കടുത്തുരുത്തി: വയോധികനെ മകന്‍ വീട്ടില്‍ നിന്നും ഇറക്കി വിട്ടതായി പരാതി. കാണക്കാരി അതമ്പുങ്കല്‍ വീട്ടില്‍ ജോര്‍ജ് എന്ന എ.ജെ സെബാസ്റ്റിയനാണു പരാതിക്കാരന്‍.
1976 മുതല്‍ കൂലി പണി ചെയ്തുണ്ടാക്കിയ വീടും കാണക്കാരിയില്‍ സ്ഥലം വാങ്ങി ആരംഭിച്ച തടിമില്ലും മകന്‍ തട്ടിയെടുത്തുവെന്ന് ജോര്‍ജ് പറയുന്നു.
2012 ല്‍ പ്രതിമാസം 35,000 രൂപ വാടകയ്ക്ക് മില്ല് നടത്താന്‍ രണ്ടു മക്കളുമായി കരാര്‍ വച്ചിരുന്നു. മൂത്തയാള്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇവിടെ നിന്നും പോയതോടെ ഇളയ മകന്‍ തനിച്ചു മില്ല് നടത്തിക്കൊള്ളാമെന്നും വാടക നല്‍കി കൊള്ളാമെന്നുമുള്ള വ്യവസ്ഥയില്‍ മില്ല് ഏറ്റെടുത്തു നടത്തിയെങ്കിലും വാടക തരാതെ കമ്പിളിപ്പിക്കുകയായിരുന്നുവെന്നു ജോര്‍ജ് കടുത്തുരുത്തിയില്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
പിന്നീട് ജില്ലാ കോടതയില്‍ ഇതു സംബന്ധിച്ചു നടന്ന കേസിലും അപ്പീലിലും തനിക്കു അനുകൂലമായി വിധി വന്നതായി ജോര്‍ജ് പറയുന്നു. എന്നാല്‍ തന്റെ സ്വത്തുക്കള്‍ തിരിച്ചു തരാതിരിക്കുന്നതിനായി മകന്‍ ഹൈക്കോടതിയില്‍ അപ്പീലിനു പോയിരിക്കുകയാണ്.
വായ്പയെടുത്താണ് മില്ല് ആരംഭിച്ചതെന്നും മകന്‍ കബളിപ്പിച്ചതോടെ ബാങ്കില്‍നിന്നുമെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ താന്‍ പ്രതിസന്ധിയിലാണെന്നും ജോര്‍ജ് പറയുന്നു.