കണ്ണൂര്‍: കണ്ണൂരിലെ മലയോര മേഖലയിൽ അതീവ ജാഗ്രത വേണമെന്ന് ജനങ്ങളോട് ജില്ലാ കളക്ടര്‍. മലയോര മേഖലയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ് പിന്നാലെയാണ് കളക്ടറുടെ അഭ്യര്‍ത്ഥന. കനത്ത മഴ തുടരുന്ന സാഹചര്യത്തിലെ ജില്ലയിലെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിലും ജനങ്ങൾക്ക് ജില്ലാ കളക്ടര്‍ ജാഗ്രതാ നിര്‍ദ്ദേശം നൽകി. ഇന്ന് രാത്രി കനത്ത മഴ മുന്നറിയിപ്പ് ഉള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഒറ്റപ്പാലം, മണ്ണാർക്കാട്, അട്ടപ്പാടി മേഖലയിലുള്ളവർ പ്രത്യേക ജാഗ്രത പുലർത്തണമെന്നും ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെയുള്ള എല്ലാ ജനപ്രതിനിധികൾക്കും അറിയിപ്പ് നൽകിയതായും ജില്ലാ കലക്ടർ അറിയിച്ചു.
സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ ദേശിയ ദുരന്ത നിവാരണ സേനയുടെ 9 സംഘങ്ങളെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാട്, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, തൃശൂർ എറണാകുളം ജില്ലകളിലാണ് സേനയെ വിന്യസിച്ചിരിക്കുന്നത്. കൂടുതൽ ടീമുകളെ ആവശ്യപ്പെട്ടിട്ടുമുണ്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി , ഡിഫെൻസ് സർവീസ സ് കോപ്സ് എന്നിവയുടെ രണ്ടു ടീമുകളെ വീതവും ആർമി, നേവി, കോസ്റ്റ് ഗാർഡ് എന്നിവയുടെ ഓരോ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.