IndiaNEWS

ജഗ്ദീപ് ധന്‍കര്‍ ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതി

ദില്ലി : ഇന്ത്യയുടെ 14ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകര്‍. 528 വോട്ടുകളുടെ വലിയ വിജയമാണ് ധൻകര്‍ നേടിയിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 372 വോട്ട് വേണമെങ്കില്‍ വോട്ടെടുപ്പിന് മുന്‍പ് തന്നെ 527 വോട്ട് ധൻകര്‍ ഉറപ്പിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ മാര്‍ഗരറ്റ് ആൽവയ്ക്ക് 182 വോട്ട് മാത്രമാണ് നേടാനായത്. 15 വോട്ടുകൾ അസാധുവായി. 200 വോട്ടുകൾ ഉറപ്പിച്ചിരുന്ന പ്രതിപക്ഷത്തിന് എന്നാൽ അതുപോലും നേടാനായില്ല.

780 എംപിമാരിൽ 725 പേരാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായി വോട്ട് ചെയ്തു. അസുഖബാധിതർ ആയതിനാൽ രണ്ട് ബിജെപി എംപിമാർ വോട്ട് ചെയ്തില്ല. സണ്ണി ഡിയോൾ, സഞ്ജയ് ദോത്രെ എന്നിവരാണ് വോട്ട് ചെയ്യാതിരുന്ന ബിജെപി എംപിമാര്‍. 36 എംപിമാരുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ രണ്ട് എംപിമാര്‍മാത്രമാണ് വോട്ട് ചെയ്തത്. 34 എംപിമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. വിമത എംപിമാരായ ശിശിർ അധികാരി, ദിബേന്ദു അധികാരി എന്നിവരാണ് വോട്ട് ചെയ്തത്.

അടുത്ത വ്യാഴാഴ്ചയാണ് ഉപരാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ നടക്കുക. അഭിഭാഷകൻ, ജനപ്രതിനിധി തുടങ്ങിയ നിലയിൽ പ്രവര്‍ത്തിച്ചയാളാണ് ജഗ്ദീപ് ധൻകർ. രാജസ്ഥാനിലെ കിത്താന സ്വദേശിയാണ് ജഗദീപ് ധൻകർ. ഫിസിക്സിൽ ബിരുദം നേടിയ ശേഷം ധൻകർ രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് എൽഎൽബി പൂർത്തിയാക്കി. രാജസ്ഥാൻ ഹൈക്കോടതിയിലും, സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രവർത്തിച്ചു. 1987 ൽ രാജസ്ഥാൻ ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡൻറ് ആയി തെരഞ്ഞെടുക്കപ്പെട്ടു.

2019ൽ പശ്ചിമ ബംഗാൾ ഗവർണറായി ചുമതലയേറ്റു. പിന്നാലെ മുഖ്യമന്ത്രി മമതാ ബാനർജിയുമായുള്ള ഏറ്റുമുട്ടലിൻറെ പേരിൽ ജഗ്ദീപ് ധൻകർ വാർത്തകളിൽ ഇടം നേടി. അടുത്തിടെ സർവ്വകലാശാല ചാൻസലർ സ്ഥാനത്തു നിന്ന് ധൻകറെ മാറ്റിക്കൊണ്ട് മമത സർക്കാർ നിയമം പാസാക്കി. ഗവർണ്ണർ സ്ഥാനത്ത് ഇരിക്കുമ്പോഴും സംസ്ഥാനസർക്കാരിനെതിരെ മാധ്യമങ്ങളിലൂടെ ധൻകർ തുറന്നടിച്ചു.

Back to top button
error: