HealthLIFE

മഴക്കാലത്തെ ജലദോഷത്തിന് ചിലവില്ലാതെ വീട്ടില്‍തന്നെ പരിഹാരം

മഴക്കാലമെത്തുന്നതോടെ സീസണലായ രോഗങ്ങളുടെ ഘോഷയാത്രയായി. ചുമ, ജലദോഷം, തുമ്മല്‍, പനി പോലുള്ള പ്രശ്നങ്ങളാണ് അധികവും മഴക്കാലത്ത് നമ്മെ വലയ്ക്കാറ്. ഇപ്പോള്‍ പകര്‍ച്ചവ്യാധികളുടെ ഈ കാലത്ത് മഴക്കാലരോഗങ്ങളെ തിരിച്ചറിയാനും നമുക്ക് ബുദ്ധിമുട്ടാണ്.

നമ്മുടെ രോഗ പ്രതിരോധശേഷിയെ ഒന്ന് മെച്ചപ്പെടുത്തുന്നതിലൂടെ വലിയൊരു പരിധി വരെ സീസണലായ ഇത്തരം പ്രശ്നങ്ങളെ നമുക്ക് പരിഹരിക്കാൻ സാധിക്കും. അത്തരത്തില്‍ മഴക്കാലത്ത് പിടിപെടുന്ന അണുബാധകളെ ചെറുക്കുന്നതിനും പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും സഹായകമായൊരു പാനീയത്തെയും പൊടിയെയും കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

Signature-ad

സ്പൈസുകള്‍ കൊണ്ടാണ് ഈ പാനീയവും പൊടിയും തയ്യാറാക്കുന്നത്. നമ്മുടെ വീട്ടില്‍ വച്ചുതന്നെ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നവയാണിവ. ആദ്യം പാനീയം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. തക്കോലം (2 എണ്ണം), കറുവപ്പട്ട ( അരയിഞ്ച് വലിപ്പത്തിലൊരു കഷ്ണം), ഗ്രാമ്പൂ ( 4-5 ), കുരുമുളക് ഃ 6-7 എണ്ണം) എന്നിവയാണ് ഇതിനാവശ്യമായിട്ടുള്ളത്.

ഇവയെല്ലാം ഒന്നിച്ച് രണ്ട് കപ്പ് വെള്ളത്തില്‍ ചേര്‍ത്ത്, വെള്ളം നല്ലതുപോലെ തിളപ്പിക്കുക. തിളപ്പിച്ച് രണ്ട് കപ്പ് വെള്ളമെന്നത് ഒരു കപ്പിലേക്ക് എത്തണം. അപ്പോള്‍ തീ ഓഫ് ചെയ്ത് ഇത് വാങ്ങാം. ഇനി അരക്കപ്പ് വീതം ഇത് രണ്ട് പേര്‍ക്ക് കഴിക്കാം. കുട്ടികള്‍ക്കും ഇത് നല്‍കാവുന്നതാണ്. മുതിര്‍ന്നവരാണെങ്കില്‍ ദിവസത്തില്‍ രണ്ട് നേരം കഴിക്കാം. അപ്പോള്‍ തന്നെ നല്ല ഫലം കിട്ടും. 13 വയസിന് താഴെയുള്ള കുട്ടികള്‍ക്കാകുമ്പോള്‍ സ്പൈസുകളുടെ അളവ് കുറച്ച് തയ്യാറാക്കുക.

തക്കോലത്തില്‍ അടങ്ങിയിരിക്കുന്ന ഫ്ളേവനോയിഡുകള്‍ ഫംഗല്‍ ബാധകളെയെല്ലാം ചെറുക്കുന്നു. കറുവപ്പട്ടയും കുരുമുളകും ഗ്രാമ്പൂവുമെല്ലാം അണുബാധകളെ ചെറുത്ത് ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഇനിസ്പൈസുകള്‍ കൊണ്ട് തയ്യാറാക്കുന്നൊരു പൊടി കൂടി പരിചയപ്പെടുത്തുകയാണ്.

മല്ലി ( നാല് ടേബിള്‍ സ്പൂണ്‍), ചെറിയ ജീരകം ( 2 സ്പൂണ്‍), പെരുഞ്ചീരകം ( ഒരു സ്പൂണ്‍), കുരുമുളക് ( ഒരു സ്പൂണ്‍) എന്നിവയാണ് ഇതിന് ആവശ്യമായിട്ടുള്ളത്. ഇവയെല്ലാം ആദ്യം ഒന്ന് വറുത്തെടുക്കണം. വറുത്തെടുത്ത് ഇത് ആറിയ ശേഷം നന്നായി പൊടിക്കുക. ഈ പൊടി സൂക്ഷിച്ചുവച്ച് കറികളിലും സലാഡിലും ചായയിലുമെല്ലാം ചേര്‍ത്ത് കഴിക്കാം. ഇതും മഴക്കാലത്തെ അണുബാധകളെ ചെറുക്കാനും പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്നൊരു കൂട്ടാണ്.

Back to top button
error: