കേരളത്തിലെ ഒരു എംഎൽഎക്ക് ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും എന്തൊക്കെയാണ്? മന്ത്രിമാരുടെയും, പേഴ്സണൽ സ്റ്റാഫുകളുടെയും ഒപ്പം എം.പിമാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും എന്തൊക്കെയാണ്?
കേരളത്തിലെ ഒരു എംഎല്‍എയുടെ പ്രതിമാസ അടിസ്ഥാന ശമ്പളം നിലവില്‍ 2000 രൂപയാണ്. മണ്ഡല അലവന്‍സ് ഇനത്തില്‍ 25,000 രൂപ ലഭിക്കും. ടെലഫോണ്‍ അലവന്‍സായി 11,000 രൂപയും ഇന്‍ഫര്‍മേഷന്‍ അലവന്‍സ് 4000 രൂപയുമുണ്ട്. അതിഥി സല്ക്കാരത്തിനുള്ള അലവന്‍സ് 8000 രൂപ. ആകെ 50,000 രൂപ അലവന്‍സായി ലഭിക്കും. ഒപ്പം യാത്രാ ചെലവുകള്‍ക്കായി 20,000 രൂപ അനുവദിച്ചിട്ടുണ്ട്. ഇതെല്ലാം ചേര്‍ത്ത് 70,000 രൂപയാണ് ഒരു എംഎല്‍എയ്ക്ക് പ്രതിമാസം ലഭിക്കുന്നത്. മന്ത്രിമാരുടെ പ്രതിമാസ അലവന്‍സ് 2000 രൂപയാണ്. ഡിഎ 38,429 രൂപ, മണ്ഡലം അലവന്‍സ് 40,000 രൂപയും ലഭിക്കും.
കേരളത്തില്‍ 2018-ലാണ് ഇതിന് മുമ്പ് സാമാജികരുടെ ശമ്പളം വര്‍ധിപ്പിച്ചത്. മന്ത്രിമാരുടെ ശമ്പളം 55012-ല്‍ നിന്ന് 97,429 ആയും എംഎല്‍എമാരുടെ ശമ്പളം 39500-ല്‍ നിന്ന് 70000 ആയിട്ടുമാണ് അന്ന് വര്‍ധിപ്പിച്ചിരുന്നത്. മന്ത്രിമാരുടെ യാത്രാ ബത്ത കിലോമീറ്ററിന് പത്ത് രൂപയില്‍ നിന്ന് 15 രൂപയാക്കുകയും ചെയ്തിരുന്നു.
കേരളത്തിലെ എംഎല്‍എമാരുടെ ആനുകൂല്യങ്ങള്‍ ഇവയൊക്കെയാണ്
⚡കേരളത്തിനകത്തും പുറത്തുമുള്ള റോഡ് യാത്രയ്ക്ക് കിലോമീറ്ററിന് 10 രൂപ ലഭിക്കും.
⚡ട്രെയിന്‍ യാത്രഫസ്റ്റ് ക്ലാസ്, എസി ടിക്കറ്റ് ചാര്‍ജിന് പുറമേ കിലോമീറ്ററിന് 25 പൈസ നിരക്കില്‍ ലഭിക്കും .
⚡വാഹന ഇന്ധനം മൂന്ന് ലക്ഷം രൂപ ഒരു വര്‍ഷത്തേക്ക് കിട്ടും.
⚡നിയമസഭാ സമ്മേളനം ഉള്‍പ്പെടെയുള്ള ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുക്കുമ്പോള്‍ അലവന്‍സ് – 1000 രൂപ.
⚡കേരളത്തിനു പുറത്ത് ഡിഎ ദിവസം- 1200 രൂപ
⚡യോഗങ്ങളില്‍ പങ്കെടുക്കാനുള്ള വിമാന യാത്രാക്കൂലി – 50000 രൂപ (ഒരു വര്‍ഷത്തേക്ക്)
⚡മെട്രോ പൊളിറ്റന്‍ നഗരങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ നല്കുന്ന ആനുകൂല്യം 3500 രൂപ
⚡ചികിത്സാ ചെലവ് മുഴുവന്‍ മടക്കിക്കിട്ടും
⚡പലിശരഹിത വാഹന വായ്പ 10 ലക്ഷം രൂപ വരെ
⚡ഭവന വായ്പ അഡ്വാന്‍സ്- 20 ലക്ഷം വരെ
⚡പുസ്തകങ്ങള്‍ വാങ്ങാന്‍ പ്രതിവര്‍ഷം 15000 രൂപ
⚡കെ.എസ്.ആര്.ടി.സി ബസിലും , ബോട്ടിലും സൗജന്യയാത്ര
⚡സര്‍ക്കാര്‍ ചെലവില്‍ ഇരുപത് ലക്ഷം രൂപയില്‍ കൂടാത്ത തുകയ്ക്ക് അപകട ഇന്‍ഷുറന്‍സ്
കേരളത്തിലെ മന്ത്രിമാരുടെ ആനുകൂല്യങ്ങള്‍ ഇവയൊക്കെയാണ്.
⚡തിരുവനന്തപുരത്തും അതിനോട് ചേര്‍ന്നുള്ള 8 കിലോമീറ്റര്‍ പരിധിയിലും സഞ്ചരിക്കാന്‍ 17,000 രൂപയുടെ ഇന്ധനം നിറയ്ക്കാം.
⚡കേരളത്തിന് അകത്തും പുറത്തും റോഡ് യാത്രയ്ക്ക് കിലോമീറ്ററിനു 15രൂപ അലവന്‍സ്
⚡കേരളത്തിനകത്തെ യാത്രകളില്‍ താമസത്തിനു ദിവസേന 1000 രൂപ അലവന്‍സ്
⚡ട്രെയിന്‍ യാത്രഫസ്റ്റ് ക്ലാസ് എസി യാത്ര
⚡സംസ്ഥാനത്തിനകത്തും പുറത്തും വിമാന യാത്ര സൗജന്യം
⚡ഔദ്യോഗിക വസതിയും ടെലഫോണും
⚡കെ.എസ്.ആര്.ടി.സിയിലും സര്‍ക്കാര്‍ ബോട്ടുകളിലും സൗജന്യയാത്ര
⚡ചികിത്സാ ചെലവ് മുഴുവന്‍ മടക്കിക്കിട്ടും
⚡സംസ്ഥാനത്തിനു പുറത്തുള്ള യാത്രകളില്‍ 1500 രൂപ ദിവസേന യാത്രാബത്ത
ഇന്ത്യയിൽ നിയമസഭാ സാമാജികര്‍ക്ക് പ്രതിമാസം ഏറ്റവും ഉയര്‍ന്ന തുക ശമ്പളമായി നല്കുന്ന സംസ്ഥാനം തെലങ്കാനയാണ്. തെലങ്കാന നിയമസഭയുടെ ഔദ്യോഗിക വെബ്സൈറ്റിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്തെ എംഎല്‍എമാര്‍ക്ക് പ്രതിമാസം 2.68 ലക്ഷമാണ് ശമ്പളമായി നല്‍കുന്നത്. അടിസ്ഥാന ശമ്പളമായി 20,000 രൂപയണ് തെലങ്കാനയില്‍ ഒരു എംഎല്‍എയ്ക്ക് ലഭിക്കുക. മറ്റ് അലവന്‍സ് ഇനത്തില്‍ 2.3 ലക്ഷം രൂപ പ്രതിമാസം ലഭിക്കും. ഒപ്പം താമസ അലവന്‍സായി 25,000 രൂപയും യോഗങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ദിവസ അലവന്‍സായി 1000 രൂപയും ലഭിക്കും. മഹാരാഷ്ട്രയില്‍ 2.3 ലക്ഷവും ,ഹിമാചല്‍ പ്രദേശില്‍ 2.1 ലക്ഷം രൂപയും , ജാര്‍ഖണ്ഡില്‍ 2.08 ലക്ഷം രൂപയും ഉത്തരാഖണ്ഡില്‍ രണ്ട് ലക്ഷം രൂപയുമാണ് ശമ്പളമായി നല്‍കുന്നത്.ശമ്പളമെന്ന വിധത്തിൽ കേരളത്തിലെ നിയമസഭാ സാമാജികർക്ക് ലഭിക്കുന്ന തുക മറ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കിയാൽ കുറവാണ്.
മറ്റ് സംസ്ഥാനങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ ഡല്‍ഹി, കേരളം അടക്കമുള്ള സംസ്ഥാനങ്ങളാണ് നിലവിൽ കുറവ് ശമ്പളം എംഎല്‍എമാര്‍ക്ക് നല്‍കുന്നത്. ഒഡീഷയില്‍ അടിസ്ഥാന ശമ്പളം 35,000 രൂപയും അലവന്‍സായി 65,000 രൂപയുമടക്കം മൊത്തം ഒരു ലക്ഷം രൂപ ശമ്പളമായി ലഭിക്കുന്നു. ഡല്‍ഹിയില്‍ 30,000 രൂപ അടിസ്ഥാന ശമ്പളവും മറ്റ് അലവന്‍സുകളും കൂട്ടി 90,000 രൂപയാണ് മൊത്തം ശമ്പളമായി ലഭിക്കുന്നത്. ത്രിപുരയില്‍ 48,420 രൂപ അടിസ്ഥാന ശമ്പളവും 36,422 രൂപ മറ്റ് അലവന്‍സുമായി 84,842 രൂപയാണ് മൊത്തം ശമ്പളമായി ലഭിക്കുന്നത്. പഞ്ചിമ ബംഗാളില്‍ 10,000 രൂപയാണ് അടിസ്ഥാന ശമ്പളം മറ്റ് അലവന്‍സ് ആയി 81,300 രൂപയും ലഭിക്കുന്നുണ്ട്.രാജ്യത്തെ എംഎൽഎമാരുടെ ശരാശരി വേതനം പ്രതിമാസം 1.10 ലക്ഷം രൂപയാണ്. രാജ്യത്ത് ഏറ്റവും കുറഞ്ഞ വേതനം കൈപ്പറ്റുന്നതു മണിപ്പൂരിലെ സാമാജികരാണ്. 18,500 രൂപ മാത്രം. ത്രിപുരയിൽ 24,200 രൂപയാണ് നിയമസഭാ സാമാജികരുടെ ശമ്പളം. തമിഴ്നാട് എംഎൽഎമാരുടെ പ്രതിമാസ ശമ്പളം 1.05 ലക്ഷം രൂപയാണ്.
11 വര്‍ഷത്തിന് ശേഷം ഡല്‍ഹി നിയമസഭയിലെ എംഎല്‍എമാരുടെ ശമ്പളം 66 ശതമാനം വര്‍ധിപ്പിക്കുന്ന ബില്‍ അടുത്തിടെയാണ് പാസാക്കിയത്. ഇതോടെ 12,000 രൂപയായിരുന്ന ശമ്പളം 30,000 ആയി ഉയര്‍ന്നിരുന്നു. നേരത്തെ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ 54,000 രൂപയാണ് എം.എല്‍.എ.മാര്‍ക്ക് ലഭിച്ചിരുന്നത്. ഇതിന് പുറമേ രണ്ട് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് ശമ്പളം നല്‍കാനായി 30,000 രൂപയും അധികമായി അനുവദിച്ചിരുന്നു. പുതിയ വര്‍ധനവോടെ 30,000 രൂപ ശമ്പളവും അലവന്‍സ് ഇനത്തില്‍ 60,000 രൂപയുമടക്കം മൊത്തം 90,000 എംഎല്‍എമാര്‍ക്ക് ലഭിക്കും. 2015-ല്‍ ഡല്‍ഹി നിയമസഭ ഒരു ബില്‍ പാസ്സാക്കിയിരുന്നെങ്കിലും മുന്‍കൂര്‍ അനുമതി നേടാത്തതിനാല്‍ അസാധുവായി.
കേരളത്തിൽ മന്ത്രിമാരുടേയും എം എൽ എമാരുടേയും ശമ്പളം കൂട്ടുന്നതിനെ കുറിച്ചു പഠിക്കാൻ സി എൻ രാമചന്ദ്രൻ നായരെയാണ് ഏകാംഗ കമ്മീഷനായി നിയോഗിച്ചിരിക്കുന്നത്. ആറ് മാസത്തിനുള്ളിൽ കമ്മിഷൻ റിപ്പോർട്ട് നൽകണം. 2018ൽ ജസ്റ്റിസ് ജയിംസ് കമ്മറ്റി ശുപാർശ അനുസരിച്ചാണ് മന്ത്രിമാരുടെ ശമ്പളം 55012 രൂപയിൽ നിന്ന് 90000 രൂപയായും എം എൽ എമാരുടെ ശമ്പളം 39500 രൂപയിൽ നിന്ന് 70000 രൂപയുമാക്കി ഉയർത്തിയത്. അന്ന് ജസ്റ്റിസ് ജയിംസ് കമ്മറ്റി നൽകിയ ശുപാർശ അനുസരിച്ച് മന്ത്രിമാരുടെ ശമ്പളം 1.43ലക്ഷം ആക്കാം എന്നായിരുന്നു . എന്നാൽ മന്ത്രിസഭാ യോഗം അത് 90000 രൂപയിൽ നിജപ്പെടുത്തുകയായിരുന്നു.
ഇന്ത്യൻ പാർലമെന്റ് അംഗങ്ങളുടെ കാര്യം എടുത്താൽ അവരെല്ലാം ലക്ഷ പ്രഭുക്കളാണ് . എം.പിമാരുടെ അടിസ്ഥാന ശമ്പളം: 1,00,000 രൂപയാണ്.അമ്പതിനായിരം ആയിരുന്ന പ്രതിമാസ ശമ്പളം ധനകാര്യ ബില്ല് വഴി പുതുക്കിയത് 2016 ഫെബ്രുവരിയിലാണ്. അന്ന് പ്രതിമാസ പെൻഷൻ 20,000 രൂപയിൽ നിന്ന് 25,000 ആയും ഉയർത്തി. ശമ്പളത്തിനു പുറമേ പരിഷ്കരിച്ച നിരക്കനുസരിച്ച് എം.പിമാർക്ക് 45,000 രൂപ മുതൽ 70,000 രൂപ വരെ മണ്ഡല അലവൻസും, സെക്രട്ടറിമാരുടെ ചെലവിനായി 60,000 രൂപ വരെയും ലഭിക്കും.
ഇതിനൊപ്പം രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർമാർ എന്നിവരുടെ ശമ്പളവും പുതുക്കിയിരുന്നു. അഞ്ചു ലക്ഷം രൂപയാണ് രാഷ്ട്രപതിയുടെ മാസശമ്പളം.
ഉപരാഷ്ട്രപതിക്ക് നാല് ലക്ഷവും , സംസ്ഥാന ഗവർണർമാർക്ക് 3.5 ലക്ഷവും. ഒന്നരലക്ഷം, യഥാക്രമം 1.25 ലക്ഷം, 1.1 ലക്ഷം എന്നിങ്ങനെയായിരുന്നു ഇവരുടെ പഴയ ശമ്പളം.
2020 ഒക്ടോബറിലെ കണക്കനുസരിച്ച് കഴിഞ്ഞ നാലു വർഷംകൊണ്ട് 1997 കോടി രൂപയാണ് നമ്മുടെ ലോക്സഭാ, രാജ്യസഭാ എം.പിമാർക്കായി ശമ്പളം- അലവൻസ് ഇനത്തിൽ ഖജനാവിൽ നിന്ന് ചെലവിട്ടത്. അതായത് നാലുവർഷം കൊണ്ട് ഓരോ ലോക്സഭാ എം.പിക്കും ശരാശരി 71.29 ലക്ഷം രൂപ വരുമാനമുണ്ടായി. രാജ്യസഭാ എം.പിക്കു കിട്ടിയത് 44.33 ലക്ഷം. അഞ്ചു വർഷത്തിലൊരിക്കൽ എം.പിമാരുടെ ശമ്പളം സ്വാഭാവികമായിത്തന്നെ പരിഷ്കരിക്കപ്പെടുന്ന വിധമാണ് നിയമം. അതിൻ പ്രകാരം അടുത്ത ശമ്പള പരിഷ്കരണം 2023ലാണ് .
കേരളത്തിലെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ കാര്യം എടുത്താൽ ഏഴ് ശതമാനം ഡിഎ, 10 ശതമാനം എച്ചആർഎ ഇതിന് പുറമെ മെഡിക്കൽ റീ ഇംപേഴ്സ്മെന്റു ക്വാർട്ടേഴ്സുകളും നൽകണം എന്നാണ് ചട്ടം. കൃത്യമായി യാതൊരു വിദ്യാഭ്യാസ യോഗ്യതയും വേണ്ടാത്ത തസ്തികയാണ് മന്ത്രിമാരുടെയും , പ്രതിപക്ഷ നേതാവിന്റെയും പേഴ്സണൽ സ്റ്റാഫുകളുടേത്.
ഭരണഘടന പ്രകാരം മന്ത്രിമാർക്ക് യോഗ്യത നിർബന്ധമല്ല. ജനപ്രതിനിധികളായ അവർക്ക് ശമ്പളം സർക്കാർ ജീവനക്കാരുടെ ശമ്പളവിഭാഗത്തിൽനിന്നല്ല ലഭിക്കുന്നത്. എന്നാൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ കാര്യത്തിൽ ശമ്പളം സർക്കാർ ജീവനക്കാരുടെ ഹെഡിൽനിന്നാണ്. സർക്കാർ ജീവനക്കാർക്ക് 30 വർഷം സർവീസുണ്ടെങ്കിൽ മുഴുവൻ പെൻഷനും അതിൽ കുറവാണെങ്കിൽ സർവീസ് കാലയളവനുസരിച്ചുള്ള പെൻഷനുമാണ്. ശമ്പള സ്കെയിൽ പ്രകാരം നിയമിക്കപ്പെടുന്നവർക്ക് സർക്കാർ വ്യവസ്ഥ പ്രകാരമുള്ള യോഗ്യതകളും നിർബന്ധമാണ്.
പേഴ്സണൽ സ്റ്റാഫുകൾക്ക് അഞ്ചുവർഷത്തേക്ക് ആണ് നിയമനം . രണ്ടുവർഷം പൂർത്തിയാക്കിയാൽ ആജീവനാന്തം പെൻഷൻ കൊടുക്കണം.
പ്രൈവറ്റ് സെക്രട്ടറിയും , അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമൊക്കെ ആയാൽ ലക്ഷങ്ങളാണ് ശമ്പളം. ഇതിന് പുറമെ വിമാന യാത്രവരെ സൗജന്യം. രണ്ട് വർഷം മാത്രം സർവീസിലിരുന്നാൽ പോലും മൂന്ന് വർഷത്തെ സർവീസ് കണക്കാക്കി പെൻഷനും ആനുകൂല്യങ്ങളും വേറെ. നിലവിൽ മന്ത്രിമാരും മറ്റ് കാബിനറ്റ് പദവിയുള്ളവരും ചേർന്ന് ആകെ നിയമിച്ചിട്ടുള്ള പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം 352 വരും. ഇവർക്കെല്ലാം കൂടി ശമ്പളത്തിന് മാത്രം സംസ്ഥാന ഖജനാവിന് മാസം 1.42 കോടി രൂപയാണ്.
പേഴ്സണൽ സ്റ്റാഫുകളിലെ ബമ്പർ പ്രൈസാണ് പ്രൈവറ്റ് സെക്രട്ടറി, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി എന്നീ പോസ്റ്റുകൾ. ഐഎഎസ് നേടി വർഷങ്ങളുടെ സർവീസിലൂടെ ഡെപ്യൂട്ടി സെക്രട്ടറി പദവിയിലെത്തുന്ന ഉദ്യോഗസ്ഥരുടെ ശമ്പള സ്കെയിലിന് തുല്യമാണ് പ്രൈവറ്റ് സെക്രട്ടറിമാരുടെ ശമ്പള സ്കെയിൽ .ഇത് ഏകദേശം 1,07,800- 1,60,000 വരെ വരും. ഏറ്റവും കുറവ് വേതനം ലഭിക്കുന്നത് പാചകക്കാരനാണ്- പരമാവധി 50200 രൂപവരെ. 70,000 രൂപയ്ക്ക് മുകളിൽ ശമ്പളം ലഭിക്കുന്നവർക്ക് യാത്രയ്ക്ക് ഫസ്റ്റ് ക്ലാസ് ട്രെയിൻ ടിക്കറ്റ് നിരക്കാണ് ടിഎ ആയി ലഭിക്കുക. 77,000 ന് മുകളിലാണെങ്കിൽ വിമാന ടിക്കറ്റ് നിരക്കും ക്ലെയിം ചെയ്യാം.
മുഖ്യമന്ത്രിക്ക് 26 പേഴ്സണൽ സ്റ്റാഫുകളുണ്ട്. പ്രതിപക്ഷ നേതാവിന് 14 സ്റ്റാഫുകളും. ഇവരെ നിയമിക്കുന്നത് സർക്കാർ ഏജൻസിയോ , റിക്രൂട്ട്മെന്റ് സംവിധാനമോ അല്ല. യോഗ്യതകൾ നോക്കാതെ എല്ലാം രാഷ്ട്രീയ നിയമനം. 28 പേർ വരെ പേഴ്സണൽ സ്റ്റാഫ് ആകാമെന്നാണ് ചട്ടം.