തലശ്ശേരി: ജാതിമതങ്ങളടെ മതിൽക്കെട്ടുകൾക്കുമപ്പുറം ഉദാത്തമായ മനുഷ്യ സ്നേഹത്തിൻ്റെ തണലിൽ വളർന്ന പെൺകുട്ടിക്ക് ഒടുവിൽ മാംഗല്യസൗഭാഗ്യം. തലശ്ശേരി മൂന്നാം ഗേറ്റിലെ മെഹനാസിൽ പി.ഒ നാസ്സിയുടേയും, പി.എം സുബൈദയുടേയും വളർത്തുമകളായ ബേബി റീഷ്മയാണ് ഇവരുടെ വീട്ടിൽ വെച്ച് തന്നെ മാംഗല്യവതിയായത്.
മുസ്ലിം മത വിശ്വാസികളുടെ വീട്ടിൽ വെച്ച് മുറ്റത്ത് പന്തൽ കെട്ടി നിലവിളക്കിനെ സാക്ഷിനിർത്തി ഹിന്ദു വിവാഹാചാരങ്ങളോടെയാണ് റീഷ്മയുടെ കഴുത്തിൽ കരിയാട് സ്വദേശിയായ റിനൂപ് താലി ചാർത്തിയത്.
പൗരപ്രമുഖനായ എം.സി ബാലൻ ചടങ്ങിന് കാർമ്മികത്വം വഹിച്ചു. സ്വന്തം മകളുടെ കല്യാണം നടത്തുന്നതിൻ്റെ അതേ ഉത്തരവാദിത്വത്തോടെയാണ് നാസ്സിയും, ഭാര്യ സുബൈദയും 25 പവൻ്റെ സ്വർണ്ണാഭരണങ്ങളടക്കം നൽകി റീഷ്മയെ വിവാഹം കഴിപ്പിച്ചയച്ചത്. ക്ഷണിതാക്കൾക്കെല്ലാം വിവാഹവിരുന്നും നൽകി.
വയനാട് ബാവലി സ്വദേശിനിയായ അമ്മ ജാനുവും, സഹോദരൻ രാജേഷും കൊച്ചു സഹോദരിയും ചടങ്ങിൽ സംബന്ധിക്കാനെത്തിയിരുന്നു. നേരത്തെ ജാനു ഈ വീട്ടിൽ ജോലി ചെയ്തിരുന്നു.13 വർഷം മുമ്പ് മകളെ വീട്ടുകാരെ ഏൽപ്പിച്ച് പോവുകയായിരുന്നു. റീഷ്മയെ അവർ സ്കൂളിലയച്ച് പഠിപ്പിച്ചു. സ്വന്തം മക്കൾക്കൊപ്പം റീഷ്മയെയും സ്വന്തം മകളായി വളർത്തി. ഒടുവിൽ വിവാഹം കഴിപ്പിച്ചു വിടുകയും ചെയ്തു.