IndiaNEWS

വാഹനമോടിച്ചയാള്‍ മദ്യലഹരിയില്‍ അപകടമുണ്ടാക്കിയാല്‍ ഒപ്പം യാത്രചെയ്തവരെയും പ്രതികളാക്കാം; നിര്‍ണായക വിധിയുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ: മദ്യപിച്ച് വാഹനമോടിച്ചയാള്‍ അപകടം ഉണ്ടാക്കിയാല്‍ ഒപ്പം യാത്രചെയ്തവര്‍ക്കെതിരെയും കേസെടുക്കാമെന്ന് മദ്രാസ് ഹൈക്കോടതി. ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് അറിഞ്ഞുകൊണ്ട് ആ വാഹനത്തില്‍ യാത്ര ചെയ്താല്‍ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞു മാറാനാകില്ല. മദ്യപിച്ചില്ലെന്നതോ വാഹനം ഓടിച്ചില്ലെന്നതോ നടപടിയില്‍നിന്ന് രക്ഷപ്പെടാനുള്ള കാരണമായെടുക്കാന്‍ പറ്റില്ല. മനഃപൂര്‍വമല്ലാത്ത നരഹത്യാ കുറ്റം യാത്രക്കാര്‍ക്ക് എതിരേയും നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

മദ്യലഹരിയിലായിരുന്നയാള്‍ ഓടിച്ച വാഹനം മറീന ബീച്ചിന് സമീപമുള്ള റോഡില്‍വച്ച് ആളുകള്‍ക്കുമേല്‍ പാഞ്ഞുകയറുകയും മൂന്നുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത കേസില്‍നിന്ന് തന്നെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട്, അപകടമുണ്ടാക്കിയ കാറില്‍ സഞ്ചരിച്ചിരുന്ന ഡോ. ലക്ഷ്മിയാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ഭരത ചക്രവര്‍ത്തി ഹര്‍ജിക്കാരിക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയും ഒപ്പം യാത്രചെയ്തവരും മദ്യപാനിക്കൊപ്പം അറിഞ്ഞുകൊണ്ട് യാത്ര ചെയ്തവരും പ്രതികളാകും എന്ന നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ച് ഹര്‍ജി തള്ളുകയുമായിരുന്നു.

2013 നവംബര്‍ 13ന് പുലര്‍ച്ചെ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അന്‍പുസൂര്യ എന്നയാള്‍ ഓടിച്ച കാര്‍ മറീന ബീച്ച് റോഡില്‍ ഓള്‍ ഇന്ത്യ റേഡിയോക്ക് സമീപം വഴിയാത്രക്കാര്‍ക്ക് മേല്‍ പാഞ്ഞുകയറി രണ്ട് മീന്‍ കച്ചവടക്കാരും ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ഹെഡ് കോണ്‍സ്റ്റബിളും മരിക്കുകയും മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. അന്‍പുസൂര്യയുടെ സഹോദരി ഡോ. ലക്ഷ്മി വാഹനത്തിന്റെ മുന്‍ സീറ്റിലും സുഹൃത്തായ സെബാസ്റ്റ്യന്‍ കൃഷ്ണന്‍ എന്നയാള്‍ പിന്‍ സീറ്റിലും യാത്ര ചെയ്യുന്നുണ്ടായിരുന്നു. അപകടത്തില്‍ വാഹനമോടിച്ചയാള്‍ക്കൊപ്പം സഹയാത്രികര്‍ക്കെതിരെയും പോലീസ് മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.

ഇത് ചോദ്യം ചെയ്താണ് ലക്ഷ്മി ഹൈക്കോടതിയെ സമീപിച്ചത്. താന്‍ മദ്യപിച്ചില്ലായിരുന്നു എന്നും ഇക്കാര്യം മെഡിക്കല്‍ പരിശോധനയില്‍ സ്ഥിരീകരിച്ചതായും ഡോക്ടര്‍ വാദിച്ചു. വാഹനമോടിച്ച സഹോദരന്‍ മദ്യപിച്ചോ എന്നത് മനസ്സിലാക്കാന്‍ ആയില്ലെന്നും അവര്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളി.

സാഹചര്യം പരിഗണിക്കുമ്പോള്‍ പ്രേരണാ കുറ്റം, മനഃപൂര്‍വമല്ലാത്ത നരഹത്യാ കുറ്റം എന്നിവയില്‍ നിന്ന് ഹര്‍ജിക്കാരിക്ക് ഒഴിവാകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. രാത്രിയില്‍ ബീച്ചില്‍ കറങ്ങാന്‍ പോകാമെന്ന് തീരുമാനിച്ചത് മൂന്ന് പേരും കൂടിയാണ്. രാത്രി മൂന്ന് മണിക്ക് ബീച്ചിലേക്ക് യാത്ര പോകുമ്പോള്‍ പരാതിക്കാരി കാറിന്റെ മുന്‍സീറ്റിലായിരുന്നു. അന്‍പുസൂര്യ മദ്യപിച്ചിട്ടുണ്ടെന്ന് കാറില്‍ യാത്ര ചെയ്ത മറ്റ് രണ്ട് പേര്‍ക്കും അറിയാമായിരുന്നു.

മദ്യലഹരിയിലുള്ളയാളുമായി കാറില്‍ കറങ്ങാനിറങ്ങുന്നത് അപകടകരമായ യാത്രയ്ക്കുള്ള പ്രോത്സാഹനമായേ കാണാനാകൂ. അപകടത്തിന് മൂന്ന് പേര്‍ക്കും തുല്യ ഉത്തരവാദിത്തമാണ്. അതുകൊണ്ട് കാറിലുണ്ടായിരുന്നവര്‍ക്കെതിരെ ചുമത്തിയ കുറ്റം നിലനില്‍ക്കുമെന്ന് പരാതിക്കാരിയുടെ ഹര്‍ജി തള്ളി കോടതി വ്യക്തമാക്കി.

Back to top button
error: