KeralaNEWS

ആര്‍.എസ്.എസുകാരുടെ ശ്രദ്ധയ്ക്ക്, ഗണഗീതം കേട്ട് ഓടിപ്പോയി കയറരുത്, വരുന്നത് കോണ്‍ഗ്രസ് ജാഥയാണ്; അകമ്പടിഗാനം വിവാദമായതോടെ യൂത്ത് കോണ്‍ഗ്രസ് പൊല്ലാപ്പില്‍!

തിരുവനന്തപുരം: നവസങ്കല്പ പദയാത്രയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് നടത്തിയ ഇരുചക്രവാഹന റാലിയില്‍ ആര്‍എസ്എസിന്റെ ഗണഗീതം അകമ്പടിയായതോടെ സാമൂഹികമാധ്യമങ്ങളിലടക്കം വന്‍ വിമര്‍ശനവും രാഷ്ട്രീയ വിവാദവും നേരിട്ട് യൂത്ത് കോണ്‍ഗ്രസ്. എ.ഐ.സി.സി. ആഹ്വാനപ്രകാരം നെയ്യാറ്റിന്‍കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കോണ്‍ഗ്രസ് നവസങ്കല്പ പദയാത്രയിലാണ് വിവാദസംഭവമുണ്ടായത്.

യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസ്സനായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. ഈ പരിപാടിയ്ക്ക് പിന്തുണയര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരുചക്രവാഹന റാലി സംഘടിപ്പിച്ചിരുന്നു. എന്നാല്‍ അനൗണ്‍സ്‌മെന്റുകള്‍ക്ക് ഇടയില്‍ കേട്ടത് കൂരിരുള്‍ നീങ്ങും പ്രഭാതമാകും വീണ്ടും ഭാരതമൊന്നാകുമെന്നുള്ള ആര്‍എസ്എസ് ഗണഗീതമായിരുന്നു. ആര്‍എസ്എസ് ശാഖകളിലും ക്യാമ്പുകളിലും പാടുന്ന ഗണഗീതമാണ് ഇതെന്ന് പിന്നീട് പുറത്തുവന്നതോടെയാണ് യൂത്ത് കോണ്‍ഗ്രസ് വിവാദത്തിലകപ്പെട്ടത്.

Signature-ad

സാമൂഹിക മാധ്യമങ്ങളിലടക്കം ട്രോളുകളും വിമര്‍ശനങ്ങളും നിറഞ്ഞു. ”ആര്‍.എസ്.എസുകാരുടെ ശ്രദ്ധയ്ക്ക്, ഗണഗീതം കേട്ട് ഓടിപ്പോയി കയറരുത്, വരുന്നത് കോണ്‍ഗ്രസ് ജാഥയാണ് ” എന്നതരത്തില്‍ പരിഹാസവും ശക്തമായി. വിമര്‍ശനം രൂക്ഷമായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. പിന്നാലെ പാര്‍ട്ടി ഗ്രൂപ്പുകളില്‍ നിന്നടക്കം പരിപാടിയുടെ വീഡിയോകള്‍ നേതാക്കള്‍ ഇടപെട്ട് നീക്കം ചെയ്തു.

ആര്‍എഎസ്എസിന്റെ ഗാനാജ്ഞലി എന്ന ഗാനശേഖരത്തിലെ പ്രധാന ഗാനമാണ് പരിപാടിയില്‍ കേട്ടത്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകന്‍ ആയിരുന്ന പി. പരമേശ്വരന്‍ അടക്കമുള്ളവരാണ് ഗാനാജ്ഞലിയിലെ ഭൂരിഭാഗം പാട്ടുകളും രചിച്ചിട്ടുള്ളത്. ഈ ഗാനം എങ്ങനെ കോണ്‍ഗ്രസിന്റെ പദയാത്രയില്‍ എത്തിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസിനെതിരെ ഉയരുന്ന വിമര്‍ശനം. സ്വകാര്യ സ്റ്റുഡിയോയില്‍ നല്‍കിയായിരുന്നു റാലിയിലെ അനൗണ്‍സ്മെന്റ് അറിയിപ്പ് റെക്കോര്‍ഡ് ചെയ്തത്. അബദ്ധത്തില്‍ ഗണഗീതം അറിയിപ്പിനിടയ്ക്കുള്ള റെക്കോര്‍ഡില്‍ ഉള്‍പ്പെട്ടതാകാമെന്നും ഗണഗീതം ഉള്‍പ്പെടുത്തിയത് അറിഞ്ഞില്ലെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്. വീഴ്ച ഗൗരവത്തോടെ കാണുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

Back to top button
error: