മധുരൈ: തിളച്ചുകൊണ്ടിരുന്ന പായസപ്പാത്രത്തിലേക്കു വീണ് പൊള്ളലേറ്റ യുവാവ് മരിച്ചു. മധുരൈ സ്വദേശി മുത്തുകുമാര്‍ ആണ് മരിച്ചത്. കഴിഞ്ഞ മാസം 29 ന് മധുരൈയില്‍ നടന്ന അപകടത്തില്‍ ശരീരത്തിന്റെ 65 ശതമാനവും പൊള്ളലേറ്റ യുവാവ് ചികിത്സയില്‍ ഇരിക്കെ ഇന്നലെയാണ് മരിച്ചത്.
‘ആടി വേലി’ ആഘോഷത്തിനിടയായിരുന്നു അപകടം. ആഘോഷങ്ങളുടെ ഭാഗമായി ജനങ്ങള്‍ക്ക് പ്രസാദം വിതരണം ചെയ്യുന്നത് ഇവിടെ പതിവാണ്. ഇത്തരത്തില്‍ പ്രസാദ പായസം തയാറാക്കുന്ന പാചകക്കാരെ സഹായിക്കുന്നതിനിടെയിലായിരുന്നു യുവാവിനെത്തേടി അപകടമെത്തിയത്.
പായസം തിളച്ചുകൊണ്ടിരുന്ന വലിയ പാത്രത്തിലേക്ക് യുവാവ് വീഴുകയായിരുന്നു. എന്നാല്‍ ഇയാള്‍ എങ്ങനെയാണ് അപകടത്തില്‍പ്പെട്ടതെന്ന് വ്യക്തമല്ല. അബദ്ധത്തില്‍ വീണതാണെന്നും, തലകറങ്ങി തിളച്ചുകൊണ്ടിരുന്ന പായസപ്പാത്രത്തിലേക്കു വീഴുകയായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്.
ബോധം പോയ മുത്തുകുമാറിന് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്കും പൊള്ളലേറ്റു. അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.