KeralaNEWS

പോസ്റ്റ് ഓഫീസ് പാഴ്സല്‍ പായ്ക്കിങ്ങിന് ഇനി കുടുംബശ്രീ പ്രവര്‍ത്തകര്‍; പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് എജന്റായും പ്രവര്‍ത്തിക്കാം

തിരുവനന്തപുരം: പോസ്റ്റ് ഓഫീസ് മുഖേന പാഴ്‌സൽ അയക്കുന്ന ഉരുപ്പടികൾ പായ്ക്ക് ചെയ്യാൻ ഇനി കുടുംബശ്രീ പ്രവർത്തകർ. പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് എജന്റ്  ആയും കുടുബശ്രീ അംഗങ്ങൾക്ക് പ്രവർത്തിക്കാൻ സാധിക്കും. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫീസിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുക. ഇതിന്റെ വിജയ സാധ്യതകൾ എത്രത്തോളമെന്ന് പരിശോധിച്ച ശേഷം മാത്രമായിരിക്കും മറ്റു ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുക.

പോസ്റ്റ് ഓഫീസും കുടുംബശ്രീയും തമ്മിലുള്ള ഇത് സംബന്ധിച്ച ധാരണ പത്രം മന്ത്രി എം വി ഗോവിന്ദൻ പോസ്റ്റ് ആൻഡ് ടെലഗ്രാഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ എന്നിവരുടെ സാന്നിധ്യത്തിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ഹജാഫർ മാലിക്, പോസ്റ്റൽ സർവീസ് ഹെഡ് ക്വാർട്ടർ ഡയറക്ടർ കെ കെ ഡേവിസ് എന്നിവർ സംയുക്തമായി ഒപ്പ് വയ്ക്കും.

പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് എജന്റ് ആയി കുടുംബശ്രീ വനിതകൾക്ക് പ്രവർത്തിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. രാജ്യത്ത് പൊതുമേഖലാ, സ്വകാര്യ കമ്പനികള്‍ പല തരത്തിലുള്ള ഇന്‍ഷുറന്‍സ് പോളിസികള്‍ ഉപയോക്താക്കൾക്കായി നൽകുന്നുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പോസ്റ്റ് ഓഫീസ്, എല്‍ഐസി സ്ഥാപനങ്ങൾ നൽകുന്ന ഇൻഷുറൻസും ഇതിൽ ഉൾപ്പെടുന്നു. കുറഞ്ഞ പ്രീമിയം തുകയില്‍ ഉയര്‍ന്ന ആദായമാണ് പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നത്. മാത്രമല്ല, നമ്മുടെ നിക്ഷേപത്തിന് സര്‍ക്കാറിന്റെ സുരക്ഷിതത്വമുണ്ടാകുമെന്നതും പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനുകളെ സവിശേഷമാക്കുന്നു.

ചുരുങ്ങിയ പ്രീമിയം തുകയില്‍ ലഭിക്കുന്ന ഉയര്‍ന്ന ആദായവും മെച്യൂരിറ്റി തുകയില്‍ സര്‍ക്കാറിന്റെ സുരക്ഷിതത്വവുമാണ് പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രധാന പ്രത്യേകതകള്‍. അതിനാൽത്തന്നെ കൂടുതൽ ആളുകളിലേക്ക് ഇത് വ്യാപിപ്പിക്കാൻ കുടുംബശ്രീ വനിതകളെ ചുമതലപ്പെടുത്തുന്നതിലൂടെ കൂടുതൽ പോളിസികൾ പോസ്റ്റ് ഓഫീസിന് ലഭിച്ചേക്കും.

Back to top button
error: