
മനുഷ്യ ശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് പരിമിതമായ തോതില്‍ ആവശ്യമുള്ള വസ്തുവാണ് കൊളസ്ട്രോള്‍. എന്നാല്‍ ഇത് അധികമാകുമ്പോൾ രക്തധമനികളുടെ ഭിത്തികളില്‍ ഒട്ടിപിടിച്ചും ബ്ലോക്ക് ഉണ്ടാക്കിയും പല വിധ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഹൃദ്രോഗം, പക്ഷാഘാതം എന്നിങ്ങനെ പലതരം രോഗസങ്കീര്‍ണതകളാണ് ഉയര്‍ന്ന കൊളസ്ട്രോള്‍ ശരീരത്തിലുണ്ടാക്കുന്നത്.
കൊളസ്ട്രോള്‍ തോത് 240ല്‍ ഉള്ള ഒരാള്‍ക്ക് 200ല്‍ ഉള്ള ഒരാളെ അപേക്ഷിച്ച് ഹൃദയസ്തംഭനം ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്ന് സ്പാനിഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ പറയുന്നു. ഉയര്‍ന്ന കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കുന്ന ആരോഗ്യപ്രദമായ ഭക്ഷണക്രമമാണ് ഡാഷ് ഡയറ്റെന്ന് യുഎസ് നാഷനല്‍ ലൈബ്രറി ഓഫ് മെഡിസിനിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഡയറ്ററി അപ്രോച്ചസ് ടു സ്റ്റോപ്പ് ഹൈപ്പര്‍ടെന്‍ഷന്‍ എന്നതിന്‍റെ ചുരുക്കെഴുത്താണ് ഡാഷ്. രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിനുള്ള ഈ ഭക്ഷണക്രമ സമീപനങ്ങള്‍ കൊളസ്ട്രോള്‍ തോതും കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമായ ഭക്ഷണങ്ങളാണ് ഡാഷ് ഡയറ്റിന്‍റെ പ്രത്യേകത. സോഡിയം, സാച്ചുറേറ്റഡ് കൊഴുപ്പ്, അമിതമായ പഞ്ചസാര എന്നിവ ഈ ഭക്ഷണക്രമത്തില്‍ പരിമിതപ്പെടുത്തുന്നു.
പച്ചക്കറികളും പഴങ്ങളും ഹോള്‍ ഗ്രെയ്നുകളും ഡാഷ് ഡയറ്റലില്‍ ധാരാളം അടങ്ങിയിരിക്കുന്നു. കൊഴുപ്പ് രഹിതമായതും കുറഞ്ഞ കൊഴുപ്പുള്ളതുമായ പാലുത്പന്നങ്ങളാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത. മീന്‍, ചിക്കന്‍, പയര്‍ വര്‍ഗങ്ങള്‍, നട്സ് എന്നിവയും ഡാഷ് ഡയറ്റില്‍ അടങ്ങിയിട്ടുണ്ട്. പ്രതിദിനം ആവശ്യമായ കാലറിയില്‍ 35 ശതമാനത്തിലധികം കൊഴുപ്പില്‍ നിന്ന് ആയിരിക്കരുതെന്നും ഈ ഭക്ഷണക്രമം നിര്‍ദ്ദേശിക്കുന്നു.






