റാന്നി : കോടികൾ ചെലവിട്ട് ഉന്നതനിലവാരത്തിൽ വികസിപ്പിച്ച റാന്നി ഔട്ടർ റിങ് റോഡ് വഴി കെഎസ്ആർടിസി ഗ്രാമവണ്ടി സർവീസുകൾ ആരംഭിക്കണമെന്ന് ആവശ്യം.
ചെല്ലക്കാട്-പൂഴിക്കുന്ന്, പുള്ളോലി-നെല്ലിക്കമൺ, ഉന്നക്കാവ്-പൂമല എന്നീ ഗ്രാമീണ റോഡുകൾ വികസിപ്പിച്ചാണ് ഔട്ടർ റിങ് റോഡ് നിർമ്മിച്ചിരിക്കുന്നത്.ഇതിൽ ഏറിയ പങ്കും അങ്ങാടി പഞ്ചായത്തിന് കീഴിൽ വരുന്ന പ്രദേശങ്ങളാണ്.അതിനാൽത്തന്നെ അങ്ങാടി പഞ്ചായത്താണ് ഇതിന് മുൻകൈ എടുക്കേണ്ടത്.
പൊതുഗതാഗത സൗകര്യം കുറവുള്ള സ്ഥലങ്ങളിലേക്കും, ഗ്രാമപ്രദേശങ്ങളിലേക്കും, സാമൂഹികമായി പിന്നാക്കം നിൽക്കുന്ന മേഖലകളിലേക്കും പൊതു ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിന് ആരംഭിക്കുന്ന പ്രത്യേക കെഎസ്ആർടിസി ബസ് സർവീസാണ് ’ഗ്രാമവണ്ടി’.
തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കെഎസ്ആർടിസി ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്.ബസുകളുടെ ഇന്ധന ചെലവും ജീവനക്കാരുടെ താമസ ചെലവും തദ്ദേശ സ്ഥാപനങ്ങൾ വഹിക്കണം എന്നാണ് നിബന്ധന.