BusinessTRENDING

5ജി സ്‌പെക്ട്രം ലേലം അവസാനിച്ചു; ജിയോ മുന്നേറിയെന്ന് റിപ്പോര്‍ട്ടുകള്‍

ഡല്‍ഹി: 5ജി സ്പെക്ട്രത്തിനായുള്ള ഇന്ത്യയുടെ ആദ്യ ലേലം ഇന്നലെ സമാപിച്ചു. ലേലത്തിന്റെ ഏഴാം ദിവസമായിരുന്നു ഇന്നലെ. 1,50,173 കോടി രൂപയാണ് അവസാന ലേല തുക എന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വോഡാഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, അദാനി ഗ്രൂപ്പ് എന്നിവരാണ് 5ജി സ്പെക്ട്രം ലേലത്തില്‍ പങ്കെടുത്തത്. കമ്പനികള്‍ സ്വന്തമാക്കിയ സ്പെക്ട്രങ്ങള്‍ സംബന്ധിച്ച വിവരം കേന്ദ്രം പുറത്തുവിട്ടിട്ടില്ല.

റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോ, എതിരാളികളായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, കോടീശ്വരൻ ഗൗതം അദാനിയുടെ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് എന്നിവയെല്ലാം കടത്തി വെട്ടി എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം വിറ്റ 4G എയർവേവ്സിന് 77,815 കോടി രൂപയായിരുന്നു മൂല്യം. ഇതിന്റെ ഇരട്ടിയാണ് 5G എയർവേവ്സിന് ലഭിച്ചിരിക്കുന്നത്. 2010 ലെ 3G ലേലത്തിൽ നിന്ന് 50,968.37 കോടി രൂപ ലഭിച്ചിരുന്നു.

Signature-ad

4G-യേക്കാൾ 10 മടങ്ങ് വേഗത, ലാഗ്-ഫ്രീ കണക്റ്റിവിറ്റി എന്നിവ വാഗ്ദാനം ചെയ്യാൻ കഴിവുള്ള എയർവേവുകളിൽ ഏറ്റവും കൂടുതൽ ലേലം വിളിച്ചത് ജിയോയാണ്, തൊട്ടുപിന്നിൽ ഭാരതി എയർടെലും വോഡഫോൺ ഐഡിയയും ഉണ്ടായിരുന്നു. ജൂലൈ 26ന് ആരംഭിച്ച ലേലം ഏഴുദിവസമാണ് നീണ്ടത്. സ്‌പെക്ട്രം വിവതരണം ഓഗസ്റ്റ് 14ന് മുമ്പ് പൂര്‍ത്തിയാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. റിലയൻസ് ജിയോ ലേലത്തിന് മുന്നോടിയായി പതിനാലായിരം കോടി രൂപ കെട്ടിവെച്ചിരുന്നു. ഭാരതി എയർടെൽ 5500 കോടി രൂപയും, വോഡഫോൺ ഐഡിയ 2200 കോടി രൂപയും കെട്ടിവെച്ചു. അദാനി 100 കോടി രൂപയാണ് കെട്ടിവെച്ചത്.

ഇന്റർനെറ്റ് നെറ്റ്‌വർക്കിനെ ചെറു ഉപവിഭാഗങ്ങളായി വിഭജിക്കാമെന്നതാണ് 5ജി നൽകുന്ന സൗകര്യം. സർവ്വീസ് പ്രൊവൈഡർമാർക്ക് പ്രത്യേക മേഖലകളിൽ വേഗതയും നെറ്റ്‌വർക്ക് ഉപയോഗവും നിയന്ത്രിക്കാനും അതു വഴി ഉപയോക്താവിന് മെച്ചപ്പെട്ട സേവനം നൽകാനുമാകും. കൂടുതൽ ഉപകരണങ്ങൾ ഓൺലൈനാകും.

ലോ ഫ്രീക്വൻസി ബാന്‍ഡ് വിഭാഗത്തില്‍ 600 മെഗാഹെഡ്സ്, 700 , 800 , 900 , 1800 2100 , 2300 എന്നിവയാണ് ഉള്ളത് . മിഡ് ഫ്രീക്വൻസ് ബാന്‍ഡില്‍ 3300 മെഗാ ഹെഡ്സും ഹൈ ഫ്രീക്വൻസി ബാന്‍ഡില്‍ 26 ഗിഗാ ഹെഡ്സുമാണ് ലേലത്തിനുണ്ടായിരുന്നത്. ഇക്കഴിഞ്ഞ ജൂണിലാണ് കേന്ദ്ര ക്യാബിനെറ്റ് 5 ജി ലേലത്തിന് അനുമതി നല്‍കിയത്. പിന്നാലെ റിലയൻസ് ജിയോ, അദാനി ഗ്രൂപ്പ്, ഭാരതി എയർടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികൾ ലേലത്തില്‍ പങ്കെടുക്കാനും തയ്യാറായി.

Back to top button
error: