NEWS

കേരളത്തിൽ അടുത്ത 3 ദിവസം അതിതീവ്ര മഴക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 3 ദിവസം അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെമുന്നറിയിപ്പ്. ഇതേത്തുടർന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്,മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ നാളെ (ആഗസ്റ്റ് 3) റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, കാസർഗോഡ് എന്നീ ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.എങ്കിലും തുടർച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.
 ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ടുകൾ എന്നീ ദുരന്ത സാദ്ധ്യതകൾ മുന്നിൽ കണ്ടുകൊണ്ടുള്ള ജാഗ്രതയും തയ്യാറെടുപ്പുകളും നടത്തണമെന്നും ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ  മഴമാപിനികളിൽ തൃശൂർ, എറണാകുളം ജില്ലകളിലെ ചില പ്രദേശങ്ങളിലാണ് അതിതീവ്ര മഴ രേഖപ്പെടുത്തിയിട്ടുള്ളത് . കോട്ടയം, ഇടുക്കി, പത്തനംതിട്ട, മലപ്പുറം , കണ്ണൂർ, വയനാട് എന്നീ ജില്ലകളിലെയും ചില പ്രദേശങ്ങളിൽ അതിശക്തമായ മഴ ഇന്ന് ലഭിക്കുകയുണ്ടായി.
കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ് പ്രകാരം, പമ്പ(മാടമൺ) നെയ്യാർ(അരുവിപ്പുറം), മണിമല(പുലകയർ), മണിമല(കല്ലൂപ്പാറ) കരമന(വെള്ളകടവ് )എന്നി നദികളിൽ ജലനിരപ്പ് അപകട നിരപ്പ് കടന്നിരിക്കുന്നു. അച്ചൻകോവിൽ(തുമ്പമൺ), കാളിയാർ(കലമ്പുർ, തൊടുപുഴ(മണക്കാട്),  മീനച്ചിൽ(കിടങ്ങൂർ) എന്നീ നദികളിലും ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. നദികളുടെ കരകളിലുള്ള ജനങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പ് നൽകുകയും ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികളും പുരോഗമിച്ചു വരികയാണ്.
അതിതീവ്ര മഴ മുന്നറിയിപ്പ് ലഭിച്ച ജില്ലകളിൽ  ദുരന്ത സാധ്യത പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുകയാണ്. മാറിത്താമസിക്കാൻ ആരും വിമുഖത കാണിക്കരുതെന്നും അധികൃതരുടെ നിർദ്ദേശം പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന രക്ഷാസേനകളുടേയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടേയും പ്രതിനിധകളെ ഉൾപ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമെർജൻസി ഓപ്പറേഷൻസ് സെന്റർ സംസ്ഥാനതല കൺട്രോൾ റൂമായി പ്രവർത്തിക്കുകയാണ്. എല്ലാ ജില്ലകളിലും താലൂക്കുകളിലും കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്.
ദേശീയ ദുരന്ത നിവാരണ സേനയുടെ 9  സംഘങ്ങൾ  ഇടുക്കി, കോഴിക്കോട് വയനാട്, തൃശൂർ , മലപ്പുറം,എറണാകുളം, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിലയുറപ്പിച്ചിട്ടുണ്ട്. കൂടാതെ ഡിഫെൻസ് സെക്യൂരിറ്റി കോപ്സിന്റെ രണ്ടു യൂണിറ്റ് കണ്ണൂർ പാലക്കാട് ജില്ലകളിലും കരസേനയുടെ ഒരു കോളം തിരുവനന്തപുരം ജില്ലയിലും സജ്ജമാക്കിയിട്ടുണ്ട് .
സംസ്ഥാനത്തു അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കാൻ നിയോഗിച്ച കമ്മിറ്റി ജലനിരപ്പ് കൃത്യമായി സ്ഥിഗതികൾ അവലോകനം ചെയ്യുന്നുണ്ട്. ഇന്ന് രാവിലെ  റൂൾ കർവ് മോണിറ്ററിങ് കമ്മിറ്റി അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേരുകയും ജില്ലകളിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തുകയും ചെയ്തു.
നിലവിൽ സംസ്ഥാനത്തു 47 ക്യാമ്പുകളിലായി 757 ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. നിലവിൽ പല ജില്ലകളിലും ദുരന്തസാധ്യത പ്രദേശങ്ങളിൽ നിന്ന് ആൾക്കാരെ മാറ്റിപ്പാർപ്പിക്കുന്നതുമായി ബന്ധപെട്ട് ക്യാമ്പുകൾ ആരംഭിച്ചു കൊണ്ടിരിക്കുകയാണ്.

Back to top button
error: