CrimeNEWS

വീടിന് ഐശ്വര്യം വരുത്താനുള്ള ‘ഇറ്റലിയിലെ പള്ളിവികാരി’യുടെ പ്രാര്‍ഥനയില്‍ അമ്പലപ്പുഴയിലെ വയോധികയ്ക്ക് നഷ്ടമായത് ഒരു പവന്റെ വള

അമ്പലപ്പുഴ: പള്ളി വികാരി ചമഞ്ഞ് എത്തിയയാളുടെ കബളിപ്പിക്കലില്‍ വീട്ടമ്മയ്ക്ക് നഷ്ടമായത് ഒരുപവന്റെ വള. പറവൂര്‍ ഗലീലിയ പറയകാട്ടില്‍ മേരി ഫ്രാന്‍സിസിനെ കബളിപ്പിച്ചാണ് അജ്ഞാതന്‍ വള അടിച്ചുമാറ്റി കടന്നുകളഞ്ഞത്. ഇന്നലെ രാവിലെ 9.30 നാണ് സംഭവം.

രാവിലെ മേരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയത്താണ് ഇറ്റലിയിലെ പള്ളിവികാരിയാണെന്നു പറഞ്ഞ് ഒരാള്‍ എത്തിയത്. വീടിന് ഐശ്വര്യമില്ലെന്നും മേരി ഫ്രാന്‍സിസിന് വളരെയധികം പ്രയാസമുണ്ടെന്നും വന്നയാള്‍ പറഞ്ഞു. എല്ലാം താന്‍ പ്രാര്‍ഥിച്ച് ശരിയാക്കിത്തരാമെന്നും ഇയാള്‍ വയോധികയെ വിശ്വസിപ്പിച്ചു.

തുടര്‍ന്ന് പ്രയാസങ്ങള്‍ മാറാനുള്ള പ്രാര്‍ഥനയെന്ന പേരില്‍ വയോധികയുടെ തലയില്‍ കൈ കൊണ്ട് ആശീര്‍വദിച്ചശേഷം കൈയില്‍ക്കിടന്ന വള ഊരിയെടുക്കുകയായിരുന്നു. എന്തിനാണ് വള ഊരിയതെന്ന് ചോദിച്ചപ്പോള്‍ പ്രാര്‍ഥനയ്ക്കാണെന്നും വൈകിട്ട് അഞ്ചിന് തിരികെ നല്‍കാമെന്നുമായിരുന്നു മറുപടി. ഇതു വിശ്വസിച്ച വയോധിക വൈകുന്നേരം വരെ കാത്തിരുന്നു.

പറഞ്ഞ സമയം കഴിഞ്ഞും വൈദികന്‍ എത്താഞ്ഞപ്പോള്‍ മാത്രമാണ് താന്‍ കബളിപ്പിക്കപ്പെട്ടെന്ന് വയോധികയ്ക്ക് മനസിലായത്. തുടര്‍ന്ന് മേരി ഫ്രാന്‍സിസ് പുന്നപ്ര പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Back to top button
error: