NEWS

പുത്തുമല, കവളപ്പാറ ദുരന്തങ്ങൾക്ക് മൂന്നു വയസ്സ്

ര്‍മ്മയില്ലേ, മൂന്നു വർഷങ്ങൾക്കു മുമ്പ് ഉരുള്‍പൊട്ടലുണ്ടായി പ്രളയം പതിനേഴ് ജീവനുകളെടുത്ത പുത്തുമലയെ, പെട്ടൊന്നൊരു ദിവസം ഇല്ലാതായിപ്പോയ കവളപ്പാറ എന്ന ഗ്രാമത്തെ…! ജീവനുവേണ്ടി ഉയര്‍ന്നു പൊങ്ങിയ കൈകളെയും നിലയില്ലാക്കയത്തിലേക്ക് മറഞ്ഞുപോകുന്ന ഉറ്റവരെയും നോക്കി നിലവിളിക്കാന്‍ പോലും പറ്റാതായിപ്പോയ ആ ഗ്രാമവാസികളെ..!!
മലയല്ലാതായിത്തീർന്ന പുത്തുമലയ്ക്കു മീതെ ഇപ്പോഴും മഴ പെയ്യുന്നുണ്ടാവാം.ഒരു കൂട്ടം മനുഷ്യരുടെ ആർത്തിയിൽ അനങ്ങാനോ കരയാനോ കഴിയാതെ ഞെരിഞ്ഞുപോയ ജീവിതങ്ങളുടെ കണ്ണീരുപോലെ. എങ്ങനെയാണ് മനസ്സാക്ഷിയുള്ള ഒരു സമൂഹം അവരുടെ ആത്മാക്കളോട് മറുപടി പറയുക.എന്ത് മനുഷ്യാവകാശത്തെപ്പറ്റിയായിരിക്കും നാം ഇതിനുമുമ്പ് അവരോട് വാതോരാതെ സംസാരിച്ചിരിക്കുക!
വയലുകൾ നികത്തിയും നദികൾ കൈയ്യേറിയും മലകൾ തുരന്നും പാറകൾ പൊട്ടിച്ചും കുന്നിൻ മുകളിൽ വാട്ടർ തീം പാർക്കുകൾ പണിതും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തന്നെ തകിടം മറിച്ചവർ ഇന്നും ഈ ഭൂമിമലയാളത്തിൽ സ്വസ്ഥമായി കഴിയുന്നുണ്ട്.ഈ ദുരന്തങ്ങൾക്കൊക്കെ എന്ത് ന്യായീകരണമായിരിക്കും അവർക്ക് പറയാനുള്ളത് !! ഇതിനൊക്കെ പാരിസ്ഥിതിക അനുമതി  നൽകിയത്  ആരാണ് ?
വയനാട് പുത്തുമല ദുരന്തം-2019 ഓഗസ്റ്റ് എട്ട്, ഉച്ച കഴിഞ്ഞ് 3.30
മരിച്ചവരുടെ എണ്ണം: 17
പൂര്‍ണമായും തകര്‍ന്നത്: 57 വീടുകള്‍
ഭാഗികമായി തകര്‍ന്നത്: നൂറിലധികം വീടുകള്‍
 പുത്തുമലയോടൊപ്പം തന്നെ ഉരുൾ പൊട്ടലുണ്ടായ മലപ്പുറം ജില്ലയിലെ കവളപ്പാറയുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ മാത്രം അധികൃതവും അല്ലാത്തതുമായ ഇരുപത്തിയേഴു ക്വാറികൾ ഉണ്ടെന്നാണ് പിന്നീട് പുറത്തുവരുന്ന വിവരം.ഇനി പറയൂ,ഉരുൾ പൊട്ടലുണ്ടാക്കിയത് പ്രകൃതിയോ അതോ മനുഷ്യനോ ?
 കവളപ്പാറയിൽ മുത്തപ്പൻമല ഇടിഞ്ഞിറങ്ങി 2019 ആഗസ്ത് എട്ടിനാണ് 59 പേർ മരിച്ച ദുരന്തമുണ്ടായത്.
ഹരിത ട്രിബ്യൂണലിന്റെയും ഹൈക്കോടതിയുടെയുമൊക്കെ നിബന്ധനകൾ മറികടന്ന് ഇന്നും എത്രയോ ക്വാറികൾ നമ്മുടെ മലകളെ തുരന്നു തിന്നുന്നുണ്ട്..ഈ ദുരന്തങ്ങളിൽ നിന്ന് എന്തെങ്കിലും പാഠം നാം പഠിച്ചുവോ ? ഇനിയും എത്ര ജീവിതങ്ങൾ ബലി കൊടുക്കേണ്ടി വരും സർ, നിങ്ങളുടെ കണ്ണുകളൊന്നു തുറന്നു കിട്ടുവാൻ..?
 പറഞ്ഞുവരുന്നത് ഇതാണ് സർ… ഗാഡ്ഗിൽ റിപ്പോർട്ട്  നമുക്ക വീണ്ടുമൊന്ന് ചർച്ച ചെയ്യണ്ടേ..? അതെ,സർ.. അതിനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്.അത് കാലഘട്ടത്തിന്റെ ആവശ്യമാണ്;ഈ ഭൂമിമലയാളത്തിന്റ നിലനിൽപ്പിന് അത്യാവശ്യവുമാണ്!
 3000 മുതൽ 4000 അടിവരെ ഉയരത്തിൽ നിരനിരയായി കാണുന്ന മലകളും വൃക്ഷനിബിഡമായ വനങ്ങളും ഉൾക്കൊള്ളുന്ന കേരളത്തിന്റെ സുരക്ഷാ കോട്ടയാണ് സർ പശ്ചിമഘട്ടം.അതിനെ മറന്നുകൊണ്ട് ഇവിടെ ഒരു ജീവിതം സാധ്യമാകുന്നില്ല. 2011ഓഗസ്റ്റ് 31 ന്  കേന്ദ്ര ​വനം ​പരിസ്ഥിതി മന്ത്രാലയത്തിനു  മുൻപാകെ  സമർപ്പിക്കപ്പെട്ട ഗാഡ്ഗിൽ റിപ്പോർട്ടിന്റെ ആമുഖത്തിൽ മാധവ് ഗാഡ്ഗിൽ ഇങ്ങനെ പറയുന്നു:
“അഗസ്ത്യമല ശിരസ്സായും അതിനു താഴെ അണ്ണാമലയും നീലഗിരിയും ഉയർന്ന മാർവിടങ്ങളായും പരന്നുരുണ്ട കാനറ ,ഗോവ മലകൾ മനോഹരമായ നിതംബങ്ങളായും ഉത്തര സഹ്യാദ്രി നീട്ടി പിളർത്തിയ കാലുകളായും കാളിദാസൻ വർണ്ണിച്ചി ട്ടുണ്ട്.നിർഭാഗ്യവശാൽ ഹരിതമേലാപ്പിന്റെ കട്ടിയായ പച്ചപ്പട്ട് പുതച്ച് പ്രൗഢയായി വിരാജിച്ച അവളിന്ന് അതിന്റെ കീറിപ്പറിഞ്ഞ അവശിഷ്ടങ്ങൾ ചുറ്റി നാണം മറക്കാനാവാതെ കേഴുന്ന സ്ഥിതിയിലാണ്.അതിനെ അങ്ങനെ പിച്ചിചീന്തിയതിന് പിന്നിൽ ദരിദ്രരുടെ വിശപ്പടക്കാനുള്ള പരാക്രമത്തേക്കാൾ ഉപരി അതിസമ്പന്നരുടെ അടക്കി നിർത്താനാവാത്ത ആർത്തിയുടെ ക്രൂര നഖങ്ങളാണ്‌ എന്നത് ചരിത്ര സത്യം മാത്രമാണ്..
..പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു.ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമാണ്. അതിനു നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങൾ ഒന്നും വേണ്ട.നാലോ അഞ്ചോ വർഷം മതി.അന്ന് ഞാനും നിങ്ങളും ജീവിച്ചിരുപ്പുണ്ടാകും.ആരാണ് കള്ളം പറയുന്നത്,ഭയപ്പെടുന്നത് എന്ന് നിങ്ങൾക്കു തന്നെ അന്ന് മനസ്സിലാകും”
                     ( മാധവ് ഗാഡ്ഗിൽ )
2011ഓഗസ്റ്റ് 31 ന് കേന്ദ്ര ​വനം ​പരിസ്ഥിതി മന്ത്രാലയത്തിനു  മുൻപാകെ സമർപ്പിക്കപ്പെട്ട ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട്‌, അതിന്റെ ഏകാന്തതയുടെ പതിനൊന്നു വർഷങ്ങൾ
 പൂർത്തീകരിക്കുന്ന ഈ സമയത്തെങ്കിലും നമുക്കിതൊക്കെയൊന്ന് വായിക്കേണ്ടെ സാർ.അതെ സാർ
 കേരളത്തിൽ ജീവിക്കുന്ന ഓരോ മനുഷ്യനും വായിക്കേണ്ട റിപ്പോർട്ടാണ് ഗാഡ്ഗിൽ റിപ്പോർട്ട്.
പക്ഷെ അതിനുമുമ്പേ നിങ്ങൾ,അധികാരി വർഗ്ഗങ്ങളും ഉദ്യോഗസ്ഥരുമാണ് ഇത് ആദ്യം വായിക്കേണ്ടത്. കേരളത്തിന്റെ ഇന്നത്തെ പാരിസ്ഥിതിക പ്രശ്നങ്ങളുടെയെല്ലാം ഒരേയൊരു പോംവഴിയും ഒരുപക്ഷെ ഇതു മാത്രമാകും !

Back to top button
error: