പ്രതീക്ഷയുടെ തുരുത്തായ കേരളത്തിലേക്ക് കൊവിഡിന്റെ നിയന്ത്രണങ്ങള്‍ അവസാനിച്ചതോടെ മടങ്ങിയെത്തിയത് 5,16,319 അതിഥി തൊഴിലാളികള്‍. കൊവിഡ് കാലത്ത് പിറന്ന നാട്ടിലെത്താന്‍ വഴിയില്ലാതെ ലോകമെങ്ങും പ്രവാസിത്തൊഴിലാളികള്‍ പരിഭ്രമിച്ചും കരഞ്ഞും നിന്നപ്പോള്‍ കേരളം മാത്രമാണ് തൊഴിലാളികളെ അതിഥികളായി കണ്ട് സഹായഹസ്തവുമായി എത്തിയത്.
സര്‍ക്കാരിന്റെ ആവാസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താണ് കൊവിഡിനുശേഷം ഇത്രയും തൊഴിലാളികള്‍ സംസ്ഥാനത്തെത്തിയത്. ആദ്യഘട്ട കൊവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍ക്ക് പുതപ്പും ഭക്ഷണവും വഴിച്ചെലവിനുള്ള പണവും നല്‍കി ട്രെയിനില്‍ കയറ്റി വിട്ടപ്പോള്‍ നല്‍കിയ യാത്രയയപ്പ് ലോകത്തിനുതന്നെ മാതൃകയായിരുന്നു. മടങ്ങിയെത്തിയ ഇതരസംസ്ഥാന തൊഴിലാളികളില്‍ കൂടുതലും പശ്ചിമബംഗാളില്‍ നിന്നുള്ളവരാണ്. ബംഗാളില്‍ നിന്ന് 2,10,982 പേരാണ് രജിസ്റ്റര്‍ ചെയ്ത് എത്തിയത്.
അസമില്‍നിന്ന് 87,087, ഒഡീഷ 56,245, ബീഹാര്‍ 51,325, തമിഴ്‌നാട് 36,122, ജാര്‍ഖണ്ഡ് 27,071, ഉത്തര്‍ പ്രദേശ് 19,413 പേര്‍ എന്നിങ്ങനെയാണ് ആവാസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത്. ഇവരെല്ലാം വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ട് നാട്ടിലേക്ക് പണം അയക്കാനും തുടങ്ങിയിട്ടുണ്ട്. മിനിമം കൂലിപോലും ലഭ്യമല്ലാത്ത ഇതരസംസ്ഥാനങ്ങളില്‍നിന്ന് വേറിട്ട് കൃത്യമായി ഉയര്‍ന്ന കൂലിയും തൊഴില്‍ പരിഗണനയുമാണ് കേരളത്തില്‍ ലഭിക്കുന്നത്.
അതിഥി തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡും തൊഴില്‍ കാര്‍ഡും നല്‍കി വ്യക്തിയെന്ന പരിഗണ നല്‍കിയ രാജ്യത്തെ ഏക സംസ്ഥാനവും കേരളമാണ്. അപകട ഇന്‍ഷ്യൂറന്‍സ് പരിരക്ഷയും പരിക്കേല്‍ക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനുള്‍പ്പെടെ പണം നല്‍കുന്ന നിരവധി തൊഴില്‍ അനുകൂല നടപടികളുമാണ് കേരളത്തെ അതിഥി തൊഴിലാളികളുടെ പ്രതീക്ഷയുടെ തുരുത്താക്കിയത്.