കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് നടത്തുന്ന പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം ഖൈത്താനില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ വാഹന പരിശോധനയില്‍ 1,220 നിയമലംഘങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. നിയമലംഘകര്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ അടച്ച് വിവിധ സ്ഥലങ്ങളില്‍ ഒരേ സമയമായിരുന്നു പരിശോധന.
കുവൈത്ത് ആഭ്യന്തര മന്ത്രാലയം അണ്ടര്‍സെക്രട്ടറി ലെഫ്. ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസിന്റെ നിര്‍ദേശപ്രകാരം ഓപ്പറേഷന്‍സ് ആന്റ് ട്രാഫിക് സെക്ടര്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍ സയേഹ്, ആഭ്യന്തര മന്ത്രാലയത്തിലെ ടെക്നിക്കല്‍ എക്സാമിനേഷന്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മിശ്ആല്‍ അല്‍ സുവൈജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍ നടന്നത്.
കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുമായി വാഹനം ഓടിക്കല്‍, കാലാവധി കഴിഞ്ഞ വാഹന രേഖകള്‍, വാഹനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട മറ്റ് നിയമ ലംഘനങ്ങള്‍, വാഹനങ്ങളിലെ കാലാവധി കഴിഞ്ഞ ടയറുകള്‍ തുടങ്ങിയവയെല്ലാം കണ്ടെത്തി. വാഹന ഉടമകള്‍ യഥാസമയങ്ങളില്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും ടയറുകള്‍, പുക എന്നിവയുടെ കാര്യത്തില്‍ യാഥാസമയം പരിശോധനകള്‍ നടത്തണമെന്നും അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധനകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരും.