഴുപേരെ കഴിഞ്ഞവര്‍ഷവും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഔദ്യോഗികവാഹനങ്ങളില്‍ പണം കടത്തിയ ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഈ അഴിമതിയില്‍ പങ്കുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ യുവനേതാവ് വിനയ് മിശ്രയാണു കല്‍ക്കരി കുംഭകോണക്കേസിലെ പ്രധാനപ്രതി. മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുടെ വിശ്വസ്തനാണ് ഇയാള്‍. കേസുമായി ബന്ധപ്പെട്ട് അഭിഷേകിനെ കഴിഞ്ഞ മാര്‍ച്ചില്‍ ഇ.ഡി. ചോദ്യംചെയ്തിരുന്നു. ഇതേ കേസില്‍ സി.ബി.ഐ. അന്വേഷണവും നടക്കുന്നുണ്ട്.

Back to top button
error: