ന്യൂഡല്‍ഹി: ചാര സോഫ്‌റ്റ്വേറായ പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയതിന് തെളിവില്ലെന്ന് സുപ്രീംകോടതി സമിതി റിപ്പോര്‍ട്ട്. ഫോണുകളുടെ സാങ്കേതികപരിശോധനകളില്‍ വിവരം ചോര്‍ത്തിയതിന് തെളിവു കണ്ടെത്താനായിട്ടില്ലെന്ന് വിഷയവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചയാളെ ഉദ്ധരിച്ച് ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ ദിനപത്രം റിപ്പോര്‍ട്ടുചെയ്തു.
ചോര്‍ത്തല്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി രൂപവത്കരിച്ച ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന്‍ അധ്യക്ഷനായ സമിതി ഈമാസമാദ്യമാണ് കോടതിക്ക് അന്തിമ റിപ്പോര്‍ട്ട് കൈമാറിയത്. മുദ്രവെച്ച കവറില്‍ നല്‍കിയ റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് 12-ന് പരിഗണിച്ചേക്കും.
അന്വേഷണത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകരടക്കം ഒട്ടേറെപ്പേരുടെ മൊഴി ശേഖരിച്ചിരുന്നു. ചോര്‍ത്തപ്പെട്ട നൂറിലേറെ ഫോണുകളില്‍ സാങ്കേതികപരിശോധന നടത്തി. ഡിജിറ്റല്‍ ഫൊറന്‍സിക് പരിശോധനയ്ക്കും വിധേയമാക്കി. ഇവയുടെ ഫലവും ഉള്‍പ്പെടുത്തിയാണ് 600-ലേറെ പേജുള്ള വിശദറിപ്പോര്‍ട്ട് തയ്യാറാക്കിയത്. സാങ്കേതിക വിശകലനവും രീതിശാസ്ത്രവും റിപ്പോര്‍ട്ടിലുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു. കോടതിയുടെ പരിഗണനയിലായതിനാല്‍ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് ജസ്റ്റിസ് രവീന്ദ്രന്‍ വ്യക്തമാക്കി.