കുവൈത്ത് സിറ്റി: കുവൈത്തില്‍ അവിവാഹിതര്‍ക്ക് കഷ്ടകാലം. പരാതികള്‍ ഏറിയതോടെ 53 കെട്ടിടങ്ങളില്‍നിന്ന് അവിവാഹിതരായ താമസക്കാരെ പുറത്താക്കിയതായി അധികൃതര്‍. കുവൈത്തിലെ വിവിധ ഗവര്‍ണറേറ്റുകളിലെ പ്രൈവറ്റ് ഹൗസിങ് ഏരിയകളില്‍ താമസിച്ചിരുന്ന അവിവാഹിതരായ പുരുഷന്മാരെപ്പറ്റി കഴിഞ്ഞ വര്‍ഷം 200 പരാതികളാണ് ലഭിച്ചതെന്ന് അധികൃതര്‍ പറയുന്നു. ഫര്‍വാനിയ, മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റുകളിലെ മുനിസിപ്പല്‍ അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ അമ്മാര്‍ അല്‍ അമ്മാറാണ് ഇക്കാര്യം അറിയിച്ചത്.
അല്‍ ആസിമ, ഹവല്ലി, ഫര്‍വാനിയ, ജഹ്‌റ ഗവര്‍ണറേറ്റുകളിലെ മുനിസിപ്പാലിറ്റി ബ്രാഞ്ചുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 41 നിയമ ലംഘന റിപ്പോര്‍ട്ടുകള്‍ അയച്ചതായും ഇവിടങ്ങളില്‍ അവിവാഹിതര്‍ താമസിച്ചിരുന്ന 53 കെട്ടിടങ്ങളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിച്ചതായും മുനിസിപ്പാലിറ്റി മന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മുനിസിപ്പല്‍ അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ആഭ്യന്തര മന്ത്രാലയം, ജല – വൈദ്യുത മന്ത്രാലയം എന്നിവയുടെ പൂര്‍ണ സഹകരണത്തോടെയാണ് രാജ്യത്തെ പ്രൈവറ്റ്, മോഡല്‍ ഹൗസിങ് ഏരിയകളില്‍ നിന്നുള്ള അവിവാഹിതരുടെ ഒഴിപ്പിക്കല്‍ നടപടികള്‍ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നതെന്നും ഫോളോ അപ്പ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ അല്‍ അമ്മാര്‍ വിശദീകരിക്കുന്നു. ഇക്കാര്യത്തില്‍ പരാതി ലഭിച്ചാല്‍ സ്വീകരിക്കുന്ന പ്രത്യേക നടപടിക്രമങ്ങള്‍ തന്നെയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
അവിവാഹിതരെ അനുവദിക്കാത്ത ഏരിയകളിലെ കെട്ടിടങ്ങളില്‍ അവര്‍ താമസിക്കുന്നുണ്ടെന്ന് പരാതി ലഭിച്ചാല്‍ ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയിലെ എഞ്ചിനീയറിങ് ഓഡിറ്റ് ആന്റ് ഫോളോഅപ്പ് ഡിപ്പാര്‍ട്ട്‌മെന്റ് കെട്ടിടം പരിശോധിച്ച് പരാതി സത്യമാണോ എന്ന് കണ്ടെത്തുന്നതാണ് ആദ്യപടി. പിന്നീട് ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയിലെ എഞ്ചിനീയറിങ് ഓഡിറ്റ് ആന്റ് ഫോളോഅപ്പ് ഡിപ്പാര്‍ട്ട്‌മെന്റ് തന്നെ കെട്ടിട ഉടമയ്ക്ക് മുന്നറിയിപ്പ് നല്‍കും.
അവിവാഹിതര്‍ താമസിക്കുന്നുണ്ടോയെന്ന് എഞ്ചിനീയറിങ് ഓഡിറ്റ് ആന്റ് ഫോളോഅപ്പ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരിശോധനയില്‍ സ്ഥിരീകരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഡിറ്റക്ടീവുകളുടെ സഹായം തേടുകയും കെട്ടിടത്തിന്റെ ഉടമയ്‌ക്കെതിരെ നിയമലംഘന റിപ്പോര്‍ട്ട് തയ്യാറാക്കി ബന്ധപ്പെട്ട സര്‍ക്കാര്‍ വിഭാഗങ്ങളുടെ പരിഗണനയ്ക്ക് അയക്കുകയും ചെയ്യും. ഇതോടൊപ്പം കെട്ടിടത്തിലേക്കുള്ള വൈദ്യുതി, കുടിവെള്ള കണക്ഷനുകളും വിച്ഛേദിക്കും. നിയമലംഘനം അവസാനിപ്പിച്ച് ആളുകളെ ഒഴിപ്പിച്ച ശേഷമേ കണക്ഷനുകള്‍ പുനഃസ്ഥാപിച്ച് നല്‍കുകയുള്ളൂ.