ഗ്വാളിയോർ: യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ വിവാദ സന്ന്യാസി വൈരാഗ്യ നന്ദഗിരി എന്ന മിർച്ചി ബാബ അറസ്റ്റിൽ. തിങ്കളാഴ്ച ഗ്വാളിയോർ നഗരത്തിലെ ഹോട്ടലിൽ നിന്നാണ് മിർച്ചി ബാബയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമായി ഭോപ്പാലിലേക്ക് കൊണ്ടുപോയതായി ഗ്വാളിയോർ പൊലീസ് സൂപ്രണ്ട് അമിത് സംഘി മാധ്യമങ്ങളോട് പറഞ്ഞു.
മധ്യപ്രദേശിലെ റെയ്‌സൻ ജില്ലയിൽ നിന്നുള്ള സ്ത്രിയാണ് ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. വിവാഹം കഴിഞ്ഞ് നാല് വർഷമായിട്ടും ഗർഭം ധരിക്കാൻ കഴിയാത്തതിന് പരിഹാരം തേടിയാണ് യുവതി മിർച്ചി ബാബയുടെ അടുത്തെത്തിയത്. ആശ്രമത്തിൽവെച്ച് മിർച്ചി ബാബ നൽകിയ ഭക്ഷണം കഴിച്ചതോടെ ബോധരഹിതയാകുകയായിരുന്നെന്നും അബോധാവസ്ഥയിൽ ഇയാൾ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്നും യുവതി പരാതിയിൽ പറഞ്ഞു.
മധ്യപ്രദേശിലെ രാഷ്ട്രീയക്കാരുമായി ഏറെ അടുപ്പമുള്ളയാളായിരുന്നു മിർച്ചി ബാബ. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരസ്യമായി പിന്തുണച്ചു. തുടർന്ന് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയത്തിനായി കോൺഗ്രസിന്റെ പിന്തുണയോടെ അഞ്ച് ക്വിന്റൽ മുളക് ഉപയോഗിച്ച് യജ്ഞം നടത്തി. ദിഗ്‌വിജയ സിങ്ങിന് വേണ്ടിയും ബാബ രംഗത്തിറങ്ങി. ദിഗ് വിജയ് സിങ് പരാജപ്പെട്ടാൽ താൻ ജലസമാധി അടയുമെന്ന് പറഞ്ഞു. ഇന്ധന വിലവർധനവിൽ കേന്ദ്ര സർക്കാറിനെതിരെ രംഗത്തെത്തി.
2018ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സർക്കാർ മിർച്ചി ബാബയ്ക്കും മറ്റ് മൂന്ന് സന്യാസിമാർക്കും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നെങ്കിലും നിരസിച്ചു. 2018 ലെ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഉന്നത പദവി നൽകി. വിവാദ ചിത്രമായ കാളിയുടെ നിർമ്മാതാക്കളുടെ തലവെട്ടാൻ തയ്യാറുള്ളവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചാണ് ഒടുവിൽ വാർത്തകളിൽ ഇടംപിടിച്ചത്.