NEWS

വെണ്ണിക്കുളം കാറപകടം: മരണം 3; കൂടുതൽ പേർക്കായി തിരച്ചിൽ

പത്തനംതിട്ട : തിരുവല്ലയ്ക്ക് സമീപം വെണ്ണിക്കുളം കല്ലു പാലത്തിൽ നിന്ന് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം മൂന്നായി.കാറിൽ കൂടുതൽ പേർ ഉണ്ടായിരുന്നുവെന്ന സംശയത്തെ തുടർന്ന് തോട്ടിൽ തിരച്ചിൽ തുടരുകയാണ്.
റാന്നി പൂവൻമല ചർച്ച് ഓഫ് ഗോഡ് സഭയുടെ പാസ്റ്റർ ചാണ്ടി മാത്യുവും മക്കളായ ബ്ലെസി ,ഫെബി എന്നിവരാണ് മരിച്ചത്.ഇടുക്കി ചക്കുപള്ളം സ്വദേശികളായ ഇവർ പത്തു വർഷമായി പത്തനംതിട്ട കുമ്പനാട് ആണ്  താമസിക്കുന്നത്.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ഒരു ബസിനെ ഓവർടേക്ക് ചെയ്ത് മുന്നോട്ട് പോകുന്നതിനിടെ തിരുവല്ല ഭാഗത്തേക്ക് പോകുകയായിരുന്ന  KL-01-AJ-2102 മാരുതി ആൾട്ടോ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. 20 മിനിറ്റോളം കാർ വെള്ളത്തിൽ മുങ്ങിക്കിടന്നെന്നാണ് ദൃക്സാക്ഷികൾ വിശദീകരിക്കുന്നത്.
 പുറകിലുണ്ടായിരുന്ന കാർ കാണ്മാനില്ലെന്ന് ബസ് ജീവനക്കാർ അറിയിച്ചതനുസരിച്ചാണ് നാട്ടുകാർ ആദ്യഘട്ടത്തിൽ തിരിച്ചിൽ നടത്തിയത്.
വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരുടെ മരണം ആദ്യം സ്ഥിരീകരിച്ചു. മൂന്നാമത്തെയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യഘട്ടത്തിൽ അപകടത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് കാറിലുണ്ടായിരുന്നു വിദ്യാർത്ഥിനിയുടെ കോളേജ് ഐഡി കാർഡിലെ വിവരങ്ങളിൽ നിന്നാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.
 പരുമലയിലെ കോളേജിലെ വിദ്യാർത്ഥിനിയാണെന്ന് വ്യക്തമായതോടെ ഇതനുസരിച്ച് അന്വേഷണം നടത്തുകയായിരുന്നു. മഴ ശക്തമായതിനാൽ തോട്ടിൽ വലിയ തോതിൽ വെള്ളവും ഒഴുക്കും ഉണ്ടായിരുന്നു. ഇത് രക്ഷാപ്രവർത്തനം ദുസ്സഹമാക്കി. നാട്ടുകാരുടെ സഹായത്തോടെ അഗ്നിശമന സേന എത്തിയാണ് കാർ കരക്കെത്തിച്ചത്

Back to top button
error: