NEWS

കൊട്ടകമ്പൂരിന്റെ ഒരുകൊട്ട വിശേഷങ്ങൾ

തമിഴും മലയാളവും ഇട കലർത്തി സംസാരിക്കുന്നവരുടെ ഗ്രാമം.നായാട്ട് സിനിമയിലെ  സൂപ്പർ ലൊക്കേഷൻ.ഒരുപാട് വിശേഷങ്ങളുണ്ട് ഈ ഗ്രാമത്തിന്
 

ഴുതിയാലും വർണ്ണിച്ചാലും തീരാത്ത മനോഹരമായ കാഴ്ചകൾ കൊണ്ട് സമ്പന്നമായ സ്ഥലമാണ് ഇടുക്കി.തമിഴും മലയാളവും ഇട കലർത്തി സംസാരിക്കുന്നവരുടെ നിരവധി ‘ഒറ്റപ്പെട്ട’ ഗ്രാമങ്ങൾ ഇവിടെ കാണാം.അതിലൊന്നാണ് കൊട്ടാക്കമ്പൂർ.മൂന്നാറിൽ നിന്ന് നാൽപ്പത്തെട്ടു കിലോമീറ്റർ അകലെയാണ് കൊട്ടാക്കമ്പൂർ എന്ന മനോഹരമായ ഈ ഗ്രാമം.‘നായാട്ട് ‘ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷൻ കൂടിയാണ് ഇത്.കേരളത്തിൽ വണ്ടി ചെല്ലുന്ന (?ഇടുക്കിയിലെ) ഒരു അവസാന ഇടമാണ് കൊട്ടക്കമ്പൂർ.മൂന്നാറിൽ നിന്നും കുത്തനെയുള്ള കുന്നുകള്‍ കയറി കൊട്ടകമ്പൂരിൽ എത്തുന്ന റോഡ് ഇവിടെ അവസാനിക്കുന്നു.

ഇടുക്കിയിലെ മറ്റു പല ഗ്രാമങ്ങളും എന്നപോലെ കൊട്ടാക്കമ്പൂരും ഒരു ഒറ്റപ്പെട്ട ലോകമാണ്.മൂന്നാറിനെക്കാളും തണുപ്പാണിവിടെ. എങ്ങും ഹരിതഭംഗി! പേരിന് വനങ്ങൾ കാണാം.ബാക്കി എവിടെ നോക്കിയാലും തട്ടുതട്ടായി തിരിച്ച
കൃഷിയിടങ്ങളും ഒറ്റമുറി വീടുകളും കോഴിയും ആടും കോവർകഴുതകളും അലഞ്ഞുതിരിയുന്ന മുറ്റങ്ങളും.കേരളത്തിലെ തനി “തമിഴ്” നാടൻ കാഴ്ചകൾ എന്നു വേണമെങ്കിൽ പറയാം…!!
 കടുക് പാടങ്ങളും, സ്ട്രോബറിയും, ആപ്പിളും, കോളിഫ്ലവറും, ബീറ്റ്റൂട്ടും, ഉള്ളിയും, ബീൻസും, ഉരുളക്കിഴങ്ങും, വെളുത്തുള്ളിയും,കാരറ്റും, കാബേജും ആണ് ഇവിടെ കൂടുതലും കൃഷി ചെയ്തിരിക്കുന്നത്. കാലുകൾ കൂട്ടിക്കെട്ടിയ കോവർ കഴുതകളുടെ പുറത്തുവെച്ച് പച്ചക്കറികൾ കോവിലൂർ ചന്തയിലെത്തിക്കും.അവിടെ നിന്നുമാണ് കോട്ടയം, കൊച്ചി ഉൾപ്പെടെയുള്ള പ്രധാന മാർക്കറ്റുകളിലേക്ക് ഇവിടെനിന്നുള്ള പച്ചക്കറിക്കളും പഴങ്ങളുമൊക്കെ പോകുന്നത്.
 വനപ്രദേശമാണെങ്കിലും ഇവിടെ വന്യ മൃഗങ്ങളുടെ ശല്യമില്ല.ചുറ്റും മലനിരകളും പാറക്കെട്ടുകളും നിറഞ്ഞ കൊട്ടാക്കമ്പൂർ മനോഹരമായ പ്രദേശമാണ്. മൂന്നാറിൽ നാലു ഡിഗ്രി സെൽഷ്യസാണ് താപനിലയെങ്കിൽ ഇവിടെ അത് മിക്കവാറും പൂജ്യമായിരിക്കും. ശീതകാല പച്ചക്കറികളുടെ കേന്ദ്രം കൂടിയാണ് ഈ സുന്ദര ഗ്രാമം.മലമുകളിൽ നിന്നും പൈപ്പ് വഴിയാണ് ഇവിടുത്തെ കൃഷിയിടങ്ങളിലേക്ക് ജലമെത്തിക്കുന്നത്.
മൂന്നാറിൽ നിന്ന് മാട്ടുപെട്ടി – കുണ്ടള – ടോപ്പ് സ്റ്റേഷൻ വഴി വട്ടവടയും, കോവിലൂരും പിന്നിട്ടു വേണം കൊട്ടാക്കമ്പൂർ എത്താൻ. മഞ്ഞു പുതച്ച തണുത്ത വഴിയിലൂടെ അവിടേക്കുള്ള യാത്ര തന്നെ മനോഹരമാണ്. ‘നായാട്ട് ‘ എന്ന ചിത്രത്തിൽ വളരെ മനോഹരമായി ഈ പ്രദേശങ്ങൾ ചിത്രീകരിച്ചിരിക്കുന്നു.സിനിമയുടെ മുക്കാൽ പങ്കും മൂന്നാറും വട്ടവടയും കൊട്ടാക്കമ്പൂരുമാണ് ഷൂട്ട് ചെയ്തിരിക്കുന്നത്.ഇവിടെ നിന്നും കുറച്ചു ദൂരം പോയാൽ കൊടൈക്കനാലിൽ എത്താം.പക്ഷേ വഴി ഇന്ന് സഞ്ചാരയോഗ്യമല്ല.
 കൊടൈക്കനാലും മൂന്നാറും തമ്മിലുള്ള യാത്രാ അകലം വാസ്തവത്തിൽ വെറും 13 കിലോമീറ്ററാണ്.എന്നാൽ തമിഴ്നാട് ഭാഗത്ത് കൊടൈക്കനാലിന് സമീപമുള്ള ബെരിജം തടാകം മുതൽ പടിഞ്ഞാറോട്ട് കേരളാ അതിർത്തി വരെ ഇന്ന് വാഹന ഗതാഗതം സാധ്യമല്ല. കാരണം ഈ ഭാഗത്തുകൂടിയുള്ള യാത്ര തടയുന്നതിനായി തമിഴ്നാട് സർക്കാർ ധാരാളം  ട്രഞ്ചുകൾ ഇവിടെ കുഴിച്ചിട്ടുണ്ട്. വെറും 13 കിലോമീറ്റർ ഭാഗത്തെ ട്രഞ്ചുകൾ നികത്തി, റോഡിൽ വളർന്നു കിടക്കുന്ന കാടുകളും പടർപ്പുകളും നീക്കം ചെയ്ത് പാത നവീകരിച്ചാൽ മൂന്നാർ കൊടൈക്കനാൽ യാത്ര വളരെ എളുപ്പം സാധ്യമാകും.ഈ പാതയാണ് ബ്രിട്ടീഷ് കാലത്തെ ഐതിഹാസികമായ എസ്കേപ്പ് റോഡ്.
 ഇപ്പോൾ മൂന്നാറിൽ നിന്നുമുള്ള യാത്രക്കാർ വട്ടവട – കോവിലൂർ – കടവരി – കിളിവരൈ വഴിയാണ് കൊടൈക്കനാലിൽ എത്തുന്നത്. പക്ഷെ കിലോമീറ്റർ കുറെയേറെ ഓടേണ്ടി വരും എന്നുമാത്രം!
കൊട്ടകമ്പൂർ, വട്ടവട ഗ്രാമങ്ങൾ ഉൾപ്പെടുന്ന 32 ചതുരശ്ര കി.മി ഇന്ന് നീലക്കുറിഞ്ഞി സംരക്ഷണ ഉദ്യാനത്തിന്റെ ഭാഗമാണ്.
കേരളത്തിൽ വണ്ടി ചെല്ലുന്ന അവസാനത്തെ ഗ്രാമം കൂടിയാണ് കൊട്ടകമ്പൂർ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: