കൈരളി ടി.വിയുടെ തിരുവനന്തപുരം റിപ്പോർട്ടർ എസ്.ജീവൻ കുമാറിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ്
കൈരളിയില്‍ ജീവിച്ച് തീര്‍ത്ത 11 വര്‍ഷവും മൂന്ന് മാസവും, 30 ദിവസവും എന്നത് ഞാന്‍ എന്ന 38 വയസുകാരന്‍റെ ആയുസിന്‍റെ കണക്ക് പുസ്കത്തിലെ ഒരു ചെറിയ അധ്യായമല്ല. എന്‍റെ പേരിന് മുന്നിലും പിന്നിലുമായി ഞാന്‍ അഭിമാനത്തോടെ കൊണ്ട് നടന്ന ‘കൈരളി’ എന്ന മേല്‍വിലാസം മാഞ്ഞുപോകുകയാണ്.
ഒന്നോര്‍ത്താല്‍ ആശ്ചര്യകരമാണ് ജീവിതം. അതിലേറെ കടംകഥപോലെ വിചിത്രവും…!
ജീവിതത്തില്‍ നിന്‍റെ ലക്ഷ്യമെന്തെന്ന് പലരും പലവട്ടം ചോദിച്ചിട്ടുണ്ട്. വിദൂരമായ സ്വപ്നങ്ങളില്‍ പോലും ഒരു മാധ്യമപ്രവര്‍ത്തകനാകും എന്ന് ഞാന്‍ ചിന്തിച്ചിട്ടില്ല. അപചിതമായ ഒരു മഹാനഗരത്തില്‍ അരക്ഷിതബോധത്തിന്‍റെ ഭാണ്ഡക്കെട്ടുമായി പതിനൊന്ന് കൊല്ലം മുൻപൊരു രാത്രിവണ്ടിക്ക് വന്നിറങ്ങിയ 27 കാരന് ‘കൈരളി’ എല്ലാം തന്നു..
ജീവിതം, ആത്മാഭിമാനം, പ്രശസ്തി, ബന്ധങ്ങൾ, ജീവനോപാധി…
ഒരു വിശ്വവിദ്യാശാലക്ക് പകർന്ന് നൽകാൻ കഴിയുന്നതിനും അപ്പുറം അനുഭവങ്ങളുടെ ചൂടും ചൂരും ‘കൈരളി’ എനിക്ക് നൽകി. എന്നിലെ മാധ്യമ പ്രവർത്തകനെ രൂപപ്പെടുത്തുന്നതിൽ ഈ സ്ഥാപനം വഹിച്ച പങ്കിനെ ഏത് വാക്ക് ഉപയോഗിച്ചാണ് എനിക്ക് നന്ദി പറയാൻ കഴിയുക…!
ഞാനെന്ന പരമാണുവിന്
ഇന്നീ ലോകത്തൊരു മേൽവിലാസം
ഉണ്ടാക്കി തന്ന മഹാ പ്രസ്ഥാനത്തോട് യാത്രാമൊഴി ചൊല്ലുന്നു.
‘പിൻവിളി വിളിക്കാതെ,
മിഴിനാരു കൊണ്ടെന്റെ കഴലുകെട്ടാതെ,
പടി പാതി ചാരിത്തിരിച്ചു പൊയ്ക്കോളൂ’ എന്ന കവി വാചകം ആണ് ചെവിയിൽ മുഴങ്ങുന്നത്.
പക്ഷെ ഒരു ചില്ലുവാതിൽ മെല്ലെത്തുറന്നിറങ്ങുന്ന ലാഘവത്തോടെ ഇറങ്ങി പോകാൻ കഴിയുന്നതല്ല ഞാനും ‘കൈരളി’യും തമ്മിലുള്ള നാഭീനാള ബന്ധം.
വാർത്ത കണ്ട് പരിചയക്കാരായവർ എറെ ഉണ്ട്,
വാർത്ത ചെയ്തതു കൊണ്ട് മിണ്ടാതായവരുണ്ട്.
പക്ഷെ ആർക്കും അധികകാലം എന്നോട് മിണ്ടാതിരിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് എൻ്റെ ഒസ്യത്. പിരിഞ്ഞ് ഇറങ്ങുമ്പോൾ ഉള്ള സന്തോഷവും അത് തന്നെയാണ്.
വാർത്തകൾ ആയിരുന്നു എൻ്റെ ജീവിതത്തിൻ്റെ ഭ്രമണപഥം, അത് തന്നെയാണ് എന്നെ ഉൻമാദിയാക്കുന്ന ലഹരിയും…!
ഒരു ചെറുപ്പക്കാരൻ്റെ മുഖം എൻ്റെ ഓർമ്മയിലേക്ക് വരികയാണ്. ആദ്യം ഞാൻ കാണുമ്പോൾ അയാൾ തീർത്തും പരിക്ഷീണിതനായിരുന്നു. സിനിമ നടൻ സുരേഷ് ഗോപിയുടെ വീടിന് മുന്നിൽ വാർത്തയുടെ ആവശ്യത്തിന്ന് വേണ്ടി കാത്ത് നിന്ന എൻ്റെയടുത്തേക്ക് വേച്ച് വേച്ച് വന്ന ചെറുപ്പക്കാരൻ്റെ മുഖം.
അയാളുടെ വീട് ജപ്തി ചെയ്തിട്ട് അന്നേക്ക് ഒരു മാസം പിന്നിട്ടിരുന്നു. അകന്ന ഏതോ ബന്ധുവിൻ്റെ വീട്ടിൽ ആണ് ഇപ്പോൾ അയാളും ഭാര്യയും മകനും അമ്മയും താമസം.
ഗൾഫിലെ ലുലു മാളിലെ ജീവനക്കാരനായിരുന്ന അയാളുടെ അരയ്ക്ക് താഴെക്ക് തകർച്ച ബാധിച്ച് തുടങ്ങിയിരിക്കുന്നു. ഗുരുതര രോഗം ബാധിച്ച ആ യുവാവിന് ജനുവരിയില്‍ നടക്കുന്ന ഒരു മേജര്‍ ശസ്ത്രക്രിയക്ക് പണം കണ്ടെത്തണം. ഇതിനിടയില്‍ അപസ്മാര രോഗിയായ ഭാര്യ ഒരിക്കൽ കൂടി ഗർഭിണിയായി, ഭാര്യ മാതാവിന്‍റെ ശാസകോശത്തില്‍ അതിവേഗം വളരുന്ന മുഴ, ഇതിനിടയിൽ ആണ് ഉള്ള കിടപ്പാടവും പോയിരിക്കുന്നത്, 14 ലക്ഷം ലോണ്‍ എടുത്ത കുടുംബം മുതലും പലിശയും അടക്കം 23 ലക്ഷം അടച്ചിട്ടും ബാങ്ക് വീട് കൈവശപെടുത്തിയിരിക്കുന്നു. തകർച്ച ബാധിച്ചിട്ടും ഭാര്യ ഗർഭിണിയാതിൻ്റെ പേരിൽ നാട്ടുകാരുടെ പരിഹാസവും. ആകെ ഭാന്ത്ര് പിടിക്കുന്ന അവസ്ഥയിലായ അവസ്ഥയിലായിരുന്നു അയാൾ എന്നെ കാണുമ്പോൾ. അന്ന് രാവിലെ താമസിക്കുന്ന ബന്ധു വീട്ടീൽ വെച്ച് ആറ് വയസുകാരനായ അയാളുടെ മൂത്ത മകൻ്റെ കയ്യിൽ നിന്ന് ഒരു വിലയേറിയ പ്ലേറ്റ് പൊട്ടി പോയി, ആ വീട്ടിലെ സ്ത്രീ തൻ്റെ മകനെ മുന്നിലിട്ട് തല്ലിയതിൻ്റെ പകപ്പിൽ ഭ്രാന്തമായി ഇറങ്ങി വന്നതാണ് അയാൾ.
സുരേഷ് ഗോപിക്ക് പെറ്റീഷൻ കൊടുക്കാൻ വന്ന അയാളും, സുരേഷ് ഗോപിയുടെ നികുതി വെട്ടിപ്പിനെപ്പറ്റി വാർത്ത ചെയ്യാൻ വന്ന ഞാനും അപ്രതീക്ഷിതമായി കണ്ടതാണ്. കണ്ണിൽ നിന്ന് കണ്ണീര് വറ്റിയ ആ ചെറുപ്പക്കാരൻ എന്തോ നിശ്ചയിച്ച് ഉറപ്പിച്ചിരുന്നു. അയാൾ തേടി വന്ന ആൾ ഇല്ലെന്ന് ഉറപ്പയതോടെ അസ്തമ സൂര്യൻ അയാളുടെ കണ്ണിൽ മുങ്ങി താഴുന്നത് ഞാൻ പേടിയോടെ കണ്ടു. ലോകത്തോട് മുഴുവൻ പകയോടെ ഇരുട്ടിലേക്ക് നടന്ന ആ ചെറുപ്പക്കാരനെ തോളിൽ പിടിച്ച് നിർത്തി, അയാൾക്ക് ഞാൻ എൻ്റെ നമ്പർ ഒരു തുണ്ട് കടലാസിൽ എഴുതി നൽകി. നാളെക്ക് മുൻപ് നിങ്ങളുടെ പ്രശ്നം പരിഹരിച്ചിരിക്കും എന്ന് ഉറപ്പ് നൽകി. 14 ലക്ഷം രൂപ കണ്ടെത്തി അയാളുടെ പ്രശ്നം ഒരു രാത്രി കൊണ്ട് എങ്ങനെ പരിഹരിക്കാൻ..?
പിറ്റേന്ന് രാവിലെ എൻ്റെ എല്ലാ ജോലിയും മാറ്റി വെച്ച് അവർക്ക് വേണ്ടി അര മണിക്കൂർ നീണ്ട ഒരു പ്രത്യേക പരിപാടി ചാനലിൽ ടെലികാസ്റ്റ് ചെയ്തു. അത് ഫലം കണ്ടു. വാർത്ത ശ്രദ്ധയിൽപ്പെട്ട എം.എ യൂസഫലി കയ്യിൽ നിന്ന് പണം മുടക്കി ആ കുടുംബത്തിന് ജപ്തി ചെയ്ത വീട് തിരികെ വാങ്ങി നൽകി. വീടിൻ്റെ താക്കോൽ ദാനത്തിന് ഞാനും പോയി, ആ ചെറുപ്പക്കാരൻ്റെ ആറ് വയസുള്ള മകൻ്റെ മുഖത്ത് അന്ന് ഞാൻ കണ്ട നിഷ്കളങ്കമായ ചിരിയേക്കാൾ മൂല്യവത്തായ ഒന്നും ഞാനിന്നേവരെ എൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല . കൂട്ടആത്മഹത്യ മുനമ്പിൽ നിന്നൊരു കുടുംബത്തെ രക്ഷിക്കാൻ കഴിഞ്ഞതാണ് എൻ്റെ വാർത്താ ജീവിതത്തിലെ ചാരിതാർത്ഥ്യം.
നമ്മൾ ചെയ്യുന്ന വാർത്തകൾ കൊണ്ട് മറ്റൊരാൾക്ക് ജീവിതം തിരിച്ച് കിട്ടുന്നതിനേക്കാൾ മഹത്വരമായതൊന്നും ഇല്ല
ഓർമ്മകൾ കടലുപോലെ ആർത്തിരമ്പുകയാണ്
എൻ്റെ പാർട്ടിക്ക് എന്ന നെരൂദ കവിത തുടങ്ങുന്നത് ഇങ്ങനെയാണ്:
You have given me fraternity toward the unknown man. പരസ്പരം അറിയപ്പെടാത്ത മനുഷ്യരുമായി എനിക്ക് സാഹേദര്യം നൽകിയ കൈരളിയെ പറ്റി എനിക്ക് വാക്കുകൾക്ക് അതീതമായ നന്ദി മാത്രം. ഒരു പാട് പേർ എന്നെ സ്നേഹിച്ചു. പരിധിയിൽ അധികം പരിഗണനകൾ തന്നു. എൻ്റെ ചെറിയ ജൻമം കൊണ്ട് ഞാൻ എന്നാലാവും വിധത്തിൽ ഞാൻ ‘കൈരളി’യുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു എന്നാണ് വിശ്വാസം. ചില മുൻനിര ചാനലുകളിലേക്ക് ഓഫർ ലഭിച്ചിട്ടും ഞാൻ അവസാനം വരെ ‘കൈരളി’ക്ക് ഒപ്പം നടന്നു. എൻ്റെ വിശ്വാസ പ്രമാണങ്ങൾക്ക് വിരുദ്ധമായി ഒന്നും ഞാൻ ചെയ്തില്ല. അതിലെ ലാഭ നഷ്ടകണക്കുകൾ ഞാൻ സൂക്ഷിക്കുന്നില്ല. എൻ്റെ വഴി ശരിയായിരുന്നു. കർക്കിടകപ്പെയ്ത്തിൻ്റെ തോർച്ചയുടെ അറ്റതാണ് ഞാൻ, ഉള്ളിലെവിടെയോ മഴ പെയ്യുന്നുണ്ട്. ഇനി ‘കൈരളി’യിൽ ഒരു പകലിൻ്റെ ദൂരം കൂടി മാത്രം എല്ലാവരോടും നന്ദി
പി.എസ്.സിയുടെ അപ്പോയിൻമെൻ്റ് ഓർഡർ ലഭിച്ച സാഹചര്യത്തിൽ തിങ്കളാഴ്ച്ച സെക്രട്ടറിയേറ്റിലെ ഇൻഫർമേഷൻ & പബ്ലിക്ക് റിലേഷൻസ് വകുപ്പിൽ ഇലട്രോണിക്സ് വിഭാഗത്തിൽ അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർ ആയി ചുമതലയേൽക്കുകയാണ്. എല്ലാവരുടെയും പിന്തുണ ഉണ്ടാവണം