കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് പങ്കുളളതായി തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്. തട്ടിപ്പില്‍ ഐജി ലക്ഷ്മണയടക്കമുളളവരെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയത്.
ഉദ്യോഗസ്ഥര്‍ മോന്‍സന്‍ മാവുങ്കലില്‍ നിന്ന് പണം വാങ്ങിയത് കടമായിട്ടാണ്. മോന്‍സന്‍ മാവുങ്കലിന്റെ വീടിനു പോലീസ് സംരക്ഷണം നല്‍കിയതു സ്വാഭാവിക നടപടിയാണെന്നും ക്രൈംബ്രാഞ്ച് ന്യായീകരിച്ചു. ഇതുവരെ നടന്ന അന്വേഷണത്തില്‍ ഉദ്യോഗസ്ഥരുടെ പങ്കു വ്യക്തമാകുന്ന ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണു ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. ഐ.ജി. ജി. ലക്ഷ്മണ്‍, മുന്‍ ഡി.ഐ.ജി. എസ്. സുരേന്ദ്രന്‍, സി.ഐ: എ. അനന്തലാല്‍, എസ്.ഐ: എ.ബി. വിബിന്‍, മുന്‍ സി.ഐ. പി.ശ്രീകുമാര്‍ എന്നിവര്‍ക്കെതിരേ തെളിവില്ല.
മുന്‍ ഡി.ഐ.ജി. എസ്. സുരേന്ദ്രനും കുടുംബത്തിനും മോന്‍സന്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടായിരുന്നു. എന്നാല്‍ തട്ടിപ്പുകേസില്‍ പ്രതിയാക്കാനുള്ള തെളിവു ലഭിച്ചില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെതിരായ എല്ലാ ആരോപണങ്ങളും അന്വേഷിക്കുകയാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ജയിലില്‍ കഴിയുന്ന മോന്‍സന്റെ വീട്ടില്‍ നിന്നും മറ്റും കണ്ടെടുത്ത ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്കയച്ചു തെളിവുകള്‍ ശേഖരിക്കണമെന്നും അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ഹര്‍ജി അനുവദിക്കരുതെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഹൈക്കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും.