NEWS

ഇണചേരുന്നതിന് ആണിനെ തോളിലേറ്റി കൊണ്ടുവരും; അറിയാം മാവേലിത്തവളയുടെ വിശേഷങ്ങൾ

പ്രജനനത്തിനായി മൺസൂണിന് മുമ്പ് മാത്രം മണ്ണിനടിയിൽ നിന്ന് പുറത്തുവരുന്ന ‘മാവേലിത്തവള’യെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഉഭയജീവിയാക്കിയാക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ. ഇതുസംബന്ധിച്ച് മൂന്ന് വർഷം മുൻപ് നൽകിയ ശുപാർശയിൽ വൈൽഡ് ലൈഫ് അഡ്വൈസറി ബോർഡ് യോഗം തീരുമാനമെടുത്താൽ, അത് പശ്ചിമഘട്ട സംരക്ഷണത്തിനുള്ള വഴി കൂടിയാകും.
ശുദ്ധജലമുള്ള ചെറിയ വെള്ളച്ചാട്ടങ്ങളിലും പാറക്കെട്ടുകളിലും കാണുന്ന ഈ തവളകൾ മണ്ണിലെ പ്രാണികളെ തിന്നൊടുക്കി പരിസ്ഥിതിസന്തുലനം നിലനിറുത്തും. ചിതലുകളാണ് മുഖ്യാഹാരം. അതിനാൽ സസ്യസമ്പത്ത് നിലനിറുത്തുന്നതിലും പങ്കുണ്ട്. ഔദ്യോഗിക ഉഭയജീവിയാക്കിയാൽ ഈ തവളകളോടൊപ്പം ശുദ്ധജലസ്രോതസുകളും സംരക്ഷിക്കപ്പെടും. 1.5 മീറ്റർ വരെ ആഴത്തിലുളള മാളങ്ങളിൽ വസിക്കുന്ന ഇവ, മണ്ണിനെ ജൈവസമ്പന്നവും ഫലഭൂയിഷ്ഠവുമാക്കുന്നുണ്ട്.
വർഷത്തിലൊരിക്കൽ മണ്ണിനടിയിൽ നിന്ന് പുറത്തുവരുന്നതുകൊണ്ടാണ് ‘മാവേലിത്തവള’ എന്ന് പേരുവന്നത്. ഇന്റർനാഷനൽ യൂണിയൻ ഫൊർ കൺസർവേഷൻ ഒഫ് നേച്ചറിന്റെ ചുവപ്പ് പട്ടികപ്രകാരം വംശനാശം നേരിടുന്ന ഈ തവളകളെക്കുറിച്ച് കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം നടത്തിയ സന്ദീപ് ദാസാണ് 2019ൽ ശുപാർശ നൽകിയത്. സുവോളജിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞൻമാരും പാരിസ്ഥിതികപ്രാധാന്യം വ്യക്തമാക്കിയിരുന്നു. 1200 ലക്ഷം വർഷം മുമ്പ് ഉണ്ടായതെന്ന് കരുതപ്പെടുന്നതും കേരള – തമിഴ്‌നാട് പശ്ചിമഘട്ടമേഖലയിൽ മാത്രമുള്ളതുമായ ഇവയെ ജീവിച്ചിരിക്കുന്ന ഫോസിലുകളെന്നും ഗവേഷകർ വിശേഷിപ്പിക്കുന്നുണ്ട്. ആലപ്പുഴ ഒഴികെ എല്ലാ ജില്ലകളിലും കണ്ടെത്തിയിട്ടുമുണ്ട്. വനംമന്ത്രിയും വനംവകുപ്പിലെ ഉന്നതഉദ്യോഗസ്ഥരും പരിസ്ഥിതി സംഘടനാ പ്രതിനിധികളും ഉൾപ്പെടുന്നതാണ് വൈൽഡ് ലൈഫ് അഡ്വൈസറി ബോർഡ്.
ആഫ്രിക്കൻ ബന്ധം
ആഫ്രിക്കയുടെയും ഇന്ത്യയുടെയും മദ്ധ്യേ ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ സീഷെൽസിലുള്ള സൂഗ്ലോസ്സിഡെ എന്നയിനം തവളകളുമായും സാമ്യമുണ്ട്. ഉഭയജീവികളുടെ വരവ് കരയിലൂടെയായതിനാൽ ഇന്ത്യയും ആഫ്രിക്കയും ഒന്നായിരുന്നു എന്ന ഗോണ്ട്വാന സിദ്ധാന്തത്തിന്റെ ജീവിച്ചിരിക്കുന്ന തെളിവുകളിൽ ഒന്നായി ഈ തവളയെ കണക്കാക്കുന്ന ഗവേഷകരുണ്ട്.
പേരുകൾ പലത്:
പാതാളത്തവള, പർപ്പിൾ ഫ്രോഗ്, കുറവൻ, കുറത്തി, കൊട്രാൻ, പതയാൾ, പന്നിമൂക്കൻ, പാറമീൻ
ശാസ്ത്രീയനാമം: നാസികാ ബത്രക്കസ് സഹ്യാദ്രിയെൻസിസ്
വിസ്മയങ്ങൾ:
ഈ തവളകൾ മണ്ണിൽ നിന്ന് പുറത്തു വരുന്ന ദിവസം മഴ പെയ്യുന്നു
രാത്രി മണ്ണിന് മുകളിലെത്തുന്ന പെൺതവളകളിൽ 2000 മുതൽ 4000 വരെ മുട്ടകൾ
പെൺതവള ആണിനേയും ചുമന്ന് മണ്ണിനുമുകളിലെത്തിയാണ് ഇണചേരൽ.
7 ദിവസംകൊണ്ട് മുട്ടകൾ വിരിഞ്ഞ് വാൽമാക്രികൾ 110 ദിവസത്തിനുളളിൽ മണ്ണിനടിയിലേക്ക്‌
പോകും.

Back to top button
error: