KeralaNEWS

ആര്‍.എസ്.എസ്. നിയന്ത്രണത്തിലുള്ള സംഘടനയുടെ പരിപാടിയില്‍ കോഴിക്കോട് മേയര്‍; ശിശുപരിപാലനത്തില്‍ കേരളം ഉത്തരേന്ത്യയേക്കാളും പിന്നിലാണെന്ന് വിമര്‍ശനവും: അംഗീകരിക്കില്ല, പരസ്യമായി തള്ളുന്നെന്നു സി.പി.എം.

കോഴിക്കോട്: സംഘപരിവാര്‍ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ് പങ്കെടുത്തത് വന്‍ രാഷ്ട്രീയ വിവാദമായി. പരിപാടിയില്‍ പങ്കെടുത്തു എന്നു മാത്രമല്ല, കേരളത്തെക്കാള്‍ ശിശുപരിപാലനത്തില്‍ മുന്നില്‍ യു.പി.ആണ് എന്ന് പരിപാടിയില്‍ മേയര്‍ പ്രസംഗിക്കുക കൂടി ചെയ്തതോടെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ മേയര്‍ക്കെതിരേയും ബി.ജെ.പി. മേയറെ പിന്തുണച്ചും രംഗത്തെത്തി. മേയറെ തള്ളി പ്രസ്താവന ഇറക്കി സി.പി.എമ്മും വിഷയത്തില്‍ നിലപാട് വ്യക്തമാക്കി.

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ബാലഗോകുലം സംഘടിപ്പിക്കുന്ന മാതൃസംഗമങ്ങളുടെ ഭാഗമായി കോഴിക്കോട്ട് നടന്ന ബാലഗോകുലം സ്വത്വ 2022 മാതൃസമ്മേളനത്തിലാണ് മേയര്‍ പങ്കെടുത്തത്. കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും വടക്കേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നതെന്നും മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മേയര്‍ പരാമര്‍ശിച്ചു. പ്രസവിക്കുമ്പോള്‍ കുട്ടികള്‍ മരിക്കുന്നില്ലെന്നത് മാത്രമല്ല പ്രധാനം. ചെറുപ്പം മുതല്‍ അവരെ സ്‌നേഹിക്കണം. കേരളീയര്‍ കുട്ടികളെ സ്‌നേഹിക്കുന്നതില്‍ സ്വാര്‍ത്ഥരാണെന്നും ബീന ഫിലിപ്പ് അഭിപ്രായപ്പെട്ടു.

സംഭവം വിവാദമായതോടെ, മേയര്‍ക്കെതിരേ കോണ്‍ഗ്രസ് രംഗത്തുവന്നു. സിപിഎം- ആര്‍എസ്എസ് ബാന്ധവം ശരി വയ്ക്കുന്ന സംഭവമാണ് കോഴിക്കോട് മേയര്‍ ആര്‍എസ് എസ് പരിപാടിയില്‍ പങ്കെടുത്തതെന്നും ഉത്തരേന്ത്യയെ പുകഴ്ത്തിയുള്ള മേയറുടെ പ്രസംഗം പാര്‍ട്ടി അംഗീകരിക്കുമോയെന്നും കോണ്‍ഗ്രസ് ചോദിച്ചു.

ഇതിനു പിന്നാലെ, അമ്മമാരുടെ കൂട്ടായ്മയിലാണ് താന്‍ പങ്കെടുത്തതെന്നും പരിപാടിക്ക് പോകരുതെന്ന് പാര്‍ട്ടി കര്‍ശനമായി പറഞ്ഞിട്ടില്ലെന്നും വിശദീകരിച്ച് മേയര്‍ രംഗത്തുവന്നു. ബാലഗോകുലം ആര്‍എസ്എസിന്റെ പോഷക സംഘടനയാണെന്ന് തോന്നിയിട്ടില്ല, കുട്ടികളെ ഉണ്ണിക്കണ്ണനെ പോലെ കരുതണമെന്നാണ് പറഞ്ഞത്, വിവാദമുണ്ടായതില്‍ ഏറെ ദുഖമുണ്ട് എന്നായിരുന്നു മേയര്‍ പ്രതികരിച്ചത്.

അതേസമയം ബി.ജെ.പി. മേയര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി. മേയര്‍ പങ്കെടുത്തത് വിവാദമാക്കുന്നവര്‍ സങ്കുചിത മനസുള്ളവരാണ്. ഇത് അപകടകരമായ സ്ഥിതിവിശേഷത്തിലേയ്ക്ക് നയിക്കും. നഗരപിതാവ് എന്ന നിലയിലാണ് അവരെ ക്ഷണിച്ചത്. വ്യത്യസ്ത രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍ സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. സിപിഎമ്മും അതിനെ എതിര്‍ക്കുമെന്ന് കരുതുന്നില്ലെന്നായിരുന്നു ബി.ജെ.പി. നേതാക്കളുടെ പ്രതികരണം.

എന്നാല്‍ മേയറുടെ നടപടി പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയായെന്നാണ് സി.പി.എം വിലയിരുത്തുന്നത്. തുടര്‍ന്ന് മേയര്‍ ബീന ഫിലിപ്പിനെ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ പ്രസ്താവനയിറക്കി.

‘കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയില്‍ പങ്കെടുത്ത് സംസാരിച്ചത് ശരിയായില്ല. ഇക്കാര്യത്തിലുള്ള മേയറുടെ സമീപനം സി.പി.എം എല്ലാ കാലവും ഉയര്‍ത്തിപ്പിടിച്ചുവരുന്ന പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണ്. ഇത് സി.പി.ഐ.എം-ന് ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ല. അക്കാരണം കൊണ്ടുതന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്നതിന് സി.പി.എം തീരുമാനിച്ചു’, പി. മോഹനന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Back to top button
error: