ചെന്നൈ: തമിഴ്‌നാട്ടില്‍ സിനിമാ പ്രവര്‍ത്തകരുടെ വീടുകളില്‍ ആദായനികുതിവകുപ്പ് നടത്തിയ റെയ്ഡില്‍ 200 കോടിയിലേറെ രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. തമിഴ് സിനിമാ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും വീടുകളിലും സ്ഥാപനങ്ങളിലുമായിരുന്നു റെയ്ഡ്. കണക്കില്‍പ്പെടാത്ത 26 കോടി രൂപയും മൂന്നുകോടിയുടെ സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തെന്ന് ആദായനികുതിവകുപ്പ് അറിയിച്ചു.
നിര്‍മാതാക്കളായ അന്‍പുചെഴിയന്‍, കലൈപുലി എസ്. താണു, ടി.ജി. ത്യാഗരാജന്‍, എസ്.ആര്‍. പ്രഭു, കെ.ഇ. ജ്ഞാനവേല്‍രാജ, എസ്. ലക്ഷ്മണകുമാര്‍ എന്നിവരുടെയും ഇവരുമായി ബന്ധമുള്ള വിതരണക്കാരുടെ സ്ഥലങ്ങളിലുമാണ് കഴിഞ്ഞദിവസം റെയ്ഡ് നടത്തിയത്. ചെന്നൈ, മധുര, വെല്ലൂര്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. സിനിമയില്‍നിന്ന് ലഭിച്ച വരുമാനം കുറച്ചുകാണിച്ചതിന്റെ രേഖകള്‍ പരിശോധനയില്‍ കണ്ടെത്തി.
മറ്റുനിര്‍മാതാക്കള്‍ക്ക് പണം പലിശയ്ക്ക് നല്‍കുകയും ചെയ്യുന്ന അന്‍പുചെഴിയന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയില്‍ പ്രോമിസറി നോട്ടുകളും വായ്പാരേഖകളും പിടിച്ചെടുത്തിട്ടുണ്ട്. വിതരണക്കാര്‍ തിയേറ്ററുകളില്‍നിന്ന് ലഭിച്ച വരുമാനം കുറച്ചുകാണിച്ചതിന്റെ രേഖകളും കണ്ടെടുത്തു.