KeralaNEWS

പോക്സോ പീഡന കേസിന് പിന്നിൽ ‘സർക്കാരിൽ സ്വാധീനമുള്ള വിഐപി വനിത’: മോൻസൻ മാവുങ്കൽ

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിനായി തട്ടിപ്പ് കേസിലെ പ്രതി മോന്‍സൻ മാവുങ്കല്‍ സുപ്രീം കോടതിയെ സമീപിച്ചു. കേരള ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് മോന്‍സന്റെ നീക്കം. പീഡന കേസുകള്‍ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും ഇതിന് പിന്നിൽ കേരള സർക്കാരിൽ ഉന്നത സ്വാധീനമുള്ള വിഐപി വനിതയാണെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീൽ ഹർജിയിൽ മോൻസൻ മാവുങ്കൽ ആരോപിക്കുന്നത്.

പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ ജാമ്യം ലഭിക്കാനുള്ള സാധ്യത മുന്നിൽ കണ്ട്, തന്നെ ജയിലിനുള്ളില്‍ തന്നെ കിടത്താന്‍ ഉന്നത തലത്തിൽ ഗൂഢാലോചന നടക്കുന്നുവെന്നാണ് മോൻസന്റെ ഹർജിയിലെ വാദം. താൻ ജീവനക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും അവര്‍ കോടതിയില്‍ നല്‍കിയ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്നും ചൂണ്ടിക്കാട്ടി ചില രേഖകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേരളത്തിലെ സര്‍ക്കാരില്‍ ഉന്നത സ്വാധീനം ഉള്ള വി ഐ പി വനിത കാരണമാണ് തനിക്ക് എതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നതെന്നും മോന്‍സൻ ഹർജിയിൽ ആരോപിക്കുന്നുണ്ട്.

തനിക്കെതിരെ മൂന്ന് പീഡന കേസുകള്‍ വന്നതും അതുകൊണ്ടാണെന്നാണ് ഹർജിയിൽ വ്യക്തമാക്കുന്നത്. പോക്‌സോ കേസിലെ അതിജീവിതയുടെ വിസ്താരം പൂര്‍ത്തിയായിട്ടുണ്ട്. കേസില്‍ ഇനി പെണ്‍കുട്ടിയുടെ സഹാദരന്റെയും സഹോദരന്റെ ഭാര്യയുടെയും വിസ്താരമാണ് പൂര്‍ത്തിയാകേണ്ടത്. ഇരുവരും വിദേശത്താണ്. ആയതിനാല്‍ വിസ്താരം നീണ്ടുപോകാനാണ് സാധ്യത. ഈ സാഹചര്യത്തിൽ തനിക്ക് ജാമ്യം അനുവദിക്കണം എന്നാണ് മോന്‍സൻ മാവുങ്കല്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

മോൻസന്‍റെ വീട്ടിലെ ജോലിക്കാരിയുടെ മകളെ വിദ്യാഭ്യാസ സഹായ വാഗ്ദനം ചെയ്ത് പീഡനത്തിനിരയാക്കിയെന്നാണ് പൊലീസ് കണ്ടെത്തൽ. 2018 മുതൽ പ്രതി പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചതായി ക്രൈംബ്രാ‌ഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. മോൻസന്‍റെ മുൻ ജീവനക്കാർ അടക്കം ആകെ 36 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്.

Back to top button
error: